സൗദിയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനം റദ്ദാക്കി; 150ഓളം യാത്രക്കാര്‍ കുടുങ്ങി

By Web TeamFirst Published Jun 11, 2019, 10:14 AM IST
Highlights

ഞായറാഴ്ച വൈകുന്നേരം 3:45ന്  റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. യാത്ര മുടങ്ങിയതിനാൽ ഒരു വിദ്യാർത്ഥിക്ക് ഇന്നലെ നടന്ന കേരള യൂണിവേഴ്‌സിറ്റി ബികോം പരീക്ഷ എഴുതാനുമായില്ല. മറ്റൊരാൾക്ക് ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി

റിയാദ്: എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് 150തോളം യാത്രക്കാർ ദുരിതത്തിലായി. യാത്ര മുടങ്ങിയിട്ട് മുപ്പതു മണിക്കൂറിൽ അധികമായിട്ടും എയർ ഇന്ത്യ അധികൃതർ നടപടിയെടുത്തില്ലെന്നും പരാതിപ്പെട്ടു. ഞായറാഴ്ച റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ട വിമാനം റദ്ദാക്കിയതിനെ തുടർന്നാണ് നൂറ്റിഅൻപതോളം മലയാളികളുടെ യാത്ര അനിശ്ചിതത്വത്തിലായത്.

ഞായറാഴ്ച വൈകുന്നേരം 3:45ന്  റിയാദിൽ നിന്ന് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കിയത്. യാത്ര മുടങ്ങിയതിനാൽ ഒരു വിദ്യാർത്ഥിക്ക് ഇന്നലെ നടന്ന കേരള യൂണിവേഴ്‌സിറ്റി ബികോം പരീക്ഷ എഴുതാനുമായില്ല. മറ്റൊരാൾക്ക് ബന്ധുവിന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ നാട്ടിലെത്താന്‍ കഴിയാത്ത അവസ്ഥയുമുണ്ടായി. ഇന്നലെ രാവിലെ ഏഴ് മണിക്കുള്ള വിമാനത്തിൽ ഇവർക്ക് യാത്ര സൗകര്യം ഒരുക്കുമെന്നാണ് എയർ ഇന്ത്യ അധികൃതർ ആദ്യമറിയിച്ചത്. പിന്നീട് രാത്രി എട്ടരയ്ക്കുള്ള വിമാനത്തിൽ കയറ്റിവിടുമെന്നായി പുതിയ അറിയിപ്പ്.

എന്നാൽ യാത്ര മുടങ്ങിയിട്ട് 30 മണിക്കൂറിൽ അധികമായിട്ടും തിങ്കളാഴ്ച രാത്രിയിലും ഒരാളെ പോലും നാട്ടിലേക്കയക്കാൻ എയർ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. യാത്രക്കാർക്ക് തങ്ങാൻ ഹോട്ടൽ സൗകര്യം ഏർപ്പെടുത്തിയെങ്കിലും എപ്പോൾ നാട്ടിലേക്കു മടങ്ങാൻ കഴിയുമെന്ന വിവരം പോലും നല്‍കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. 

click me!