ഗുരുതരാവസ്ഥയിലുള്ള പ്രവാസികളെപ്പോലും തഴഞ്ഞ് കുവൈത്തില്‍ നിന്ന് അനര്‍ഹര്‍ നാട്ടിലെത്തിയെന്ന് ആരോപണം

By Web TeamFirst Published May 16, 2020, 9:53 PM IST
Highlights

വിമാനത്താവളത്തിലെത്തിയ രോഗിയെക്കൊണ്ട്, നാട്ടിലെത്തിക്കാൻ സഹായിച്ചതിന് നന്ദി പറയിപ്പിച്ച് എംബസി അധികൃതർ വീഡിയോ എടുത്തു. ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇവർ ഇപ്പോഴും കുവൈത്തിലാണ് എന്ന് മറന്നായിരുന്നു എംബസി യുടെ ട്വീറ്റ്.

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് വന്ദേ ഭാരത് മിഷൻ വഴി അനർഹരായവരെയാണ് കയറ്റി വിടുന്നതെന്ന ആരോപണം ശക്തമാകുന്നു. ഗുരുതര രോഗമുള്ളവരെ പോലും തഴഞ്ഞാണ് സ്വാധീനമുള്ളവർ  മുൻഗണനാ പട്ടികയിൽ ഇടം പിടിക്കുന്നത്. നാട്ടിലെത്തിക്കാൻ സഹായിച്ചതിന് നന്ദി അറിയിച്ചു എന്ന്  എംബസി ട്വീറ്റ് ചെയ്ത രോഗിയും മകനും ഇപ്പോഴും കുവൈത്തിലാണ്.

ഒരു വശം തളർന്ന ആലപ്പുഴ സ്വദേശിയായ പ്രിൻസ്, നാട്ടിൽ പോകുന്നതിനായി കുവൈത്ത് എംബസിയെ സമീപിക്കുകയും പതിമൂന്നാം തീയതി വിമാനത്താവളത്തിൽ എത്തുകയും ചെയ്തു. പക്ഷേ പോകാൻ സാധിച്ചില്ല. എംബസിയില്‍ നിന്നും ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വിളിച്ച് അറിയിച്ചതനുസരിച്ചാണ് വിമാനത്താവളത്തിലെത്തിയതെന്നും എന്നാല്‍ എത്തിയപ്പോള്‍ ടിക്കറ്റ് ലഭിച്ചില്ലെന്നും മകന്‍ നിതിന്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലായ പ്രിന്‍സിന് പിന്നീട് താമസ സ്ഥലത്തേക്ക് മടങ്ങേണ്ടിവന്നു.

എന്നാൽ വിമാനത്താവളത്തിലെത്തിയ ഇവരെക്കൊണ്ട് നാട്ടിലെത്തിക്കാൻ സഹായിച്ചതിന് നന്ദി പറയിപ്പിച്ച് എംബസി അധികൃതർ വീഡിയോ എടുത്തു. ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇവർ ഇപ്പോഴും കുവൈത്തിലാണ് എന്ന് മറന്നായിരുന്നു എംബസി യുടെ ട്വീറ്റ്. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്ത് വന്നതോടെ എംബസി ട്വീറ്റ് പിൻവലിച്ചു. രോഗികളടക്കമുള്ളവർക്ക് ടിക്കറ്റ് നിഷേധിച്ചപ്പോൾ എംബസിക്ക് വേണ്ടപ്പെട്ടവര്‍ക്ക് അതേ വിമാനത്തില്‍ ടിക്കറ്റ് ലഭിച്ചതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 

click me!