
അബുദാബി: കാറുകള്‍ വൃത്തിയാക്കാതെ പൊതുസ്ഥലങ്ങളില്‍ ദീര്‍ഘനാള്‍ നിര്‍ത്തിയിട്ടിരുന്നാല്‍ 3000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി മുനിസിപ്പാലിറ്റി. നിശ്ചിത സമയപരിധിക്ക് ശേഷവും വാഹനം എടുത്തുമാറ്റിയില്ലെങ്കില്‍ അവ മുനിസിപ്പാലിറ്റി തന്നെ നീക്കം ചെയ്യുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത്തരം വാഹനങ്ങളെ നിരീക്ഷിച്ച ശേഷം മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും. ഈ കാലയളവില്‍ വാഹനം എടുത്ത് മാറ്റിയില്ലെങ്കില്‍ മുനിസിപ്പാലിറ്റി തന്നെ വാഹനങ്ങള്‍ നീക്കം ചെയ്യും. 3000 ദിര്‍ഹം തന്നെ പിഴ ചുമത്തുമെങ്കിലും വാഹനം പിടിച്ചെടുത്ത് 30 ദിവസത്തിനകം പിഴയടച്ച് തീര്‍പ്പാക്കി വാഹനം മാറ്റുകയാണെങ്കില്‍ 1500 ദിര്‍ഹം പിഴയടച്ചാല്‍ മതിയാവും.
വാഹനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും വൃത്തിഹീനമായി ഉപേക്ഷിക്കുന്ന കാറുകള്‍ ചുറ്റുപാടുകളെ മോശമായി ബാധിക്കുന്നത് സംബന്ധിച്ച് അവബോധം നല്‍കാനുമാണ് പുതിയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അബുദാബിയിലെ മുസഫ ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, മഫ്‍റഖ്, ബനിയാസ്, അല്‍ വത്‍ബ തുടങ്ങിയ പ്രദേശങ്ങളില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam