യുഎഇയില്‍ വാഹനങ്ങളില്‍ അനുവദിക്കപ്പെട്ടതിലധികം ആളുകള്‍ യാത്ര ചെയ്‍താല്‍ 3000 ദിര്‍ഹം പിഴ

By Web TeamFirst Published Aug 21, 2021, 9:55 PM IST
Highlights

കാറുകളിലും പിക്ക് അപ്പ് ട്രക്കുകളിലും ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും അനുവദിക്കപ്പെട്ടതിലധികം പേര്‍ യാത്ര ചെയ്‍താല്‍ 3000 ദിര്‍ഹം പിഴ അടയ്‍ക്കേണ്ടി വരുമെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിരിക്കുന്നത്.

അബുദാബി: യുഎഇയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കുള്ള പിഴ ശിക്ഷകള്‍ അധികൃതര്‍ പുതുക്കി നിശ്ചയിച്ചു. വാഹനങ്ങളില്‍ അനുവദനീയമായതിലധികം പേര്‍ യാത്ര ചെയ്യുന്നതിനുള്‍പ്പെടെയുള്ള നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ ശിക്ഷകള്‍ അധികൃതര്‍ പുറത്തിറക്കിയ പുതിയ അറിയിപ്പില്‍ വ്യക്തമാക്കുന്നു.

കാറുകളിലും പിക്ക് അപ്പ് ട്രക്കുകളിലും ബൈക്കുകളിലും മറ്റ് വാഹനങ്ങളിലും അനുവദിക്കപ്പെട്ടതിലധികം പേര്‍ യാത്ര ചെയ്‍താല്‍ 3000 ദിര്‍ഹം പിഴ അടയ്‍ക്കേണ്ടി വരുമെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിച്ചിരിക്കുന്നത്. ബൈക്കുകളില്‍ വാഹനം ഓടിക്കുന്നയാളിന് മാത്രമാണ് യാത്ര ചെയ്യാന്‍ അനുമതി. പിക്കപ്പ് ട്രക്കുകളില്‍ ഡ്രൈവര്‍ക്കൊപ്പം ഒരു യാത്രക്കാരന് കൂടി സഞ്ചരിക്കാം. മറ്റ് വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും രണ്ട് യാത്രക്കാര്‍ക്കുമാണ് അനുമതിയുള്ളത്. 

ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കും അവരുടെ വീട്ടുജോലിക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും ഈ പരിധിയില്‍ ഇളവ് ലഭിക്കും. വാഹനത്തിനുള്ളില്‍ ഡ്രൈവര്‍ മാത്രമാണെങ്കില്‍ മാസ്‍ക് ധരിക്കേണ്ടതില്ല. അതുപോലെ തന്നെ ഒരു കുടുംബത്തിലെ അംഗങ്ങളും അവരുടെ വീട്ടുജോലിക്കാരും മാത്രമാണ് വാഹനത്തിലുള്ളതെങ്കിലും വാഹനത്തിനുള്ളില്‍ മാസ്‍ക് ധരിക്കേണ്ടതില്ല.

click me!