നിസാര കാരണം പറഞ്ഞ് പ്രധാനാധ്യാപകനെ തരം താഴ്‍ത്തിയെന്ന് ആരോപണം; ജിദ്ദ ഇന്ത്യൻ സ്കൂളിൽ വിവാദം

By Web TeamFirst Published Apr 6, 2020, 1:47 PM IST
Highlights

കഴിഞ്ഞ അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിൽ രണ്ടു ഡിവിഷനുകൾ അധികമായി സൃഷ്ടിച്ച് അധ്യാപകരെ നിശ്ചയിച്ചുവെന്നും ഇതിന്റെ പേരിൽ സ്‌കൂളിന് അധിക സാമ്പത്തിക ബാധ്യത വന്നു എന്നുമാണ് മാനേജ്‌മെൻറ് പറയുന്നത്. 

റിയാദ്: സീനിയറായ പ്രധാനാധ്യാപകനെ നിസാര കാരണങ്ങള്‍ പറഞ്ഞ് തരം താഴ്‍ത്തിയെന്ന ആരോപണവുമായി ജിദ്ദ ഇൻറർനാഷണൽ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റിനെതിരെ രക്ഷിതാക്കള്‍. ഇല്ലാത്ത ഡിവിഷന്റെ പേരിൽ കൂടുതൽ അധ്യാപകരെ നിയമിച്ചുവെന്ന കാരണം പറഞ്ഞാണ് മലയാളി അധ്യാപകൻ നൗഫൽ പാലക്കോത്തിന് എതിരെ സ്കൂള്‍ മാനേജ്മെന്റ് നടപടിയെടുത്തത്. എന്നാല്‍ മികവും ആത്മാർത്ഥതയും പുലർത്തിയിരുന്ന അധ്യാപകനെതിരായ ആരോപണങ്ങള്‍ക്ക് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങളാണുള്ളതെന്നാണ് രക്ഷകർത്താക്കളിൽ ചിലരും അവരുടെ കൂട്ടായ്മയും ആരോപിക്കുന്നത്. 

നടപടിക്കെതിരെ സ്കൂൾ രക്ഷാധികാരികളായ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ജനറലിനും റിയാദ് ഇന്ത്യൻ എംബസിയിലെ അംബാസഡറിനും പരാതി നൽകി. കഴിഞ്ഞ അധ്യയന വർഷത്തിൽ ഒമ്പതാം ക്ലാസിൽ രണ്ടു ഡിവിഷനുകൾ അധികമായി സൃഷ്ടിച്ച് അധ്യാപകരെ നിശ്ചയിച്ചുവെന്നും ഇതിന്റെ പേരിൽ സ്‌കൂളിന് അധിക സാമ്പത്തിക ബാധ്യത വന്നു എന്നുമാണ് മാനേജ്‌മെൻറ് പറയുന്നത്. ഇങ്ങനെ ഡിവിഷനുകൾ ഉണ്ടായിരുന്നില്ലെന്നും അതിന്റെ പേരിൽ നൗഫലിനോട് മാനേജ്‌മെൻറും പ്രിൻസിപ്പലും വിശദീകരണം ചോദിച്ചിരുന്നുവെന്നും മറുപടി തൃപ്തികരമായിരുന്നില്ലെന്നുമാണ് മാനേജ്മെൻറ് പറയുന്നത്. 

തുടർന്ന് വിഷയം സ്‌കൂൾ ഹയർ ബോർഡിന് വിടുകയും അവർ നിശ്ചയിച്ച മൂന്നംഗ സമിതി അന്വേഷണം നടത്തുകയും ചെയ്തതിന്റെ  അടിസ്ഥാനത്തിൽ ഹയർ ബോർഡും ഇന്ത്യൻ കോൺസുലേറ്റിലെ സ്‌കൂൾ നിരീക്ഷകരും ചേർന്നാണ് നടപടി സ്വീകരിച്ചതെന്നും മാനേജിങ് കമ്മിറ്റിയുടെ വിശദീകരിക്കുന്നു. 19 വർഷത്തോളമായി സ്‌കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന നൗഫൽ പാലക്കോത്ത് മികച്ച അധ്യാപകനെന്ന നിലയിൽ സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്താൻ വലിയ പങ്ക് വഹിച്ചയാളാണെന്നും നിസാര കാരണം പറഞ്ഞുള്ള നടപടി സ്കൂൾ അധികൃതരുടെ നിഗൂഢമായ അജണ്ട പ്രകാരമാണെന്നുമാണ് രക്ഷകർത്താക്കൾ ആരോപിക്കുന്നത്.

click me!