യാത്രക്കാരെ ഇറക്കാനായില്ല; 180 യാത്രക്കാരുമായി ദുബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

By Web TeamFirst Published Apr 19, 2024, 12:02 PM IST
Highlights

180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്.

ദുബൈ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഇന്നലെ രാത്രി ദുബായിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തിന്‍റെ യാത്ര യുഎഇയിലെ മഴക്കെടുതി മൂലം അനിശ്ചിതത്വത്തിലായി.  ഇന്നലെ രാത്രി എട്ടു മണിക്കു പോയ വിമാനമാണ് ദുബായില്‍ ഇറക്കാനാവാതെ പുലര്‍ച്ചെ കരിപ്പൂരില്‍ തിരിച്ചെത്തിയത്. 

180ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത് . ദുബായില്‍ ഇറങ്ങാന്‍ അനുമതി കിട്ടാത്തതിനെത്തുടര്‍ന്ന് വിമാനം മസ്ക്കറ്റ് വിമാനത്താവളത്തില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗമില്ലാത്തതിനാല്‍ യാത്രക്കാരുമായി കരിപ്പൂരിലേക്ക് തിരിച്ചു പറക്കുകയായിരുന്നു. യാത്രക്കാര്‍ക്ക് ഇന്നു വൈകിട്ടോടെ റാസല്‍ ഖൈമയിലേക്ക് പോകാന്‍ വിമാനമൊരുക്കുമെന്ന് എയര്‍ ഇന്ത്യാ അധികൃതര്‍ അറിയിച്ചു. ആവശ്യക്കാര്‍ക്ക് ടിക്കറ്റ് ചാര്‍ജ് തിരികെ നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Read Also -  ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

കനത്ത മഴയെ തുടർന്ന് റൺവേയിൽ വെള്ളം കയറിയതോടെ രണ്ട് ദിവസത്തിനിടെ 1244 വിമാന സർവീസുകള്‍ റദ്ദാക്കുകയും 41 എണ്ണം വഴിതിരിച്ചുവിടുകയും ചെയ്തെന്ന് ദുബൈ വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു. വിമാനത്താവള വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ പെയ്തത്. റോഡുകളിൽ വെള്ളക്കെട്ട് നീക്കാൻ ശ്രമം തുടരുകയാണ്. നാശനഷ്ടങ്ങൾ വളരെ വലുതാണ്. വെള്ളത്തിൽ മുങ്ങി നശിച്ച കാറുകൾ രാജ്യത്തെമ്പാടും ഉണ്ട്. വെള്ളം കയറിയ കടകളും നിരവധിയാണ്. അതേസമയം ദുബൈ മെട്രോയുടെ കൂടുതൽ സ്റ്റേഷനുകൾ സാധാരണ നിലയിലായി. മഴയ്ക്കായി ക്ലൌഡ് സീഡിങ് നടത്തിയിട്ടില്ലെന്നാണ് യുഎഇ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയത്. മഴമേഘങ്ങൾക്കായി ക്ലൌഡ് സീഡിങ്ങനെ യുഎഇ ആശ്രയിക്കാറുണ്ട്. എന്നാൽ ഇക്കഴിഞ്ഞ മഴയ്ക്ക് കാരണം ക്ലൌഡ് സീഡിങ് അല്ല എന്നാണ് വിശദീകരണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!