Covid Precautionary Measures : പുതുവര്‍ഷാഘോഷം; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 3,000 ദിര്‍ഹം പിഴ

By Web TeamFirst Published Dec 29, 2021, 6:52 PM IST
Highlights

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ദുബൈ: പുതുവര്‍ഷാഘോഷങ്ങളുമായി(New Yera celebrations) ബന്ധപ്പെട്ട് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കി ദുബൈ(Dubai). മാസ്‌ക്(mask) ധരിക്കുന്നതടക്കമുള്ള മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്ക് 3,000 ദിര്‍ഹം  പിഴ ചുമത്തുമെന്ന് ദുബൈ ദുരന്ത നിവാരണ സമിതി സുപ്രീം കമ്മറ്റി അറിയിച്ചു. ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റേതാണ് തീരുമാനം. 

Abiding by precautionary measures ensures your safety and protects the community from COVID-19.
Dubai Police reminds the public that failing to wear a mask can bring a fine of AED3,000 pic.twitter.com/yW3lZTdVyA

— Dubai Media Office (@DXBMediaOffice)

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ നിരീക്ഷണം കര്‍ശനമാക്കും. അതേസമയം പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ജനങ്ങള്‍ക്ക് വെടിക്കെട്ട് ആസ്വദിക്കുന്നതിനായി 29 സ്ഥലങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. 

pic.twitter.com/M9AihBYHK8

— Dubai Media Office (@DXBMediaOffice)

 

കൊവിഡ് കേസുകള്‍ കൂടുന്നു; യുഎഇയിലെ സ്‍കൂളുകളില്‍ രണ്ടാഴ്‍ച ഓണ്‍ലൈന്‍ പഠനം

അബുദാബി: യുഎഇയില്‍ (UAE) കൊവിഡ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയില്‍ ക്ലാസുകള്‍ (Remote learning) നടത്തും. ജനുവരി മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ (Second semester classes) ആരംഭിക്കാനിരിക്കവെയാണ് ആദ്യം രണ്ടാഴ്‍ച ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമായിരിക്കുമെന്ന് ചൊവ്വാഴ്‍ച സര്‍ക്കാര്‍ വക്താവ് (Government Spokeperson)അറിയിച്ചത്.

രാജ്യത്തെ സ്‍കൂളുകള്‍, സര്‍വകലാശാലകള്‍, ട്രെയിനിങ് സെന്ററുകള്‍ എന്നിവയ്‍ക്കെല്ലാം പുതിയ അറിയിപ്പ് ബാധകമാണെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. പുതുവര്‍ഷാരംഭം മുതല്‍‌ പൂര്‍ണമായും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍ രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൊവിഡ് കേസുകളില്‍ വലിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഇതില്‍ മാറ്റം വരുത്തിയത്. അതേസമയം സര്‍ക്കാര്‍ സ്‍കൂളുകള്‍ക്ക് മാത്രമാണോ പുതിയ തീരുമാനം ബാധകമെന്ന് വ്യക്തമായിട്ടില്ല.

യുഎഇയില്‍ ഓരോ എമിറേറ്റിനും പ്രത്യേകം ദുരന്ത നിവാരണ വിഭാഗമുള്ളതിനാല്‍ അതത് എമിറേറ്റുകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങളും ഇളവുകളും പ്രത്യേകമായി പ്രഖ്യാപിക്കുകയും ചെയ്യും. അബുദാബിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‍കൂളുകളില്‍ ആദ്യ രണ്ടാഴ്‍ച ഓണ്‍ലൈന്‍ രീതിയിലായിരിക്കും പഠനമെന്ന് അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‍സ് കമ്മിറ്റി അറിയിച്ചു. അതേസമയം ദുബൈയിലെ സ്‍കൂളുകളില്‍ ജനുവരി മൂന്ന് മുതല്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. 

click me!