അബുദാബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നു

By Web TeamFirst Published Jun 29, 2021, 11:02 AM IST
Highlights

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെയും ഭാഗമായാണ് ഇത്തരമൊരു തീരുമാനം. വാക്സിനെടുക്കാന്‍ യോഗ്യരായവരില്‍ 93 ശതമാനത്തിലധികം പേര്‍ക്കും അബുദാബിയില്‍ ഇതോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടുമുണ്ട്.

അബുദാബി: പൊതുസ്ഥലങ്ങളിലെ പ്രവേശനം വാക്സിനെടുത്തവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള പദ്ധതിയുമായി അബുദാബി. എമിറേറ്റിലെ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ആദ്യ ഘട്ടമായി 2020 ഓഗസ്റ്റ് 20 മുതല്‍ പ്രധാന പൊതുസ്ഥലങ്ങളില്‍ വാക്സിനെടുത്തവര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കും.

കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെയും ഭാഗമായാണ് ഇത്തരമൊരു തീരുമാനം. വാക്സിനെടുക്കാന്‍ യോഗ്യരായവരില്‍ 93 ശതമാനത്തിലധികം പേര്‍ക്കും അബുദാബിയില്‍ ഇതോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞിട്ടുമുണ്ട്.

ആദ്യഘട്ടമായി ഷോപ്പിങ് സെന്ററുകള്‍, കഫേകള്‍, ഷോപ്പിങ് സെന്ററുകള്‍ക്ക് അകത്ത് പ്രവര്‍ത്തിക്കുന്നതല്ലാത്ത മറ്റ് റീട്ടെയില്‍ ഔട്ട്‍ലെറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും നിയന്ത്രണം കൊണ്ടുവരിക. എന്നാല്‍ ഫാര്‍മസികളെയും അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളെയും ഇതില്‍ നിന്ന് ഒഴിവാക്കും. ജിമ്മുകള്‍, റിക്രിയേഷന്‍ സെന്ററുകള്‍, സ്‍പോര്‍ട്സ് സെന്ററുകള്‍, ഹെല്‍ത്ത് ക്ലബ്ബുകള്‍, റിസോര്‍ട്ടുകള്‍, മ്യൂസിയങ്ങള്‍, കള്‍ച്ചറല്‍ സെന്റര്‍‍, തീം പാര്‍ക്ക്, യൂണിവേഴിസിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ സ്‍കൂളുകള്‍, കുട്ടികളുടെ നഴ്‍സറികള്‍ തുടങ്ങിയ സ്ഥലങ്ങളും ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടും. 

വാക്സിനെടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്ക് നിയന്ത്രണത്തില്‍ ഇളവ് ലഭിക്കും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കണം. 15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും നിയന്ത്രണം ബാധകമല്ല.

click me!