
അജ്‍മാന്‍: പ്രവാസി മലയാളി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വൈറലായ അജ്‍മാനിലെ പൊലീസുകാര്‍ക്ക് കിരീടാവകാശിയുടെ ആദരം. പൊലീസ് പട്രോള്‍ സംഘത്തിലെ ഉദ്യോഗസ്ഥരായ ഹാഷിം മുഹമ്മദ് അബ്‍ദുല്ല, ഫതഹ് അല്‍ റഹ്‍മാന്‍ അഹ്‍മദ് അബ്‍ഷര്‍ എന്നിവരെ അജ്‍മാന്‍ കിരീടാവകാശി ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമി അഭിനന്ദിച്ചു.
സ്‍കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പി.സി.ആര്‍ പരിശോധനയ്‍ക്ക് കുട്ടികള്‍ക്കും ഭാര്യയ്‍ക്കും ഒപ്പമെത്തിയ മലയാളി, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായത്. പൊരിവെയിലത്ത് തന്റെ ഭാര്യയ്‍ക്കും മക്കള്‍ക്കും പൊലീസ് വാഹനത്തില്‍ വിശ്രമിക്കാന്‍ അവസരമൊരുക്കിയ ശേഷം ഉദ്യോഗസ്ഥര്‍ പുറത്തിറങ്ങി നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. അജ്‍മാന്‍ പൊലീസിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലും പിന്നീട് വീഡിയോ ഇടംപിടിച്ചു. അജ്‍മാന്‍ കിരീടാവകാശിയും ഇത് ഷെയര്‍ ചെയ്‍തു.
ഉദ്യോഗസ്ഥരെ നേരിട്ട് ക്ഷണിച്ച് അവരുടെ മനുഷ്യത്വവും ഉത്തരവാദിത്ത ബോധവും സേവന സന്നദ്ധതയും എടുത്തുപറഞ്ഞ് അഭിനന്ദിച്ച കിരീടാവകാശി, യുഎഇയുടെ മാനവിക മൂല്യങ്ങളാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അഭിപ്രായപ്പെട്ടു. അജ്‍മാനില്‍ നിങ്ങളെപ്പോലുള്ള പൊലീസുകാരുള്ളതില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വദേശികളെന്നോ പ്രവാസികളെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാവരെയും സഹായിക്കാന്‍ പൊലീസ് എപ്പോഴും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അജ്‍മാന്‍ പൊലീസിന്റെ പ്രവൃത്തിയെ ആദരിച്ച് പ്രവാസി മലയാളി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത ആ വീഡിയോയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ചുവടെ വായിക്കാം...
പൊരിവെയിലത്ത് വിശ്രമിക്കാന്‍ ഇടം ലഭിച്ചത് പൊലീസ് വാഹനത്തില്‍; യുഎഇയിലെ പൊലീസിന് നന്ദി പറഞ്ഞ് മലയാളിയുടെ വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam