ലോകമേളയ്ക്ക് തിരി തെളിഞ്ഞു, ഇനി എക്‌സ്പോ നാളുകള്‍; ദുബൈ ഒരുക്കുന്ന വിസ്മയത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...

By Web TeamFirst Published Oct 1, 2021, 1:29 PM IST
Highlights

നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ എക്‌സ്‌പോ. മധ്യപൂര്‍വ്വ ദേശത്തേക്ക് ആദ്യമായെത്തിയ എക്‌സ്‌പോയാണിത്. മഹാമേളയ്ക്ക് ദുബൈ വേദിയാകുന്നതും ഇതാദ്യം.  192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുങ്ങുന്നത്.

ദുബൈ: ലോകമേളയ്ക്ക് തുടക്കമായി, ദുബൈയ്ക്ക്(Dubai) ഇനി എക്‌സ്‌പോ(Expo 2020) നാളുകള്‍. മഹാമേള കരുതിവെച്ചിരിക്കുന്ന കൗതുക കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് ഇന്നു മുതല്‍ കണ്ടും അനുഭവിച്ചും അറിയാം. ഇനിയുള്ള ആറുമാസക്കാലം ലോകത്തിന് ദുബൈയുടെ ദൃശ്യ-ശ്രവ്യ വിരുന്ന് ആസ്വദിക്കാം.

നിരവധി പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ എക്‌സ്‌പോ. മധ്യപൂര്‍വ്വ ദേശത്തേക്ക് ആദ്യമായെത്തിയ എക്‌സ്‌പോയാണിത്. മഹാമേളയ്ക്ക് ദുബൈ വേദിയാകുന്നതും ഇതാദ്യം. കൊവിഡ് മഹാമാരിയുടെ വെല്ലുവിളികളെ അതിജീവിച്ച് അതീവ ജാഗ്രതയോടെയാണ് എക്‌സ്‌പോയ്ക്ക് വേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

എക്സ്പോ ചരിത്രം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വ്യവസായികളെയും നിക്ഷേപകരെയും ക്ഷണിച്ചുകൊണ്ട് ഇന്നത്തെ എക്‌സ്‌പോയുടെ ആദ്യ പതിപ്പ് 1851ല്‍ ലണ്ടനിലാണ് ആരംഭിച്ചത്. ലണ്ടനിലെ ക്രിസ്റ്റല്‍ പാലസില്‍ അന്ന് തുടങ്ങിയ ആഗോള മേള ഇത്തവണ ദുബൈയിലെത്തി നില്‍ക്കുമ്പോള്‍ സന്ദര്‍ശകര്‍ക്ക് ഏറ്റവും മികച്ച എക്‌സ്‌പോ അനുഭവം തന്നെയാണ് ദുബൈ ഒരുക്കിയിരിക്കുന്നത്. 

എക്സ്പോ ദുബൈയിലേക്ക്...

രാജ്യാന്തര എക്‌സ്‌പോകള്‍ക്ക് നേതൃത്വം നല്‍കുന്ന ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പൊസിഷന്‍സിലെ 167 അംഗരാഷ്ട്രങ്ങളുടെ വോട്ടെടുപ്പിലൂടെ 2013 നവംബര്‍ 27നാണ് എക്‌സ്‌പോ 2020ന്റെ വേദിയായി ദുബൈയെ തെരഞ്ഞെടുത്തത്. വലിയ ആഘോഷത്തോടെയാണ് ദുബൈ ഈ തീരുമാനത്തെ വരവേറ്റത്. 2020ല്‍ നടക്കേണ്ട എക്‌സ്‌പോ കൊവിഡിന്റെ വരവോടെ ഒരു വര്‍ഷം നീട്ടി വെക്കുകയായിരുന്നു. മഹാമാരിയെ അതിജീവിച്ച്, ചിട്ടയായ തയ്യാറെടുപ്പുകളിലൂടെ സ്വപ്‌ന നഗരി ഒടുവില്‍ എക്‌സ്‌പോയ്്ക്ക് ഒരുങ്ങി. ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴുമാണ് വേള്‍ഡ് എക്‌സ്‌പോ സംഘടിപ്പിക്കുക. രാജ്യാന്തര എക്‌സ്‌പോയുടെ 34-ാം പതിപ്പിനാണ് ഒക്ടോബര്‍ ഒന്നുമുതല്‍ ദുബൈ വേദിയാകുന്നത്.

മനസ്സുകളെ കൂട്ടിയിണക്കുക, ഭാവി സൃഷ്ടിക്കുക (Connecting Minds, Creating the Future) എന്നതാണ് ദുബൈ എക്‌സ്‌പോ 2020ന്റെ പ്രമേയം. ഇന്ത്യ ഉള്‍പ്പെടെ 192 രാജ്യങ്ങളില്‍ നിന്നുള്ള രണ്ടര കോടി സന്ദര്‍ശകരെയാണ് ആറുമാസക്കാലയളവില്‍ എക്‌സ്‌പോയില്‍ പ്രതീക്ഷിക്കുന്നത്. 192 രാജ്യങ്ങളുടെ പവലിയനുകളും പ്രതിദിനം 60 ലൈവ് ഇവന്റുകളും ഇരൂനൂറിലധികം ഭക്ഷണ ഔട്ട്‍ലെറ്റുകളുമാണ് എക്സ്പോ നഗരിയില്‍ ഒരുങ്ങുന്നത്.

മരുഭൂമിയായിരുന്ന 4.3 ചതുരശ്ര കിലോമീറ്റര്‍ സ്ഥലമാണ് കഠിന പ്രയത്‌നത്തിലൂടെ എക്‌സ്‌പോ വേദിയാക്കി മാറ്റിയത്. അറബ് സാംസ്‌കാരിക തനിമ നിലനിര്‍ത്തി കൊണ്ടുള്ള നിര്‍മ്മിതികളില്‍ അല്‍ വാസല്‍ കെട്ടിടമാണ് പ്രധാന വേദി. പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും പവലിയനുകളുണ്ട്. ഇതില്‍ ഏറ്റവും വലിയ പവലിയനുകളിലൊന്ന് ഇന്ത്യയുടേതാണ്. നാലുനിലയില്‍ 11 സോണുകളായി തിരിച്ചാണ് ഇന്ത്യന്‍ പവലിയന്‍ ഒരുക്കിയിട്ടുള്ളത്. ബഹിരാകാശ നേട്ടങ്ങള്‍, ശാസ്ത്രം, റോബോട്ടിക്‌സ്, വിദ്യാഭ്യാസം, ഊര്‍ജം, സൈബര്‍ സുരക്ഷ, ആരോഗ്യം, ക്രിപ്‌റ്റോ കറന്‍സി, ബ്ലോക് ചെയ്ന്‍ എന്നീ വിവിധ മേഖലകളിലെ ഇന്ത്യയുടെ മുന്നേറ്റം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം വ്യവായ, വാണിജ്യ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

എക്സ്പോ ടിക്കറ്റ് നിരക്ക്

സിംഗിള്‍ എന്‍ട്രി ടിക്കറ്റിന് 95 ദിര്‍ഹമാണ് സാധാരണ നിരക്ക്. ആറ് മാസത്തേക്കുള്ള പാസിന് 495 ദിര്‍ഹവും 30 ദിവസത്തേക്കുള്ള പാസിന് 195 ദിര്‍ഹവുമാണ് നിരക്ക്. എന്നാല്‍ ഒക്ടോബര്‍ പാസ് (October Pass) എന്ന് പേരിട്ടിരിക്കുന്ന എന്‍ട്രി ടിക്കറ്റിലൂടെ 31 ദിവസം എക്സ്പോ വേദി സന്ദര്‍ശിക്കാനുള്ള പ്രത്യേക ഓഫറുമുണ്ട്. 95 ദിര്‍ഹമാണ് നിരക്ക്. ഒക്ടോബര്‍ 15 വരെ മാത്രമേ ഈ പ്രത്യേക ആനുകൂല്യം ലഭിക്കുകയുള്ളൂ. ഒരു ദിവസത്തെ സന്ദര്‍ശന നിരക്കില്‍ ഒരു മാസത്തേക്കുള്ള പാസാണ് ലഭിക്കുന്നത്.

സൗജന്യ ടിക്കറ്റ്

  • കുട്ടികള്‍ക്കും 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും
  • ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍
  • 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍
  • ഭിന്നശേഷിക്കാര്‍(ഇവരോടൊപ്പം ഒരാള്‍ക്ക് പകുതി നിരക്കിന് ടിക്കറ്റ് ലഭ്യമാക്കും)

ഇതിന് പുറമെ ഒക്ടോബര്‍ ഒന്നിനും 2022 മാര്‍ച്ച് 31നും ഇടയില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എക്‌സ്‌പോ സന്ദര്‍ശിക്കാനുള്ള ഓരോ സൗജന്യ ടിക്കറ്റുകള്‍ ലഭിക്കും. സെപ്തംബര്‍ ഒന്നുമുതല്‍ ദുബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഫ്‌ലൈ ദുബൈ യാത്രക്കാര്‍ക്ക് ഒരു ദിവസത്തെ എക്‌സ്‌പോ ടിക്കറ്റ് സൗജന്യമാണ്. ഇത്തിഹാദ് എയര്‍വേയ്‌സില്‍ അബുദാബിയിലേക്കോ അതുവഴിയോ യാത്ര ചെയ്യുന്നവര്‍ക്ക് എക്‌സ്‌പോ സൗജന്യ ടിക്കറ്റ് ലഭിക്കും. ദുബൈ എക്സ്പോ 2020ന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ നിന്ന് ടിക്കറ്റുകള്‍ ലഭ്യമാണ്.

സന്ദര്‍ശന സമയം

ആഴ്ചയില്‍ എല്ലാ ദിവസവും എക്‌സ്‌പോ സന്ദര്‍ശനത്തിന് സമയം അനുവദിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ ബുധനാഴ്ച വരെ രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ എക്‌സ്‌പോ വേദി സന്ദര്‍ശിക്കാം. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വെളുപ്പിന് രണ്ട് മണി വരെയാണ് സന്ദര്‍ശന സമയം. 
 

ഗതാഗതം

എക്‌സ്‌പോ നഗരിയിലേക്ക് ആര്‍ ടി എ ഒമ്പത് ലൊക്കേഷനുകളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് ഒരുക്കിയിട്ടുണ്ട്. എക്‌സ്‌പോ റൈഡര്‍ എന്ന പേരിലാണ് 126 ബസുകള്‍ ദുബൈയില്‍ ഒരുക്കിയിട്ടുള്ളത്. ദുബൈ നഗരത്തില്‍ നിന്ന് മെട്രോ ചുവപ്പ് ലൈനിലൂടെ എക്‌സ്‌പോ നഗരിയുടെ കവാടത്തിലെത്താം. 

കൊവിഡ് പ്രതിസന്ധികള്‍ നിറഞ്ഞ കാലഘട്ടത്തിലും ലോകത്തിന് പ്രതീക്ഷയാകുകയാണ് ദുബൈ എക്സ്പോ 2020. കൊവിഡിനെ അതിജീവിച്ച്, കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി ദുബൈ ക്ഷണിക്കുന്നു, ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ഇതിലേ, ഇതിലേ...

(ചിത്രങ്ങള്‍ക്ക് കടപ്പാട് എ എഫ് പി, റോയിട്ടേഴ്സ്, Expo 2020 Dubai, ഗള്‍ഫ് ന്യൂസ്)

 

click me!