
ദുബൈ: ദുബൈ നഗരഹൃദയത്തിലൂടെ ഒരു സ്വകാര്യ സ്കൂള്‍ ബസിന്‍റെ ഡ്രൈവർ സീറ്റിലിരുന്ന് വാഹനം ഓടിക്കുന്ന മലയാളിയായ സുജ തങ്കച്ചൻ. കൊല്ലത്ത് നിന്നും ബസ് കണ്ടക്ടർ ജോലിക്കായി ദുബൈയിലേക്ക് വിമാനം കയറിയ സുജയെ ജീവിതം എത്തിച്ചത് മറ്റൊരു ദിശയിൽ. ജീവിതത്തിലെ കയറ്റിറക്കങ്ങള്‍ക്കിടയില്‍ പതറാതെ പൊരുതിയ സുജ ഇന്ന് 'ടോപ് ഗിയറി'ലാണ്, ദുബൈയിലെ എല്ലാ ഡ്രൈവിങ് ലൈസൻസുകളും സ്വന്തമാക്കിയ വനിതയെന്ന അഭിമാനകരമായ നേട്ടവുമായി. കര്‍ശനമായ ട്രാഫിക് നിയമങ്ങള്‍ പിന്തുടരുന്ന യുഎഇ പോലൊരു രാജ്യത്ത് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുമ്പോള്‍ സുജയ്ക്ക് ഉള്ളത് നാട്ടിൽ സ്കൂട്ടർ ഓടിച്ചുള്ള പരിചയം മാത്രം. എന്നാല്‍ ഇന്ന് ഏത് ഹെവി വെഹിക്കിളും സുജ അനായാസമായി ഓടിക്കും. അതിജീവനത്തിന്‍റെ, ആത്മവിശ്വാസത്തിന്‍റെ ആ കഥ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനുമായി പങ്കുവെക്കുകയാണ് സുജ തങ്കച്ചൻ.
കൊല്ലം കുരീപ്പുഴ സ്വദേശിയായ സുജ തങ്കച്ചൻ 2016 ഏപ്രിലിലാണ് ദുബൈയിൽ എത്തിയത്. ഒരു സ്കൂൾ ബസ് കണ്ടക്ടർ ജോലിക്കായാണ് എത്തുന്നത്. നേരിട്ട് കണ്ടക്ടർ ജോലിക്കായി തന്നെ വിസ എടുത്താണ് നാട്ടിൽ നിന്ന് വിമാനം കയറിയത്. മികച്ച ജീവിതം തേടി ദുബൈയിലെത്തിയ സുജ സ്കൂള്‍ ബസ് കണ്ടക്ടറായി ജോലിയില്‍ പ്രവേശിച്ചു. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും മനസ്സില്‍ പണ്ടേ പതിഞ്ഞ ഡ്രൈവർ സീറ്റ് സുജയെ വീണ്ടും മോഹിപ്പിച്ചു. എപ്പോഴോ ഉള്ളിന്‍റെ ഉള്ളില്‍ വളയം പിടിക്കണമെന്ന ആഗ്രഹം സുജക്കുണ്ടായിരുന്നു. ഡ്രൈവറാകണമെന്ന ആഗ്രഹവും മെച്ചപ്പെട്ട ശമ്പളം ലഭിക്കുമെന്നതും സുജയെ ഡ്രൈവിങ് സീറ്റിലെത്തിച്ചു. കര്‍ശനമായ ഗതാഗത നിയമങ്ങളുള്ള യുഎഇയില്‍ സുജയുടെ ആഗ്രഹത്തിന് കരുത്തായി നഴ്സായ സഹോദരനും ജോലി ചെയ്ത സ്കൂളിലെ അധികൃതരും ഒപ്പം നിന്നതോടെ ലേണിങ് സെന്‍ററിലേക്ക് സുജ എത്തി.
യുഎഇയിൽ ലൈസൻസ് എടുക്കാൻ നല്ല ബുദ്ധിമുട്ടാണ്. ടെസ്റ്റുകളൊക്കെ ഭയങ്കര ടഫ് ആണ്. വളരെ ചെറിയ തെറ്റുകൾക്ക് പോലും ടെസ്റ്റില്‍ പരാജയപ്പെടാറുണ്ട്. അത് വലിയ ബുദ്ധിമുട്ടുള്ള കാര്യം ആയിരുന്നെന്നും പണം കൂടുതൽ ചെലവാകുമെന്നും സുജ പറയുന്നു. സ്കൂൾ ബസ് കണ്ടക്ടറുടെ സീറ്റില്‍ നിന്ന് ഡ്രൈവർ സീറ്റിലേക്ക് എത്തണമെന്ന് അതിയായ ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ ആദ്യം ബസിന്‍റെ ലൈസന്‍സിന് വേണ്ടിയാണ് അപേക്ഷിച്ചത്. ഹെവി ബസ് ലൈസൻസ് ടെസ്റ്റില്‍ ആറ് തവണ പരാജയപ്പെട്ടു. എന്നാല്‍ അവിടം കൊണ്ട് ബ്രേക്കിടാൻ സുജ തയ്യാറായിരുന്നില്ല. ഏഴാം തവണത്തെ ശ്രമം വിജയം കണ്ടു. പരാജയം ഊർജ്ജമാക്കി സുജ യുഎഇയിൽ ഹെവി ബസ് ലൈസൻസ് സ്വന്തമാക്കി. രണ്ടാമത് കാർ, ലൈറ്റ് മോട്ടോർ വെഹിക്കിൾ എടുത്തു. മൂന്നാമതായി ബൈക്ക് ലൈസൻസും സ്വന്തമാക്കി. നാലാമതായി ഹെവി ട്രക്ക് ലൈസൻസും സുജ നേടിയെടുത്തു.
ടെസ്റ്റുകൾ പലവിധം
ഡ്രൈവിങ് ലൈസൻസിന് ആദ്യം തിയറി ടെസ്റ്റ് പാസ്സാകണം. പിന്നെ പാർക്കിംഗ്, ഹില്ല്. പിന്നെ ഒരു ട്രെയിലറിന്‍റെ ടെസ്റ്റ് ആണെങ്കിൽ മീറ്റർ ടെസ്റ്റ് ഉണ്ട്. റോപ്പ് വെച്ചിട്ട് ടൈറ്റ് ചെയ്യണം, ബെൽറ്റ് ടൈറ്റ് ചെയ്യണം അങ്ങനെ കുറെ ടെസ്റ്റുകളുണ്ട്. അവരൊരു മീറ്റർ ഒക്കെ ഹൈറ്റിൽ വെച്ചിട്ട് ചോദിക്കും എത്ര ഹൈറ്റ് ആണ് ഇത്, എത്രയുണ്ട്, എത്ര മീറ്റർ ഉണ്ട് എന്നൊക്കെ. അതൊക്കെ ശരിയായി പറയണം. എന്തെങ്കിലും ഒന്ന് തെറ്റിച്ച് പറഞ്ഞു കഴിഞ്ഞാൽ പരാജയപ്പെടും. പിന്നെ അത് കഴിഞ്ഞ് അസ്സസ്മെന്റ് ടെസ്റ്റ് ഉണ്ട്. അതിന് ശേഷം ഫൈനൽ ടെസ്റ്റ്. ട്രെയിലറിന് മാത്രമേയുള്ളൂ ഈ മീറ്റർ ടെസ്റ്റ് എന്ന് പറയുന്നത്. ബാക്കിയെല്ലാ ടെസ്റ്റുകളും ഒരുപോലെയാണ്. പിന്നെ ടൂ വീലർ ടെസ്റ്റ് എന്ന് പറഞ്ഞാൽ നമ്മുടെ നാട്ടിൽ പോലെ എട്ടൊന്നുമല്ല എടുക്കുന്നത്. ഇവിടെ അതിന് കുറേ കടമ്പയുണ്ട്. ദുബൈയുടെ ബൈക്ക് ടെസ്റ്റ് എന്ന് പറഞ്ഞ് യൂട്യൂബിൽ നോക്കിക്കഴിഞ്ഞാൽ അറിയാൻ പറ്റും. കുറേ കാര്യങ്ങളുണ്ട് അതിൽ. ടെസ്റ്റുകളില്‍ ബൈക്കാണ് ഏറ്റവും കൂടുതൽ പ്രയാസം ആയി തോന്നിയത്. ബൈക്കിന്റെ ടെസ്റ്റ് അത്രയും ബുദ്ധിമുട്ടാണ് ദുബൈയിൽ.
ഹെവി ബസ് ലൈസൻസിൽ തുടക്കം
യുഎഇയിലെ എന്‍റെ ആദ്യ ലൈസൻസ് ആണ് ഹെവി ബസ്. അത് തിയറി ടെസ്റ്റ് ഫസ്റ്റ് ചാൻസിൽ എടുത്ത് ഹില്ല് സെക്കൻഡ് ചാൻസിൽ എടുത്ത് പാസ്സായി. പാർക്കിംഗ് തേർഡ് ചാൻസിലാണ് പാസ്സായത്. അസ്സസ്മെന്റ് സെക്കൻഡ് ചാൻസിൽ പാസ്സായി. ഫൈനൽ ടെസ്റ്റ്, ആർടിഎ ടെസ്റ്റ് പാസ്സായത് ഏഴാമത്തെ ചാൻസിലാണ്. അത് കഴിഞ്ഞിട്ട് എടുക്കുന്നത് കാറാണ്. കാറിന്‍റേത് ഫസ്റ്റ് ചാൻസിൽ പാസ്സായി എല്ലാം. അത് കഴിഞ്ഞ് ടു വീലർ ലൈസൻസ് എടുത്തു. ടു വീലർ ലൈസൻസ് തിയറി ടെസ്റ്റ് ആയാലും അസ്സസ്മെന്‍റ് ആയാലും എല്ലാം ഫസ്റ്റ് ചാൻസിൽ എടുത്തു. പക്ഷെ ഫൈനൽ ടെസ്റ്റിൽ ബൈക്ക് ഞാൻ മൂന്നാമത്തെ ശ്രമത്തിലാണ് പാസ്സാവുന്നത്. അത് കഴിഞ്ഞിട്ട് എടുക്കുന്നത് ഹെവി ട്രക്ക് ലൈസൻസ് ആണ്.
നാട്ടിൽ സ്കൂട്ടർ ഓടിച്ച പരിചയം
നാട്ടിൽ സ്കൂട്ടർ ലൈസൻസ് മാത്രമേ ഉള്ളൂ. വേറെ ഒരു ലൈസൻസും ഇല്ല. ഡ്രൈവിങ് എല്ലായിടത്തും വലിയ പ്രശ്നമായിട്ട് തോന്നിയിട്ടില്ല. എന്നാല്‍ നിയമങ്ങള്‍ കൂടുതൽ കര്‍ശനം ദുബൈയിലാണ്. നാട്ടിൽ ലൈസൻസ് ഇല്ലാത്തതുകൊണ്ട് യുഎഇ ലൈസൻസ് ഇന്‍റർനാഷണൽ ലൈസൻസ് ആക്കിയാണ് വണ്ടി ഓടിച്ചിട്ടുള്ളത്.
പ്രചോദനമായത് അമ്മാവൻ
വണ്ടികളോട് ചെറുപ്പം മുതൽക്കെ പ്രിയമുണ്ട്. നാട്ടിൽ ഡ്രൈവറായ അമ്മാവനെ കണ്ട് വളര്‍ന്ന ബാല്യകാലമാണ് ഡ്രൈവറാകണമെന്ന സ്വപ്നത്തിന് നാമ്പിട്ടത്. എനിക്ക് 14 വയസ്സുള്ളപ്പോഴാണ് അങ്കിൾ ഫ്രെഡി ജോൺ മരണപ്പെടുന്നത്. നാട്ടിൽ അറിയപ്പെടുന്ന ഒരു ഡ്രൈവർ ആയിരുന്നു. ഡ്രൈവർ ഫ്രെഡിയുടെ വീടെന്നായിരുന്നു ഞങ്ങളുടെ കുടുംബം തന്നെ അറിയപ്പെട്ടിരുന്നത്. നാട്ടിൽ എല്ലാ വണ്ടികളുടെയും ലൈസൻസ് ഉള്ള അങ്കിളാണ് ഡ്രൈവിംഗിലെ റോൾ മോഡൽ.
ആളുകളുടെ മനോഭാവം
ഒരു സ്ത്രീ ഹെവി വെഹിക്കിൽ ഓടിക്കുമ്പോള്‍ ആളുകളുടെ മനോഭാവം എങ്ങനെയാണെന്നുള്ളതിൽ നാട്ടിലെ സാഹചര്യം എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയിട്ടില്ല. നാട്ടിൽ ഞാൻ ഹെവി വെഹിക്കിൾ ഓടിച്ചിട്ടില്ല. നാട്ടിലെ റോഡിൽ അതിനുള്ള ഭാഗ്യം ഇതുവരെ ഉണ്ടായിട്ടില്ല. ഇവിടെ പക്ഷെ ഡ്രൈവ് ചെയ്തതിൽ എനിക്ക് ഒരുപാട് നല്ല സപ്പോർട്ട് ആണ് കിട്ടിയിട്ടുള്ളത്. പ്രോത്സാഹനങ്ങളാണ് എനിക്ക് കൂടുതൽ ലഭിച്ചിട്ടുള്ളത്. പെടസ്ട്രിയൻ ക്രോസ്സിങ്ങിലൊക്കെ നമ്മൾ ഇങ്ങനെ വണ്ടി നിർത്തുന്ന സമയത്ത് ആൾക്കാർ ക്രോസ് ചെയ്യുന്ന സമയം നമുക്ക് തംസ് അപ്പൊക്കെ തന്ന് പ്രോത്സാഹിപ്പിക്കാറുണ്ട്. ഒരു വനിതയാണ് വണ്ടി ഓടിക്കുന്നതെന്ന് കാണുമ്പോള്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. സ്കൂള്‍ ബസില്‍ വരുന്ന കുട്ടികളുടെ മാതാപിതാക്കളും നല്ല സപ്പോര്‍ട്ട് ആണ്. അവരും പറയും ആദ്യമായിട്ടാണ് ഒരു ലേഡി സ്കൂൾ ബസ് ഡ്രൈവറിനെ കാണുന്നതെന്ന്. ചില കുട്ടികളുടെ അമ്മമാര് പറയും എന്തായാലും ലേഡി ഡ്രൈവർ ആയതുകൊണ്ട് ഞങ്ങൾക്ക് ഒരു സമാധാനമുണ്ട് എന്നൊക്കെ. എനിക്ക് നല്ല അനുഭവങ്ങളാണ് കിട്ടിയിട്ടുള്ളത്. ഒരു മോശം അനുഭവം ഇതുവരെ യുഎഇയിൽ നിന്ന് കിട്ടിയിട്ടില്ല.
സ്കൂളിലെ പിന്തുണ
ജോലി ചെയ്യുന്ന സ്കൂളിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നത്. കൂടെ ജോലി ചെയ്യുന്നവരുടെ പിന്തുണ ഉണ്ടെങ്കിലെ നമുക്കും സമാധാനമുണ്ടാകൂ. നല്ല രീതിയിൽ പിന്തുണ തന്നിട്ടുണ്ട്. ഒരു റൂട്ടിലൊക്കെ ആദ്യമായിട്ട് ബസ് ഓടിക്കുമ്പോള്‍ നമുക്ക് എന്തായാലും ഒരു ടെൻഷൻ കാണും. സ്കൂൾ ഓപ്പൺ ആവുന്നതിന് മുമ്പേ അറിയാൻ പറ്റും ഏത് റൂട്ടാണ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നൊക്കെ. അതിന് കൃത്യമായ ട്രെയിനിങ് തരുന്നത് അവിടെയുള്ള സീനിയർ ആയിട്ടുള്ള ഡ്രൈവേഴ്സ് ആയിരിക്കും. അങ്ങനെ കുറെ മലയാളികളും പിന്തുണച്ചിട്ടുണ്ട്. ഒരു മോശം അനുഭവം ഇതുവരെ എനിക്ക് ആരിൽ നിന്നും അങ്ങനെ പ്രത്യേകിച്ച് മലയാളികളിൽ നിന്നും ഒട്ടും ഉണ്ടായിട്ടില്ല.
കുടുംബം
പപ്പയുടെ പേര് തങ്കച്ചൻ എന്നാണ്. പപ്പയും ദുബൈയിലാണ് ജോലി ചെയ്തിരുന്നത്. പപ്പയും അമ്മയും സഹോദരനും സഹോദരന്‍റെ ഭാര്യയും മക്കളും അടങ്ങുന്നതാണ് കുടുംബം. അമ്മ ഹൗസ് വൈഫ് ആണ്. ഗ്രേസി. സഹോദരന്‍റെ പേര് ഡൊമിനിക് പോൾ. യു കെയിൽ നഴ്സ് ആണ്. സഹോദരന് രണ്ട് കുട്ടികളുമുണ്ട്.
സ്കൂൾ ബസ് ഡ്രൈവർ
സ്കൂൾ ബസ് ഡ്രൈവറായുള്ള ജോലി കുറച്ച് റിസ്കിയാണ് എങ്കിലും നമുക്ക് എൻജോയ് ചെയ്യാൻ പറ്റുന്ന ഒരു ജോലിയാണ്. ടെൻഷനുണ്ടെങ്കിലും അത്രയും തന്നെ ആസ്വദിക്കാനും പറ്റുന്ന ജോലിയാണ്. കുട്ടികളെ സമയത്തിന് എത്തിക്കുകയും അവരുടെ സുരക്ഷ ശ്രദ്ധിക്കുകയും വേണം. സ്കൂളിലായാലും കൃത്യ സമയത്ത് എത്തിക്കണം. തിരിച്ച് വീട്ടിൽ എത്തിക്കുമ്പോഴും അതേപോലെ കൃത്യസമയത്ത് എത്തിക്കണം. ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കരുത്. കുട്ടികളുമായിട്ടുള്ള ജോലിയായതുകൊണ്ട് എവിടെ ആയാലും നമുക്ക് ആസ്വദിക്കാൻ പറ്റും. കുട്ടികളുടെ കുസൃതിയും കളികളും എല്ലാം ആസ്വദിക്കാൻ സാധിക്കും. ആസ്വദിക്കാൻ പറ്റുന്ന ഒരു ജോലിയാണ്.
ആഗ്രഹം
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും റോഡിൽ ഡ്രൈവിംഗ് എക്സ്പീരിയൻസ് ചെയ്യണമെന്നതാണ് ആഗ്രഹം. ഒരു 20 കിലോമീറ്റർ മിനിമം ഒരു 10 കിലോമീറ്റർ എങ്കിലും ഒന്ന് ഡ്രൈവ് ചെയ്ത് അവിടുത്തെ ഡ്രൈവിംഗ് എക്സ്പീരിയൻസ് ചെയ്യണം. അതാണ് എന്‍റെ സ്വപ്നം. ഇന്ത്യയിലെ എല്ലാ ഡ്രൈവിങ് ലൈസൻസുകളും നേടണമെന്നതും ആഗ്രഹമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam