
കോട്ടയം: ഇംഗ്ലണ്ടിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട വൈക്കം മറവന്തുരുത്ത് കുലശേഖരമംഗലം സ്വദേശിയായ അഞ്ജു ഏറെ നാളായി വിഷാദലായിരുന്നുവെന്ന് പിതാവ് അശോകന്‍ പറഞ്ഞു. വീട്ടിലേക്ക് വീഡിയോ കോള്‍ വിളിക്കുമ്പോഴൊക്കെ ദുഃഖത്തിലായിരുന്നു. അജ്ഞുവിന്റെ ഭര്‍ത്താവ് സാജുവാകട്ടെ ജോലിയില്ലാത്ത വിഷമത്തിലുമായിരുന്നു. മാസങ്ങളായി അഞ്ജു നാട്ടിലേക്ക് പണമയച്ചിരുന്നില്ല. എന്നാല്‍ ഇവര്‍ക്കിടയില്‍ മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്നും അശോകന്‍ പറഞ്ഞു.
വ്യാഴാഴ്ചയാണ് അഞ്ജുവിനെയും (40), മക്കളായ ജീവ (6), ജാന്‍വി (4) എന്നിവരെയും ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. പാരാമെഡിക്കല്‍ ജീവനക്കാരും പൊലീസും സ്ഥലത്തെത്തി ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കി. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് അഞ്ജു മരണപ്പെട്ടിരുന്നു. കുട്ടികള്‍ രണ്ട് പേരും ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. അഞ്ജുവിന്റെ ഭര്‍ത്താവ്, കണ്ണൂര്‍, പടിയൂര്‍, കൊമ്പന്‍പാറ സ്വദേശി സാജുവിനെ (52) പൊലീസ് അറസ്റ്റ് ചെയ്‍തു. സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും നിലവില്‍ സംശയിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ വിശദാംശങ്ങള്‍ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അഞ്ജുവിനും ഭര്‍ത്താവ് സാജുവിനും സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതിന്റെ പേരില്‍ ചില വഴക്കുകള്‍ ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സാജുവിന് ജോലി ഉണ്ടായിരുന്നില്ല. പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരനായിരുന്നു സാജുവെന്ന് അഞ്ജുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു. നേരത്തെ സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്ന സാജു, ഭാര്യയ്ക്ക് യു.കെയില്‍ ജോലി ലഭിച്ചതിന് പിന്നാലെയാണ് അവര്‍ക്കൊപ്പം കെറ്ററിംഗില്‍ എത്തിയത്.
വ്യാഴാഴ്ച അഞ്ജു ജോലി സ്ഥലത്ത് എത്താതെ വന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വ്യാഴാഴ്ച പ്രദേശിക സമയം രാവിലെ 11.15നാണ് (ഇന്ത്യന്‍ സമയം രാത്രി 11.15) കേസ് രജിസ്റ്റര്‍ ചെയ്‍തത്. ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന സംഭവമാണുണ്ടായിരിക്കുന്നതെന്നും പ്രത്യേക അന്വേഷണ സംഘം ഇപ്പോല്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അറിയിച്ച ലോക്കല്‍ പൊലീസിങ് കമാണ്ടര്‍ സ്റ്റീവ് ഫ്രീമാന്‍, മരണപ്പെട്ട സ്‍ത്രീയ്ക്കും കുട്ടികള്‍ക്കും നീതി ലഭ്യമാക്കുമെന്നും അറിയിച്ചു. മരണ കാരണം കണ്ടെത്താനുള്ള ഫോറന്‍സിക് പരിശോധനയും പോസ്റ്റ്‍മോര്‍ട്ടവും ഉടനെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയാവുന്നവര്‍ പൊലീസിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: ബ്രിട്ടനിൽ വൈക്കം സ്വദേശിയായ യുവതിയും മക്കളും കൊല്ലപ്പെട്ടു; കണ്ണൂർ സ്വദേശിയായ ഭർത്താവ് പിടിയിൽ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam