പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കാമെന്ന് വാഗ്ദാനം; ബഹ്റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടന ലക്ഷങ്ങളുടെ തട്ടിപ്പിന് ശ്രമിച്ചെന്ന് ആരോപണം

By Web TeamFirst Published Sep 14, 2019, 3:50 PM IST
Highlights

ഓഗസ്റ്റ് 24ന് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചപ്പോള്‍ കൂടെ നിന്ന് ഫോട്ടോ എടുക്കാമെന്നും ചടങ്ങിലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് തന്റെ ഭര്‍ത്താവില്‍ നിന്ന് രണ്ടുപേര്‍ നാല് ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. 

മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഫോട്ടോ എടുക്കാമെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശന ചടങ്ങലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതായി ആരോപണം. ബഹ്റൈനിലെ സംഘപരിവാര്‍ അനുകൂല സംഘടനയായ സംസ്കൃതിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് വാട്‍സ്ആപ് ഗ്രൂപ്പില്‍ ഒരു യുവതി പോസ്റ്റ് ചെയ്ത ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് തട്ടിപ്പ് ശ്രമം പുറത്തുവന്നത്.

ഓഗസ്റ്റ് 24ന് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചപ്പോള്‍ കൂടെ നിന്ന് ഫോട്ടോ എടുക്കാമെന്നും ചടങ്ങിലേക്ക് വിഐപി പാസ് നല്‍കാമെന്നും വാഗ്ദാനം ചെയ്ത് തന്റെ ഭര്‍ത്താവില്‍ നിന്ന് രണ്ട് സംഘടനാ പ്രവര്‍ത്തകര്‍ നാല് ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയമായപ്പോള്‍ ഇയാള്‍ ഫോണ്‍ എടുക്കുകപോലും ചെയ്തില്ലെന്നും തങ്ങളെ കബളിപ്പിച്ചുവെന്നും യുവതിയുടേതായി പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തില്‍ പറയുന്നു. പാര്‍ട്ടിക്ക് വേണ്ടി പണം ആവശ്യമുണ്ടായിരുന്നെങ്കില്‍ അക്കാര്യം നേരിട്ട് ചോദിച്ചിരുന്നെങ്കില്‍ തന്റെ ഭര്‍ത്താവ് നല്‍കുമായിരുന്നുവെന്നും എന്നാല്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്നും യുവതി പറയുന്നു.

തന്നെയും ഭര്‍ത്താവിനെയും ഇവര്‍ ചതിക്കുകയായിരുന്നുവെന്നും ഒരുക്കലും ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്നും പുറത്തുവന്ന മറ്റൊരു വോയിസ് ക്ലിപ്പിലുണ്ട്. പാര്‍ട്ടിയുടെ പേരുപോലും ഇവര്‍ നശിപ്പിക്കുകയാണ്. പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ഭര്‍ത്താവ് സിഐഡികളോട് പരാതിപ്പെടും. പണം വാങ്ങിയവരെ ജയിലില്‍ എത്തിക്കാനുള്ള എല്ലാ തെളിവുകളും ഭര്‍ത്താവിന്റെ പക്കലുണ്ടെന്നും യുവതി പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 ദിനാര്‍ വരെ വാങ്ങിയിട്ടുണ്ടെന്നും മദ്യം കള്ളക്കടത്ത് നടത്തിയപ്പോള്‍ സൗദി അതിര്‍ത്തിയില്‍ വെച്ച് അത് പിടിക്കപ്പെടുകയായിരുന്നുവെന്നതടക്കമുള്ള ആരോപണങ്ങളും പ്രചരിക്കുന്ന വാട്സാപ്പ് സന്ദേശത്തില്‍ യുവതി ഉന്നയിക്കുന്നുണ്ട്.

click me!