
അബുദാബി: യുഎഇയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പരിശോധനാ സംവിധാനം വികസിപ്പിച്ച് ഒരു സംഘം ഗവേഷകര്‍. കൃത്യമായ പരിശോധനാ ഫലം വളരെ വേഗത്തില്‍ ലഭ്യമാകും എന്ന് അവകാശപ്പെടുന്ന പോര്‍ട്ടബിള്‍ കൊവിഡ് 19 പരിശോധനാ കിറ്റ് അബുദാബി ഖലീഫ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് വികസിപ്പിച്ചത്.
45 മിനിറ്റിനുള്ളില്‍ ഫലം അറിയാന്‍ സാധിക്കുന്ന തരത്തില്‍ വികസിപ്പിച്ച കിറ്റിന് ഒരു സ്മാര്‍ട്ട് ഫോണിന്റെയത്ര വലിപ്പം മാത്രമെ ഉള്ളൂവെന്നും പിസിആര്‍ രീതി അടിസ്ഥാനമാക്കിയാണ് പരിശോധനാ ഫലം നിര്‍ണിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. കൃത്യവും വേഗമേറിയതും ചെലവ് കുറഞ്ഞതുമാണ് പുതിയ പരിശോധനാ രീതിയെന്ന് ഇവര്‍ അവകാശപ്പെടുന്നു. ഇതിന്റെ പ്രാഥമിക ഫലങ്ങള്‍ വിജയകരമായിരുന്നെന്നും നിലവില്‍ മൂക്കില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നതെന്നും ഖലീഫ യൂണിവേഴ്‌സിറ്റി എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുല്‍ത്താന്‍ അല്‍ ഹമ്മദിയെ ഉദ്ധരിച്ച് 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
പുതിയ സംവിധാനത്തിന്‍റെ വേഗത, ഫലപ്രാപ്തി, കൃത്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള ലബോറട്ടറി സ്റ്റാന്‍ഡേര്‍ഡ്‌സ് അച്ചീവ്‌മെന്റ് പരിശോധനയുടെ ഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
വരും ദിവസങ്ങളില്‍ ഉമിനീര്‍ സാമ്പിളുകളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരിശോധനാ കിറ്റിന്റെ ക്ലിനിക്കല്‍ സാധുത ഉറപ്പാക്കുന്ന ഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നും 45 മിനിറ്റിനുള്ളില്‍ ഫലം ലഭ്യമാകുന്ന ഈ സംവിധാനം കൊവിഡ് പോരാട്ടത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടിയന്തര സേവന വിഭാഗങ്ങള്‍ക്കും സഹായകരമാകുമെന്ന് ഖലീഫ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും മൈക്രോഫ്‌ലൂയിഡിക്‌സ് ലാബിന്റെ സ്ഥാപകനുമായ അനസ് അലസ്സാം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ