
മനാമ: ബഹ്റൈനിലെ നീണ്ട രണ്ട് ദശാബ്ദത്തെ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയും കുടുംബവും നാടണഞ്ഞു. പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടെയാണ് കണ്ണൂർ സ്വദേശിയായ അഷ്റഫ്, ഭാര്യ റംഷീദ, രണ്ട് പെൺമക്കൾ എന്നിവർ സ്വന്തം നാടിന്റെ സുരക്ഷയിലേക്ക് മടങ്ങിയത്. 18 വർഷത്തോളം ആരുമറിയാതെ ജീവിച്ചുതീർത്ത ദുരിതത്തിന്റെ കഥയാണ് അഷിറഫിന് പറയാനുള്ളത്.
18 വർഷത്തിലേറെയായി അഷ്റഫും കുടുംബവും ഔദ്യോഗിക രേഖകളില്ലാതെയാണ് ബഹ്റൈനിൽ ജീവിച്ചുപോന്നത്. റിഫയിലുള്ള ചെറിയ വാടകമുറിയ്ക്കുള്ളിലായിരുന്നു താമസം. സാധുവായ വിസയോ പാസ്പോർട്ടോ ഉണ്ടായിരുന്നില്ല. 2013ൽ അഷ്റഫിന്റെ ഭാര്യയുടെയും 2012ൽ മൂത്ത മകളുടെയും വിസ കാലാവധി അവസാനിച്ചതോടെയാണ് തീരാ ദുരിതത്തിലേക്ക് ഇവർ ചെന്നുപെട്ടത്. ബഹ്റൈനിൽ വെച്ച് 2012ലായിരുന്നു ഇളയ മകളായ അറഫ ഫാത്തിമയുടെ ജനനം. എന്നാൽ, മകൾക്ക് പാസ്പോർട്ടോ സിപിആറോ ജനന സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. നിയമ പരമായ തിരിച്ചറിയൽ രേഖകൾ ഇല്ലാതിരുന്നതിനാൽ തന്നെ സ്കൂളിൽ ചേർന്ന് പഠിക്കാനുള്ള അവസരവും അറഫയ്ക്ക് ലഭിച്ചിരുന്നില്ല.
രേഖകളില്ലാത്തതിനാൽ അഷ്റഫിന് ജോലിയുണ്ടായിരുന്നില്ല, കൂടാതെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനും കഴിയാതെയായി. ചെറുകിട ജോലികൾ ചെയ്താണ് അദ്ദേഹം കുടുംബം പുലർത്തിയിരുന്നത്. അറസ്റ്റ് ഭയന്ന് അസുഖം വന്നാൽ പോലും ആശുപത്രിയിൽ പോകാൻ കഴിയാത്ത ദിനങ്ങൾ. ഭയത്തിന്റെ നിഴലിൽ ആയിരുന്നു ഓരോ ദിവസവും അഷ്റഫും കുടുംബവും തള്ളിനീക്കിയിരുന്നത്.
അഷ്റഫിന് വൃക്ക രോഗം ബാധിച്ചതോടെ കുടുംബം കൂടുതൽ ദുരിതത്തിലേക്കാണ്ടു പോയി. രോഗം മൂർച്ഛിച്ചു. സാധുവായ രേഖകളോ പണമോ ഇല്ലാത്തത് ചികിത്സ ലഭിക്കുന്നതിൽ വില്ലനായി മാറി. വൈകാതെ അഷ്റഫിന്റെ ദുരിത ജീവിതത്തെപ്പറ്റി കേട്ടറിഞ്ഞ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തിരുനിലത്ത് സഹായവുമായെത്തുകയായിരുന്നു. അദ്ദേഹം ഡോ.റിതിൻ രാജ്, രാജി ഉണ്ണികൃഷ്ണൻ എന്നിവർ ഉൾപ്പെടുന്ന പിഎൽസി അംഗങ്ങൾക്കൊപ്പം അഷ്റഫിന്റെ കുടുംബത്തെ ദുരിതത്തിൽ നിന്നും കര കയറ്റാൻ പരിശ്രമങ്ങൾ ആരംഭിച്ചു.
അഷ്റഫിനെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അത്യാവശ്യ ചികിത്സ ഉടൻ തന്നെ ഉറപ്പാക്കുകയും ചെയ്തു. കിംസ് ഹെൽത്ത് ആശുപത്രിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ ജേക്കബ് തോമസിന്റെ പിന്തുണയോടെ കുറഞ്ഞ ചെലവിൽ അഷ്റഫിന് ഡയാലിസിസ് ചെയ്തു. മരുന്ന്, ഭക്ഷണം, വാടക തുടങ്ങി അഷ്റഫിനും കുടുംബത്തിനും ആവശ്യമായ എല്ലാവിധ സഹായങ്ങളും പ്രവാസി ലീഗൽ സെൽ ഏറ്റെടുത്ത് ചെയ്തു.
ജനിച്ചത് ബഹ്റൈനിൽ ആണെങ്കിലും ഇളയ കുട്ടിക്ക് ജനന സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. അഡ്വ. താരിഖ് അലോണിന്റെ സഹായത്തോടെ അറഫയ്ക്ക് ജനന സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള നടപടികൾ ആരംഭിച്ചു. പാർലമെന്റ് അംഗമായ ഹസൻ ഈദ് ബുക്കമ്മാസ് ഇടപെട്ടതോടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലായി. ഒടുവിൽ ഇളയ കുട്ടിയുടെ ജനനം ഔദ്യോഗികമായി രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിടുകയായിരുന്നു.
പാസ്പോർട്ട് റിപ്പോർട്ടുകൾ, എമർജൻസി രേഖകൾ, യാത്ര രേഖകൾ തുടങ്ങിയവയെല്ലാം പ്രവാസി ലീഗൽ സെൽ ലഭ്യമാക്കി. എന്നാൽ രേഖകളില്ലാതെ 13 വർഷത്തിലധികം കാലം രാജ്യത്ത് തങ്ങിയതിനാൽ വലിയൊരു തുക പിഴ വന്നു. എന്നാൽ, അഷ്റഫിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ പരിഗണിച്ച് ബഹ്റൈൻ ഇമിഗ്രേഷൻ അതോറിറ്റി പിഴ കുറയ്ക്കുകയും അഷ്റഫിനെയും കുടുംബത്തെയും നാട്ടിലേക്ക് പോകാൻ നിയമപരമായി വഴിയൊരുക്കുകയും ചെയ്തു. ഇവർക്കുള്ള യാത്രാ ചെലവുകൾ ഇന്ത്യൻ എംബസി ചെയ്തുനൽകി. ഒടുവിൽ ഇന്നലെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ അഷ്റഫും കുടുംബവും നാടണഞ്ഞു.
അഷ്റഫിനെയും കുടുംബത്തെയും നാട്ടിലെത്തിക്കുന്നതിനായി അത്യന്തം പരിശ്രമിച്ച പ്രവാസി ലീഗൽ സെൽ അംഗങ്ങളായ ഫൈസൽ പട്ടാണ്ടി, പ്രസന്ന വർധൻ, ഗംഗാധർ റാവു, സാബു ചിറമ്മൽ, ഫസീല തുടങ്ങി എല്ലാവരോടും സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.
ഭയവും നിശബ്ദതയും നിറഞ്ഞ ദുരിത ജീവിതത്തിൽ നിന്നുമാണ് അഷ്റഫും കുടുംബവും പ്രതീക്ഷകളോടെ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. വെറും യാത്രക്കാരായല്ല മറിച്ച് ഇരുൾ നിറഞ്ഞ പ്രവാസ ജീവിതത്തെ അതിജീവിച്ചവരായാണ് ഈ നാലു പേരും സ്വന്തം നാടിന്റെ കരുതലിലേക്കും സ്നേഹത്തിലേക്കും വിമാനമിറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam