വരും ദിവസങ്ങളില്‍ ദുബായ് വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി അധികൃതര്‍

By Web TeamFirst Published Nov 28, 2019, 1:50 PM IST
Highlights

നവംബര്‍ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ ആരംഭിക്കുന്ന ജനത്തിരക്ക് ഡിസംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കും. ഇക്കാലയളവില്‍ എമിറേറ്റ്സിന് രണ്ട് ലക്ഷത്തിലധികം യാത്രക്കാരുണ്ടാകും. മറ്റ് വിമാനങ്ങളിലും തിരക്കേറുന്ന ദിവസങ്ങളാണിത്.

ദുബായ്: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള തുടര്‍ച്ചയായ അവധി ദിനങ്ങളുടെ പശ്ചാത്തലത്തില്‍ എമിറേറ്റ്സ് അധികൃതര്‍ യാത്രക്കാര്‍ക്കായി പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. നവംബര്‍ 29 വെള്ളിയാഴ്ചയായിരിക്കും വിമാനത്താവളത്തില്‍ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുക. വെള്ളിയാഴ്ച മൂന്നാം ടെര്‍മിനല്‍ വഴി മാത്രം എമിറേറ്റ്സിന് 40,000 യാത്രക്കാരുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

തിരക്കും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ യാത്രക്കാര്‍ നേരത്തെ ചെക്ക് ഇന്‍ ചെയ്യണമെന്നും വിമാനം പുറപ്പെടുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും എമിറേറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 28 വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ ആരംഭിക്കുന്ന ജനത്തിരക്ക് ഡിസംബര്‍ അഞ്ച് വരെ നീണ്ടുനില്‍ക്കും. ഇക്കാലയളവില്‍ എമിറേറ്റ്സിന് രണ്ട് ലക്ഷത്തിലധികം യാത്രക്കാരുണ്ടാകും. മറ്റ് വിമാനങ്ങളിലും തിരക്കേറുന്ന ദിവസങ്ങളാണിത്.

എല്ലാ ക്ലാസുകളിലെയും യാത്രക്കാര്‍ക്ക് വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുതല്‍ വിമാനത്താവളത്തിലെത്തി ചെക്ക് ഇന്‍ തുടങ്ങാം. പുറപ്പെടുന്ന സമയത്തിനും പരമാവധി രണ്ട് മണിക്കൂര്‍ മുമ്പെങ്കിലും എത്തിച്ചേരണം. ഒരു മണിക്കൂറിനും മുമ്പെങ്കിലും എത്തിച്ചേരാത്തവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. 24 മണിക്കൂര്‍ മുതല്‍ 90 മിനിറ്റ് വരെയുള്ള സമയങ്ങളില്‍ കംപ്യൂട്ടര്‍ വഴിയോ മൊബൈല്‍ ഫോണുകള്‍ വഴിയോ ഓണ്‍‍ലൈന്‍ ചെക്ക് ഇന്‍ ചെയ്യാനുമാവും. ചെക്ക് ഇന്‍ ചെയ്യാനും ബാഗേജുകള്‍ ഡ്രോപ്പ് ചെയ്യാനുമുള്ള മറ്റ് സൗകര്യങ്ങളും യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് അധികൃതര്‍ അറിയിച്ചു.

click me!