യുഎഇയിൽ വിദൂര പഠനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി; രക്ഷിതാക്കൾക്ക് ഫ്ലെക്സിബിൾ റിമോട്ട് വർക്ക് സൗകര്യവും

Published : Mar 17, 2026, 11:42 AM IST
UAE education news

Synopsis

യുഎഇയിലെ നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച്, വസന്തകാല അവധിക്ക് ശേഷം സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രണ്ടാഴ്ചത്തേക്ക് കൂടി വിദൂര പഠനം തുടരുമെന്ന് അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം, അതേസമയം സ്വകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ടുള്ള ക്ലാസുകൾക്കായി അപേക്ഷിക്കാൻ അവസരമുണ്ട്.

ദുബായ്: യുഎഇയിൽ വസന്തകാല അവധി ശേഷം സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രണ്ടാഴ്ചത്തേക്ക് കൂടി വിദൂര പഠനം തുടരുമെന്ന് അധികൃതർ പ്രഖ്യാപിച്ചു. നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വിദ്യാഭ്യാസ പ്രക്രിയ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമാണ് ഈ തീരുമാനം. മൂന്നാം അധ്യയന വർഷത്തിന്റെ തുടക്കത്തിൽ രണ്ടാഴ്ചത്തേക്ക് കൂടി വിദൂര വിദ്യാഭ്യാസം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച അറിയിക്കുകയായിരുന്നു.

എല്ലാവർക്കും നടപടി ബാധകം

രാജ്യത്തെ എല്ലാ നഴ്സറികൾ, കിന്റർഗാർട്ടനുകൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണവിഭാഗം ജീവനക്കാർക്കും ഈ നടപടി ബാധകമാണ്. സാഹചര്യങ്ങൾ ആഴ്ചതോറും വിലയിരുത്തുമെന്നും, വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക സ്കൂൾ ചാനലുകൾ വഴി അറിയിപ്പുകൾ നൽകുമെന്നും അധികൃതർ അറിയിച്ചു. സ്കൂളുകൾ, നഴ്സറികൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആവശ്യാനുസരണം നേരിട്ടുള്ള ക്ലാസുകളിലേക്ക് മടങ്ങുന്നതിനായി അപേക്ഷ സമർപ്പിക്കാനും അനുമതി നൽകിയിട്ടുണ്ട്. പ്രവർത്തന സാഹചര്യങ്ങളും വിദ്യാഭ്യാസപരമായ ആവശ്യകതകളും കണക്കിലെടുത്ത്, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഈ അപേക്ഷകൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും.

ഫ്ലെക്സിബിൾ റിമോട്ട് വർക്ക് സൗകര്യം

'ഇയർ ഓഫ് ദി ഫാമിലി' സംരംഭത്തിന്റെ ഭാഗമായി, കുട്ടികളെ പരിചരിക്കേണ്ടി വരുന്ന ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ഫ്ലെക്സിബിൾ റിമോട്ട് വർക്ക് സൗകര്യം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് പ്രഖ്യാപിച്ചിട്ടുണ്ട്. നഴ്സറി മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ ആനുകൂല്യം ലഭിക്കും. സർക്കാർ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ കൊണ്ടുപോകുന്നതിനൊപ്പം കുടുംബങ്ങളെ പിന്തുണയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മന്ത്രാലയങ്ങളുടെയും ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കൂ എന്ന് കൗൺസിൽ പറഞ്ഞു. സുരക്ഷിതവും വഴക്കമുള്ളതും ഉയർന്ന നിലവാരമുള്ളതുമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കാൻ അധികൃതർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ പറയുന്നു.

വസന്തകാല അവധി

യുഎഇയിലുടനീളമുള്ള വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ജീവനക്കാർക്കുമായി അധികൃതർ വസന്തകാല അവധി നേരത്തെയാക്കിയതിന് പിന്നാലെയാണ് ഈ അറിയിപ്പ് വന്നത്. മാർച്ച് 9 മുതൽ മാർച്ച് 22 വരെയായിരിക്കും അവധിയെന്നും, ക്ലാസുകളും ഔദ്യോഗിക പ്രവൃത്തി സമയവും മാർച്ച് 23 തിങ്കളാഴ്ച പുനരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയവും ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയവും നേരത്തെ അറിയിച്ചിരുന്നു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് മാർച്ച് 2 തിങ്കളാഴ്ച മുതൽ തന്നെ ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. ഈ നടപടി മാർച്ച് 6 വെള്ളിയാഴ്ച വരെ നീട്ടുകയും ചെയ്തു, അതിനുശേഷമാണ് നേരത്തെയുള്ള വസന്തകാല അവധി അധികൃതർ പ്രഖ്യാപിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗള്‍ഫിലെ പരീക്ഷ റദ്ദാക്കിയ സിബിഎസ്‍ഇ നടപടി; ഫലം എങ്ങനെയെന്നതില്‍ ആശങ്ക?
ഉത്പാദനവും വിതരണവും ഉറപ്പാക്കും; പെട്രോളിയം വിതരണം മുടങ്ങാതിരിക്കാൻ നടപടിയുമായി ജിസിസി