
ദോഹ: സിറിയയിലെ ഇസ്രയേൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ സിറിയൻ ജനതക്ക് പിന്തുണയുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറയെ ഫോണിൽ വിളിച്ച അമീർ സിറിയൻ ജനതയോടുള്ള ഖത്തറിന്റെ ഐക്യദാർഢ്യം അറിയിച്ചു. സിറിയൻ ജനതയുടെ ഐക്യം ശക്തിപ്പെടുത്തുന്നതിനും, പ്രദേശിക സമഗ്രത നിലനിർത്തുന്നതിനും, രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ്ണ പിന്തുണ നൽകുമെന്ന് ഖത്തർ അമീർ വ്യക്തമാക്കി.
സിറിയക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിക്കുന്നുവെന്നും ഇത് സിറിയയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും, ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനവുമാണെന്നും പ്രാദേശിക സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും അമീർ പറഞ്ഞു. സിറിയയെ പിന്തുണയ്‌ക്കുന്ന നിലപാടിന് അമീറിനും ഖത്തറിനും സിറിയൻ പ്രസിഡന്റ് നന്ദി അറിയിച്ചു. സിറിയയിലും മേഖലയിലും സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിൽ ഖത്തർ അമീറിന്റെ പങ്കിനെ സിറിയൻ പ്രസിഡന്റ് പ്രശംസിച്ചു.
നേരെത്തെ, ഖത്തർ വിദേശകാര്യ മന്ത്രാലയവും ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിച്ചിരുന്നു. അധിനിവേശ ആക്രമണങ്ങളെ തടയുന്നതിന് അന്താരാഷ്ട്ര സമൂഹം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam