യുഎഇയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് അപകടം; പ്രവാസി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

By Web TeamFirst Published May 27, 2021, 10:52 PM IST
Highlights

വിവരമറിഞ്ഞെത്തിയ പൊലീസ് പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. അപകടസാധ്യത ഒഴിവാക്കാന്‍ കെട്ടിടത്തിലെ 50ഓളം അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

ഷാര്‍ജ: ഷാര്‍ജയില്‍ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു ഏഷ്യക്കാരന്‍ മരിച്ചു. രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസര്‍ സ്ട്രീറ്റിലായിരുന്നു സംഭവം.

അല്‍ വഹ്ദ റോഡിലെ 22 നിലകളുള്ള പാര്‍പ്പിട കെട്ടിടത്തിലെ എയര്‍ കണ്ടീഷണര്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മൂന്നുപേരാണ് അറ്റകുറ്റപ്പണിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഒരാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് പരിക്കേറ്റവരെ അല്‍ ഖാസിമി ആശുപത്രിയിലേക്ക് മാറ്റി. അപകടസാധ്യത ഒഴിവാക്കാന്‍ കെട്ടിടത്തിലെ 50ഓളം അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ഫോറന്‍സിക് വിദഗ്ധരും സിവില്‍ ഡിഫന്‍സ് സംഘവും പൊലീസ് പട്രോള്‍ സംഘവും അപകടം ഉണ്ടായിടത്ത് എത്തിയിരുന്നു. മരിച്ച തൊഴിലാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് മാറ്റി. ബുഹൈറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!