അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍

By Web TeamFirst Published Jul 5, 2020, 10:40 AM IST
Highlights

പരിശോധനാ ഫലം ലഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മടങ്ങി വരുന്നതെങ്കില്‍ അവര് അബുദാബിക്ക് പുറത്തുവെച്ച് പുതിയ പരിശോധനയ്ക്ക് വിധേയമാവുകയും അതിന്റെ റിസള്‍ട്ട് അതിര്‍ത്തിയില്‍ കാണിക്കുകയും വേണം. 

അബുദാബി: കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്കരിച്ചു. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് അബുദാബിയില്‍ നിന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും മടങ്ങി വരുമ്പോള്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത് കാണിക്കുകയും ചെയ്യാം. നേരത്തെ അബുദാബിക്ക് പുറത്ത് നിന്നുള്ള പരിശോധനാ ഫലം മാത്രമേ പ്രവേശനത്തിന് അനുമതിയ്ക്കായി സ്വീകരിച്ചിരുന്നുള്ളൂ.

ശനിയാഴ്ച രാത്രിയാണ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് അബുദാബി മീഡിയാ ഓഫീസ് അറിയിപ്പ് പുറത്തുവിട്ടത്. അബുദാബിയില്‍ നിന്ന് കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം എമിറേറ്റില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് തിരികെ വരുമ്പോള്‍ അതേ പരിശോധനാ ഫലം തന്നെ അതിര്‍ത്തിയില്‍ ഹാജരാക്കി പ്രവേശനം നേടാം. എന്നാല്‍ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനിടയിലുള്ള ഫലങ്ങള്‍ മാത്രമേ സ്വീകരിക്കപ്പെടുകയുള്ളൂ. 

പരിശോധനാ ഫലം ലഭിച്ച് 48 മണിക്കൂറിന് ശേഷമാണ് മടങ്ങി വരുന്നതെങ്കില്‍ അവര് അബുദാബിക്ക് പുറത്തുവെച്ച് പുതിയ പരിശോധനയ്ക്ക് വിധേയമാവുകയും അതിന്റെ റിസള്‍ട്ട് അതിര്‍ത്തിയില്‍ കാണിക്കുകയും വേണം. അല്‍ ഹുസ്‍ന്‍ ആപ് വഴിയോ അല്ലെങ്കില്‍ ടെക്സ്റ്റ് മെസേജ് വഴിയോ ഉള്ള റിസള്‍ട്ടാണ് ആവശ്യം. യുഎഇ നാഷണല്‍ സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായ ഏത് ആശുപത്രികളില്‍ നിന്നും ടെസ്റ്റിങ് സെന്ററുകളില്‍ നിന്നുമുള്ള ഫലങ്ങള്‍ സ്വീകരിക്കും. 

click me!