മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇരട്ടി നിരക്ക്; എയര്‍ ഇന്ത്യ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

Published : Sep 27, 2018, 08:45 PM IST
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇരട്ടി നിരക്ക്; എയര്‍ ഇന്ത്യ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം

Synopsis

തങ്ങളുടെ പൗരന്മാർ മരണപ്പെട്ടാൽ പാക്കിസ്ഥാനും ബംഗ്ലാദേശും സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇതിനായി ഈ രാജ്യങ്ങളിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. 

ദുബായ്: പ്രവാസികളുടെ മൃതദേഹങ്ങളോട് പോലും എയര്‍ ഇന്ത്യ കാണിക്കുന്ന അനീതിക്കെതിരെ വ്യാപക പ്രതിഷേധമുയരുന്നു. വിദേശത്ത് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഈടാക്കിയിരുന്ന തുക നേരെ ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചാണ് എയര്‍ ഇന്ത്യയുടെ പുതിയ ദ്രോഹം. നേരത്തെ നല്‍കിയിരുന്ന ഇളവ് പിന്‍വലിച്ചതാണെന്നാണ് ഇതിനുള്ള വിശദീകരണം.

മൃതദേഹങ്ങള്‍ തൂക്കി നോക്കി അത് കൊണ്ടുപോകാന്‍ പണം ഈടാക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് പ്രവാസികള്‍ ദീര്‍ഘനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അനുകൂലമായ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല.  കിലോയ്ക്ക് 15 ദിര്‍ഹമാണ് (ഏകദേശം 295 രൂപ) നേരത്തെ ഈടാക്കിയിരുന്നതെങ്കില്‍ ഇത് ഇനി മുതല്‍ 30 ദിര്‍ഹമാക്കിയാണ് (590 രൂപ) വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പെട്ടി ഉള്‍പ്പെടെ ഏകദേശം 120 കിലോയോളം വരും ഇങ്ങനെ വിമാനത്തില്‍ അയക്കുന്ന മൃതദേഹങ്ങള്‍. നേരത്തെ 1800 ദിര്‍ഹമാണ് ഇതിന് ഈടാക്കിയിരിക്കുന്നത്. നിരക്ക് ഇരട്ടിയാക്കിയതോടെ ഇത് നാലായിരത്തോളം ദിര്‍ഹമായി ഉയരും. ഇതിന് പുറമെ ഹാന്റ്‍ലിങ് പോലുള്ള മറ്റിനങ്ങളിലും പണം ഈടാക്കും. എണ്‍പതിനായിരത്തോളം രൂപ ചിലവാക്കേണ്ടിവരും ഇനി ഗള്‍ഫില്‍ മരിക്കുന്ന പ്രവാസിയുടെ ശരീരം പ്രിയപ്പെട്ടവരുടെ അടുത്തെത്താന്‍.

തങ്ങളുടെ പൗരന്മാർ മരണപ്പെട്ടാൽ പാക്കിസ്ഥാനും ബംഗ്ലാദേശും സൗജന്യമായാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. ഇതിനായി ഈ രാജ്യങ്ങളിൽ അന്താരാഷ്ട്ര സർവീസ് നടത്തുന്ന വിമാന കമ്പനികൾക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്. ഇന്ത്യയും ഈ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാലാകാലങ്ങളിലുള്ള കേന്ദ്ര സർക്കാരുകൾക്ക് പ്രവാസി സംഘടനകൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ഇതൊന്നും പരിഗണിക്കപ്പെട്ടില്ല. സൗജന്യം തന്നില്ലെങ്കിലും തൂക്കി നോക്കല്‍ ഒഴിവാക്കികൊണ്ട് 30 വയസിന് താഴെയുള്ളവരുടെ മൃതദേഹങ്ങള്‍ക്ക് 1000 ദിർഹവും മുകളിലുള്ളവർക്ക് 1500 ദിർഹവും എന്ന കണക്കില്‍ ഏകീകൃത ഫീസ് ഈടാക്കണമെന്നായിരുന്നു പ്രവാസികളുടെ മറ്റൊരു പ്രധാനപെട്ട ആവശ്യം. അതും പരിഗണിക്കപ്പെട്ടില്ല.


എയര്‍ഇന്ത്യ അല്ലാതെ സ്പൈസ് ജെറ്റും എയര്‍ അറേബ്യയും ഇന്ത്യലിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നുണ്ട്. ഇവ രണ്ടും ഏകീകൃത നിരക്കാണ് ഈടാക്കുന്നത്. സ്പൈസ് ജെറ്റ് 2050 ദിർഹം ഈടാക്കുമ്പോള്‍ എയര്‍ അറേബ്യ അല്‍പം കൂടി കുറഞ്ഞ നിരക്കാണ് വാങ്ങുന്നത്. പക്ഷേ നിലവില്‍ ഇന്ത്യയിലെ 12 സെക്ടറുകളിലേക്കു മാത്രമേ എയർ അറേബ്യ സർവീസ് നടത്തുന്നുള്ളൂ. മംഗലാപുരം ഉൾപ്പെടെ പല സ്ഥലങ്ങളിലേക്കും മൃതദേഹങ്ങള്‍ എത്തിക്കണമെങ്കില്‍ എയർ ഇന്ത്യ തന്നെ വേണമെന്നതാണ് അവസ്ഥ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിലെ ഫൈലക ദ്വീപിൽ സുറിയാനി ലിപിയിലുള്ള അപൂർവ്വ പുരാവസ്തുക്കൾ കണ്ടെത്തി
അമീറിനെയും ദേശീയ പതാകയെയും അപമാനിച്ചു, സോഷ്യൽ മീഡിയ ഉപയോക്താവിന് മൂന്ന് വർഷം കഠിനതടവ്