
മസ്‌കറ്റ്: ഇന്ത്യയും ഒമാനും എയര്‍ ബബിള്‍ യാത്രാ ക്രമീകരണങ്ങളില്‍ ധാരണയായതോടെ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നടത്തുന്ന സെക്ടറുകള്‍ പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ മസ്‌കറ്റില്‍ നിന്ന് കൊച്ചി,കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം, ബാംഗ്ലൂര്‍ മംഗലാപുരം, വിജയവാഡ, ഹൈദരാബാദ്, ട്രിച്ചി, ലഖനൗ, ദില്ലി, മുംബൈ എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തും.
ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങള്‍ക്ക് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 11 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സ്ഥിരമായി സര്‍വീസ് നടത്താന്‍ അനുമതിയുണ്ട്. ഓരോ വിമാനകമ്പനികള്‍ക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതം അനുവദിച്ചിട്ടുള്ള ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തുവാന്‍ സാധിക്കും. എന്നാല്‍ യാത്രക്കാരുടെ എണ്ണം പതിനായിരത്തില്‍ കവിയുവാന്‍ പാടില്ലെന്നാണ് ഒമാന്‍-ഇന്ത്യ എയര്‍ ബബിള്‍ കരാറിലെ ധാരണ. കൊവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സര്‍വീസുകള്‍ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഏര്‍പ്പെടുന്ന താല്‍ക്കാലിക ധാരണയാണ് എയര്‍ ബബിള്‍ സംവിധാനം
ഇരുരാജ്യങ്ങളിലെയും വ്യോമയാന മന്ത്രാലയങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചും കൊവിഡ് മാനദണ്ഡങ്ങള്‍ക്കും അനുസരിച്ചായിരിക്കണം സര്‍വീസുകള്‍ നടത്തുക. ഇരു രാജ്യങ്ങളിലേക്കുമുള്ള പ്രവേശനാനുമതി സംബന്ധിച്ച വിഷയങ്ങള്‍ ടിക്കറ്റ് നല്‍കുമ്പോള്‍ വിമാന കമ്പനി ഉറപ്പുവരുത്തേണ്ടതാണ്.
വിമാന കമ്പനികള്‍ക്ക് ടിക്കറ്റുകള്‍ അവരുടെ വെബ്‌സൈറ്റുകള്‍ വഴിയോ ട്രാവല്‍ ഏജന്‍സി മുഖേനയോ വില്‍പന നടത്താവുന്നതാണ്. ഒമാനിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും രാജ്യത്ത് എത്തുന്നതിനുമുമ്പ് മുന്‍കൂറായി പണമടച്ച് പിസിആര്‍ ടെസ്റ്റിന് ബുക്ക് ചെയ്യണമെന്നും ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയാണ് ഒമാന്‍-ഇന്ത്യ എയര്‍ ബബിള്‍ കരാര്‍ കാലാവധി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ