
മനാമ: ബഹ്റൈനില്‍ നിലവില്‍ പ്രവാസികള്‍ക്ക് അനുവദിച്ചിട്ടുള്ള എല്ലാ ഫ്ലക്സി വര്‍ക്ക് പെര്‍മിറ്റുകളും അടുത്ത വര്‍ഷം ഫെബ്രുവരിയോടെ റദ്ദാക്കും. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്‍ദുല്ല അല്‍ ഖലീഫയാണ് ഇത് സംബന്ധിച്ച മന്ത്രിതല നിര്‍ദേശം നല്‍കിയത്. ഇക്കാര്യം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‍തു. നവംബര്‍ 17 മുതല്‍ മൂന്ന് മാസത്തെ കാലാവധി നല്‍കി എല്ലാ ഫ്ലെക്സി തൊഴില്‍ പെര്‍മിറ്റുകളും റദ്ദാക്കുകയാണെന്നാണ് അറിയിപ്പില്‍ പറയുന്നത്.
ഒന്നിലധികം തൊഴിലുടമകള്‍ക്ക് കീഴില്‍ ഫ്രീലാന്‍സ് ജോലികള്‍ ചെയ്യാന്‍ പ്രവാസികളെ അനുവദിച്ചിരുന്നതാണ് ഫ്ലെക്സി തൊഴില്‍ പെര്‍മിറ്റുകള്‍. നിലവില്‍ ഫ്ലെക്സി പെര്‍മിറ്റുകള്‍ കൈവശമുള്ള എല്ലാവര്‍ക്കും സമയപരിധി അവസാനിക്കുന്നതിന് മുമ്പ് വൊക്കേഷണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ക്കായി അപേക്ഷ നല്‍കാനാവുമെന്നും ആഭ്യന്തര മന്ത്രി പറയുന്നു. രാജ്യത്തെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ സര്‍വീസ് സെന്ററുകളില്‍ നിന്ന് പുതിയ വര്‍ക്ക് പെര്‍മിറ്റുകള്‍ ലഭ്യമാവും.
അതേസമയം ലൈസന്‍സുള്ള പ്രവസികള്‍ക്കായി പുതിയ വൊക്കേഷണല്‍ കാര്‍ഡ് നല്‍കാനുള്ള തീരുമാനത്തിന് തൊഴില്‍ മന്ത്രിയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി ബോര്‍ഡ് ചെയര്‍മാനുമായ ജമീല്‍ ഹുമൈദാന്‍ അംഗീകാരം നല്‍കി. ഓരോരുത്തരും പ്രതിമാസം അഞ്ച് ബഹ്റൈനി ദിനാര്‍ വീതമായിരിക്കും ഇതിന് നല്‍കേണ്ടത്. രണ്ട് വര്‍ഷം കാലാവധിയുള്ള വൊക്കേഷണല്‍ പെര്‍മിറ്റുകള്‍ അനുവദിക്കാന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയും സായുധ സേനാ ഉപസൈന്യാധിപനുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവിട്ടു. ലൈസന്‍സിങ്, രാജ്യത്തേക്കുള്ള എന്‍ട്രി, റെസിഡന്‍സി പെര്‍മിറ്റ്, എക്സിറ്റ് പെര്‍മിഷന്‍, സ്‍മാര്‍ട്ട് കാര്‍ഡ് എന്നിവ അടങ്ങിയതായിരിക്കും പെര്‍മിറ്റ്.
പ്രവാസികള്‍ക്കുള്ള പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് പ്രഖ്യാപിച്ചത്. നിയമ ലംഘനങ്ങളില്ലാത്ത എല്ലാ പ്രവാസികള്‍ക്കും വര്‍ക്കര്‍ രജിസ്ട്രേഷന്‍ സെന്ററുകളിലെത്തി ഇതിനായി അപേക്ഷ നല്‍കാം. പുതിയ കാര്‍ഡില്‍ പ്രവാസികളുടെ തൊഴില്‍ മേഖലകളും മറ്റ് വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തിയിരിക്കും. നേരത്തെ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയിട്ടുള്ളവര്‍ക്കും സന്ദര്‍ശക വിസകളിലുള്ളവര്‍ക്കും പുതിയ കാര്‍ഡിന് അര്‍ഹതയുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read also: സൗദി അറേബ്യയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ വാട്ടര്‍ ടാങ്കിനുള്ളില്‍ ശ്വാസം മുട്ടി മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ