ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; പ്രവാസിയുടെ വിചാരണ തുടങ്ങി

By Web TeamFirst Published May 6, 2021, 10:01 PM IST
Highlights

ഭാര്യയെയും 12ഉം 13ഉം വയസ്സുള്ള മക്കളെയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

അജ്മാന്‍: അജ്മാനില്‍ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അഫ്ഗാന്‍ സ്വദേശിയുടെ വിചാരണ അജ്മാന്‍ ക്രിമിനല്‍ കോടതിയില്‍ തുടങ്ങി. കൊലപാതകത്തിന് ശേഷം അഫ്ഗാനിലേക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് അറസ്റ്റ് ചെയ്ത് യുഎഇയിലെത്തിച്ചത്.

2019 ഡിസംബറില്‍ അജ്മാനിലെ അല്‍ റാഷിദിയയിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം ഉണ്ടായത്. ഭാര്യയെയും 12ഉം 13ഉം വയസ്സുള്ള മക്കളെയും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷം പ്രതി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന ഭാര്യാമാതാവാണ് കൊലപാതക വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി തൊട്ടടുത്ത മുറിയില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിയുടെ മൂന്നു വയസ്സുള്ള മകളെ ഖലീഫ ആശുപത്രിയിലെത്തിച്ചു. ഇതിന് ശേഷം കുട്ടിയെ യുവതിയുടെ മാതാവിന് കൈമാറി. യുവതിയുടെ 10 വയസ്സുള്ള മകളാണ് കേസിലെ രണ്ടാം സാക്ഷി.

പിതാവ് അമ്മയെയും സഹോദരിമാരെയും കൊലപ്പെടുത്തിയ വിവരം കുട്ടി പൊലീസിനോട് വിശദമാക്കി. കുട്ടി പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകം പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. ഇതിനാലാണ് ഇയാള്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് വരെ ബുക്ക് ചെയ്തത്. ഇതിന് പുറമെ ഏഴ് വയസ്സുള്ള മകനെ കൃത്യത്തിന് ഒരു ദിവസം മുമ്പ് ബന്ധുവിന്റെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ഭാര്യയുമായി പ്രതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നതായി യുവതിയുടെ മാതാവ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബന്ധുക്കളും ശ്രമിച്ചിരുന്നു. കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്ന പ്രതി മാനസിക നില തകരാറിലായത് പൊലെ പെരുമാറിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 
 

click me!