
ദുബൈ: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് മെയ് നാലിന് അവസാനിക്കാനിരിക്കെ മെയ് അഞ്ചു മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ച് വിമാന കമ്പനികള്‍. മെയ് അഞ്ചു മുതലുള്ള ഇന്ത്യ-യുഎഇ വിമാന സര്‍വീസുകള്‍ക്ക് ഇരുരാജ്യങ്ങളിലെയും എയര്‍ലൈനുകള്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങി.
മെയ് അഞ്ചിന് മുംബൈയില്‍ നിന്നും ദുബൈയിലേക്കുള്ള സര്‍വീസിലെ ബിസിനസ് ക്ലാസ് ടിക്കറ്റിന് 146,000 (7,170 ദിര്‍ഹം) രൂപയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ടിക്കറ്റ് നിരക്ക്. ഈ സര്‍വീസിലെ എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ ഇതിനോടകം ബുക്ക് ചെയ്തുകഴിഞ്ഞു. ഇതേ റൂട്ടില്‍ തന്നെ മെയ് ആറിന് 35,200 രൂപയും (1,730 ദിര്‍ഹവും) മെയ് ഏഴിന് 57,907 രൂപയും(2,846 ദിര്‍ഹവും)ആണ് ടിക്കറ്റ് നിരക്ക്. എയര്‍ ഇന്ത്യയുടെ മെയ് അഞ്ചിനുള്ള മുംബൈ-ദുബൈ സര്‍വീസിന് 590 ദിര്‍ഹം മുതലാണ് നിരക്ക്. അതേസമയം ചില ബജറ്റ് ക്യാരിയറുകളില്‍ 369 ദിര്‍ഹം മുതലും ടിക്കറ്റ് ലഭ്യമാണ്. മെയ് അഞ്ചിന് കൊച്ചിയില്‍ നിന്നും ദുബൈയിലേക്കുള്ള എമിറേറ്റ്‌സ് സര്‍വീസിന്റെ ടിക്കറ്റ് നിരക്ക് 119,655 രൂപയാണ്.
യൂറോപ്പിലേക്കും മറ്റ് രാജ്യങ്ങളിലേക്കും യുഎഇ വഴി യാത്ര ചെയ്യുന്നതിനായി നിരവധി ആളുകള്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതും എമിറേറ്റ്‌സിന്‍റെ ടിക്കറ്റ് നിരക്ക് ഉയരാന്‍ ഒരു കാരണമാണ്. ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടവര്‍ക്കും നാട്ടില്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി എത്തിയവര്‍ക്കും എത്രയും വേഗം യുഎഇയില്‍ തിരികെ എത്തേണ്ടതുണ്ട്. മാത്രമല്ല യാത്രാവിലക്ക് നീട്ടുമോയെന്ന ആശങ്ക മൂലവും എത്രയും വേഗം യുഎഇയില്‍ മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍. പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ അതാത് എയര്‍ലൈന്‍ ഓഫീസുകളുമായി ബന്ധപ്പെട്ട് സമയക്രമവും മറ്റും ഉറപ്പാക്കുക. കൊവിഡ് വ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 24 മുതലാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ ഏര്‍പ്പെടുത്തിയ വിലക്ക് പ്രാബല്യത്തില്‍ വന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ