
ദുബായ്: എത്യോപ്യയിലെ വിമാനാപകടത്തിന് പിന്നാലെ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ വ്യോമയാന രംഗത്ത് പുതിയ പ്രതിസന്ധി രൂപമെടുക്കുന്നു. നിരോധിക്കപ്പെട്ട വിമാനങ്ങള്‍ കൂടുതലായി ഉപയോഗിച്ചിരുന്ന എയര്‍ലൈനുകള്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നുണ്ട്. ഇത് വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമാകുമെന്നും ഈ രംഗത്തുള്ളവര്‍ അഭിപ്രായപ്പെടുന്നു.
വിവിധ രാജ്യങ്ങളിലായി ഏകദേശം 400ഓളം ബോയിങ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസുകളില്‍ നിന്ന് പിന്‍വലിച്ചതായാണ് റിപ്പോര്‍ട്ട്. ഇത് വ്യോമഗതാഗത രംഗത്ത് ഗുരുതരമായ പ്രശ്നം സൃഷ്ടിക്കില്ലെങ്കിലും സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാവും. വലിയ എയര്‍ലൈന്‍ കമ്പനികള്‍ മറ്റ് വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസുകള്‍ പുനഃക്രമീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗള്‍ഫില്‍ യുഎഇക്ക് പുറമെ ഒമാന്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിരോധനം കൊണ്ടുവന്നിട്ടുണ്ട്. 15 സര്‍വീസുകള്‍ വരെ ദിവസവും വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ ഇക്കാര്യം നേരിട്ട് അറിയിക്കുമെന്നും കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കുമെന്നും ഫ്ലൈ ദുബായ് അറിയിച്ചു.
ഇന്ത്യയില്‍ സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വേയ്സ് കമ്പനികളാണ് ബോയിങ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. സ്‌പൈസ് ജെറ്റിന്റെ 13 വിമാനങ്ങളും ജെറ്റ് എയര്‍വേസിന്റെ 5 വിമാനങ്ങളുമാണ് നിശ്ചലമാകുന്നത്. ഇതോടെ 75 വിമാനങ്ങള്‍ സ്വന്തമായുള്ള സ്‌പൈസ് ജെറ്റ് 62 എണ്ണം മാത്രമേ ഉപയോഗിക്കാനാവൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam