വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവം; ഞെട്ടല്‍ മാറാതെ യാത്രക്കാര്‍

By Web TeamFirst Published Jul 1, 2019, 3:19 PM IST
Highlights

ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം കഴിഞ്ഞ ദിവസമാണ് മംഗളുരു വിമാനത്താവളത്തില്‍ അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ് അണങ്കൂർ സ്വദേശി ഫൈസലും കുടുംബവും ഇപ്പോഴും ആ ഞെട്ടലിലാണ്. 

കാസർഗോ‍ഡ്: മംഗളൂരു വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയുണ്ടായ അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും യാത്രക്കാർ. വിമാനം പതിനഞ്ച് മിനിറ്റോളം ആകാശത്ത് വട്ടം കറങ്ങിയെന്നും രണ്ട് തവണ ലാന്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന് ശേഷമാണ് പിന്നീട് നിലത്തിറക്കിയതെന്നും യാത്രക്കാർ പറഞ്ഞു.

ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‍പ്രസ് വിമാനം കഴിഞ്ഞ ദിവസമാണ് മംഗളുരു വിമാനത്താവളത്തില്‍ അപകടത്തിൽപെട്ടത്. വിമാനത്തിലുണ്ടായിരുന്ന കാസർഗോഡ് അണങ്കൂർ സ്വദേശി ഫൈസലും കുടുംബവും ഇപ്പോഴും ആ ഞെട്ടലിലാണ്. ലാൻഡിങിനായി തയ്യാറെടുക്കുമ്പോൾ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ഇവർ പറഞ്ഞു. രണ്ട് തവണ ലാന്റ്  ചെയ്യാന്‍ ശ്രമിച്ച ശേഷം വീണ്ടും പറന്നുയര്‍ന്നു. മൂന്നാമത്തെ തവണ വലിയ ശബ്ദത്തോടെയാണ് ലാന്റ് ചെയ്തത്. ലാന്റ് ചെയ്ത ശേഷവും അമിത വേഗത്തിലായിരുന്നു വിമാനം റണ്‍വേയിലൂടെ സഞ്ചരിച്ചത്. യാത്രക്കാരെല്ലാം പരിഭ്രാന്തരായിരുന്നുവെന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരി റംസീന പറഞ്ഞു.
 

183 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തെന്നിമാറിയ സ്ഥലത്തുനിന്ന് അൽപംകൂടി മുന്നോട്ട് പോയിരുന്നെങ്കിൽ വിമാനം കൊക്കയിൽ വീഴുമായിരുന്നു. വിമാനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന.  സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.  

click me!