സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്ച കൂടി നീട്ടി

By Web TeamFirst Published Dec 28, 2020, 10:47 AM IST
Highlights

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ സമയം ലഭിക്കാനാണ് യാത്രാവിലക്ക് നീട്ടിയത്.

റിയാദ്: കര,സമുദ്ര,വ്യോമ മാര്‍ഗങ്ങളിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ഒരാഴ്ച കൂടി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതു പ്രകാരം പുറമെ നിന്ന് ആർക്കും ഒരാഴ്ചത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കാനാകില്ല. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമെ വിലക്കില്‍ ഇളവ് ലഭിക്കൂ.  

രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും കൂടുതല്‍ സമയം ലഭിക്കാനാണ് യാത്രാവിലക്ക് നീട്ടിയത്. ഡിസംബര്‍ 20നാണ് സൗദിയില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്.  വിവിധ രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. എന്നാല്‍ കാര്‍ഗോ സര്‍വീസുകളെയും വിതരണ ശൃംഖലകളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

അതേസമയം സൗദി അറേബ്യയിലുള്ള വിദേശികൾക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയതായി സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഞായറാഴ്ച പുറത്തുവിട്ട സർക്കുലറില്‍ അറിയിച്ചു. സൗദിക്കകത്തുള്ള വിദേശികൾക്ക് ചാർട്ടേഡ് വിമാനങ്ങളിൽ പ്രോട്ടോകോൾ പാലിച്ച് നാട്ടിലേക്ക് മടങ്ങാം.  ഇതോടെ വന്ദേഭാരത് സർവീസുകൾക്കും തുടങ്ങാനായേക്കും. നിലവിൽ രാജ്യത്തുള്ള സൗദി പൗരന്മാരല്ലാത്ത  എല്ലാവരെയും കൊവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് യാത്ര ചെയ്യിക്കാൻ വിമാന കമ്പനികൾക്ക് അനുമതി നൽകിയിട്ടുണ്ട്​​. 

ഇതിനായി ചാർട്ടേർഡ് വിമാനങ്ങൾ കർശന പ്രോട്ടോകോൾ പാലിച്ച് അനുവദിക്കും. ഒരാഴ്ചക്ക് ശേഷം സ്ഥിതി പരിശോധിച്ച് തീരുമാനം പിൻവലിക്കും. ജനിതക മാറ്റം സംഭവിച്ച കോവിഡ് സൗദിയിൽ കണ്ടെത്തിയിട്ടില്ല. കോവിഡ് വാക്സിൻ അതിവേഗത്തിൽ നൽകുന്നുണ്ട്. ഏഴ് ലക്ഷം പേർ ഇതിനായി രജിസ്റ്റർ  ചെയ്തു കഴിഞ്ഞു. സൗദി ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിൻ ദൗത്യം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് കരുതലിന്റെ ഭാഗമായി ഒരാഴ്ച കൂടി  അതിർത്തികളടച്ചിട്ടത്. ഇതോടെ സൗദിയിലേക്കെത്താൻ വിദേശത്ത് കുടങ്ങിയ പ്രവാസികൾ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും.

click me!