പെരുന്നാള്‍ ലക്ഷ്യംവച്ച് യാത്രക്കാരെ പിഴിയാന്‍ വിമാനകമ്പനികള്‍; നിരക്ക് കുത്തനെ കൂട്ടി

By Web TeamFirst Published May 27, 2019, 11:48 PM IST
Highlights

കേരളത്തിൽ സ്കൂൾ അവധിക്കാലം അവസാനിക്കാറായതിന് തൊട്ടുപിന്നാലെ പെരുന്നാളും എത്തിയത് വിമാനകമ്പനികള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്

ദുബായ്: പെരുന്നാള്‍ ലക്ഷ്യംവച്ച് വിമാനകമ്പനികള്‍ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രാനിരക്ക് കുത്തനെ കൂട്ടി. സാധാരണ നിരക്കിനെക്കാള്‍ എണ്‍പത് ശതമാനം വരെയാണ് വര്‍ധന. കേരളത്തിൽ സ്കൂൾ അവധിക്കാലം അവസാനിക്കാറായതിന് തൊട്ടുപിന്നാലെ പെരുന്നാളും എത്തിയത് വിമാനകമ്പനികള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. പെരുന്നാളിന് തൊട്ടുമുന്നിലുള്ള ദിവസങ്ങളിൽ പല വിമാനങ്ങളിലും ടിക്കറ്റ് കിട്ടാനുമില്ല. ഒരാഴ്ച മുമ്പുവരെ പതിനൊന്നായിരം രൂപയ്ക്ക് ദുബായില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് കിട്ടിയിരുന്ന ടിക്കറ്റുകൾക്കെല്ലാം അടുത്തമാസം ആദ്യത്തോടെ അരലക്ഷത്തിലേറെ രൂപയാണ് നിരക്ക്.

തിരുവനന്തപുരം കോഴിക്കോട് വിമാനതാവളങ്ങളിലേക്കും സ്ഥിതി വ്യത്യസ്തമല്ല. ഭാര്യയും ഭർത്താവും രണ്ടു കുട്ടികളുമടങ്ങുന്ന കുടുംബത്തിന് നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റിന് മാത്രം രണ്ടുലക്ഷം രൂപയോളം കൊടുക്കണം. പെരുന്നാൾ അവധി കഴിഞ്ഞുള്ള ദിവസങ്ങളിൽ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് മടങ്ങുമ്പോഴും രക്ഷയില്ല.

ഫ്ലൈ ദുബായ് വിമാനത്തിൽ ജൂൺ ഒൻപതിന് കൊച്ചി-ദുബായ് യാത്രയ്ക്ക് ഒരാള്‍ക്ക് 32,000 രൂപയാണ് നിരക്ക്. ജെറ്റ് എയർവേസ് വിമാനങ്ങൾ സർവീസ് നിർത്തിയതും കേരളത്തിലേക്കുള്ള സീറ്റുകളില്‍ വലിയ കുറവ് വരുത്തിയിട്ടുണ്ട്. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ അഞ്ച് ദിവസത്തിലേറെ അവധി ലഭിച്ചിട്ടും നാട്ടിലേക്കുള്ള യാത്രമാറ്റി വച്ചവരും കുറവല്ല.

click me!