സ്‌കൂള്‍ ജീവനക്കാരെ വെടിവെച്ച് കൊന്നു; സൗദിയില്‍ വിദേശിയുടെ വധശിക്ഷ നടപ്പാക്കി

By Web TeamFirst Published Dec 28, 2020, 1:20 PM IST
Highlights

സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടതോടെ പ്രതി പെട്ടെന്നൊരു ദിവസം സ്‌കൂളില്‍ എത്തുകയും സഹപ്രവര്‍ത്തകരായിരുന്ന മൂന്ന് പേര്‍ക്ക് നേരെ പ്രകോപനമൊന്നും ഇല്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ സ്വകാര്യ സ്‌കൂളില്‍ രണ്ട് ജീവനക്കാരെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വദേശിയായ അബ്ദുല്‍ അസീസ് ബിന്‍ ഫൈഹാന്‍ അല്‍ഉതൈബി, പലസ്തീന്‍ പൗരന്‍ മുഹമ്മദ് ഇസ്മയില്‍ അല്‍ദവീ എന്നിവരെ വെടിവെച്ചു കൊലപ്പെടുത്തിയ ഇറാഖി പൗരനായ ഉസാമ ഫൈസല്‍ നജമിന്റെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

2017ലായിരുന്നു രാജ്യത്തെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സംഭവം നടക്കുന്നതിന് നാലു വര്‍ഷം മുമ്പ് വരെ സ്‌കൂളിലെ ജീവനക്കാരനായിരുന്നു പ്രതി. സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടതോടെ പ്രതി പെട്ടെന്നൊരു ദിവസം സ്‌കൂളില്‍ എത്തുകയും സഹപ്രവര്‍ത്തകരായിരുന്ന മൂന്ന് പേര്‍ക്ക് നേരെ പ്രകോപനമൊന്നും ഇല്ലാതെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. 

കൃത്യത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഒരു മാസത്തിനുള്ളില്‍ സുരക്ഷാ വിഭാഗം പിടികൂടി. വേഷവും രൂപവും മാറി ജീവിക്കുകയായിരുന്നു ഇയാള്‍. കേസന്വേഷണത്തില്‍ കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് റിയാദ് ക്രിമിനല്‍ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. ഈ വിധി അപ്പീല്‍ കോടതിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലും ശരിവെച്ചതോടെയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. 
 

click me!