വ്യോമ ഗതാഗത മേഖലയില്‍ പുതിയ പ്രതിസന്ധി; പ്രവാസികളുടെ കീശ ചോരും

By Web TeamFirst Published Dec 5, 2018, 3:21 PM IST
Highlights

ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രമുഖ വിമാന കമ്പനികള്‍ ദോഹ, മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വ്വീസുകള്‍ റദ്ദാക്കിയതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ കുറവ് വരും. 

മുംബൈ: ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വലിയ തോതില്‍ വര്‍ദ്ധിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. വേനലവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുന്ന പ്രവാസികളെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് വ്യോമയാന രംഗത്ത് നിന്നുള്ള പുതിയ വാര്‍ത്തകള്‍.

ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രമുഖ വിമാന കമ്പനികള്‍ ദോഹ, മസ്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള 39 സര്‍വ്വീസുകള്‍ റദ്ദാക്കിയതാണ് പ്രതിസന്ധിക്കുള്ള പ്രധാന കാരണം. തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസുകളുടെ എണ്ണത്തില്‍ കുറവ് വരും. ബജറ്റ് എയര്‍ലൈനായ ജെറ്റ് എയര്‍വേയ്സ് ഒരു കാലത്ത് ഏറെ പ്രധാന്യം നല്‍കിയ സര്‍വീസുകളായിരുന്നു ഗള്‍ഫ് രാജ്യങ്ങളിലേത്. എന്നാല്‍ കടുത്ത മത്സരം അതിജീവിക്കാനാവാതെ വന്നതോടെ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയാണിപ്പോള്‍.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ദോഹയിലേക്കുള്ള സര്‍വീസുകള്‍ പിന്‍വലിക്കാന്‍ ജെറ്റ് എയര്‍വേയ്സ് തീരുമാനിച്ചിട്ടുണ്ട്. ലക്നൗവില്‍ നിന്നും മംഗലാപുരത്തുനിന്നും അബുദാബിയിലേക്കുള്ള വിമാനങ്ങളും ദുബായില്‍ നിന്നുള്ള ചില സര്‍വീസുകളും കമ്പനി റദ്ദാക്കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചു മുതല്‍ സര്‍വീസുകള്‍ നിര്‍ത്തുമെന്നാണ് അറിയിപ്പ്. 

ഒമാനില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കുമുള്ള ഡയറക്ട് ഫ്ലൈറ്റുകള്‍ ജെറ്റ് എയര്‍വേയ്സ് റദ്ദാക്കിയിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറഞ്ഞു. ഇതോടൊപ്പം ഒമാനില്‍ നിന്ന് കോഴിക്കോടേക്കും ചെന്നൈയിലേക്കുമുള്ള വിമാനങ്ങള്‍ ഇന്റിഗോയും റദ്ദാക്കിയിട്ടുണ്ട്. ഇതോടെ മുംബൈ, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് മാത്രമേ ഇന്റിഗോയ്ക്ക് ഒമാനില്‍ നിന്ന് ഡയറക്ട് സര്‍വ്വീസുകള്‍ ഉണ്ടാവുക. ഒമാനില്‍ നിന്ന് മറ്റ് ചില സര്‍വ്വീസുകളും ജെറ്റ് എയര്‍വേയ്സ് വൈകാതെ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിമാനങ്ങളുടെ എണ്ണം കുറയുന്നത് കമ്പനികള്‍ തമ്മിലുള്ള മത്സരം കുറയ്ക്കുന്നതിനൊപ്പം തിരക്കും വര്‍ദ്ധിക്കാന്‍ കാരണമാവും. ഫലത്തില്‍ പ്രവാസികളുടെ പോക്കറ്റ് ചോരുന്ന വില വര്‍ദ്ധനവ് ടിക്കറ്റുകള്‍ക്ക് ഉണ്ടാകുമെന്നാണ് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നത്. നേരിട്ട് സര്‍വീസുകള്‍ അവസാനിപ്പിക്കുന്നതോടെ വിമാനത്താവളങ്ങളില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ടാകും. വരുന്ന ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും യാത്ര  ചെയ്യാനിരിക്കുന്നവരെയാകും ഇത് ഏറ്റവുമധികം ബാധിക്കുകയെന്നാണ് കരുതപ്പെടുന്നത്.

click me!