ദുബൈ: യുഎഇയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ മലയാളിയുടെ പെരുവിരല്‍ അറ്റുപോയെങ്കിലും കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ തുന്നിച്ചേര്‍ത്തു. ജബല്‍ അലിയില്‍ ജോലി ചെയ്യുന്ന മലയാളിയായ 47 വയസുകാരന്‍ കുഞ്ഞികൃഷ്ണനാണ് വിദഗ്ധ ചികിത്സയിലൂടെ അപകടത്തെ അതിജീവിച്ചത്. ഖുസൈസ് ആസ്റ്റര്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് റീകണ്‍സ്‍ട്രക്ടീവ് ആന്റ് മൈക്രോ വാസ്‍കുലാര്‍ സര്‍ജന്‍ ഡോ. രാജ്‍കുമാര്‍ രാമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു എട്ട് മണിക്കൂര്‍ നീണ്ട ശസ്‍ത്രക്രിയ നടത്തിയത്.
രാവിലെ ഒന്‍പത് മണിക്ക് ജോലി ആരംഭിക്കാനിരിക്കവെയായിരുന്നു അപകടം. മെഷീന്‍ സജ്ജമാക്കുന്നതിനിടെ പെരുവിരല്‍ മെഷീനിനുള്ളില്‍ കുടുങ്ങി പൂര്‍ണമായും അറ്റുപോയി. ചോര ചീറ്റിത്തെറിക്കുന്നതിനിടയിലും തനിക്ക് ബോധവും ഓര്‍മയുമുണ്ടായിരുന്നെന്ന് കുഞ്ഞികൃഷ്ണന്‍ പറയുന്നു. പക്ഷേ അനങ്ങാന്‍ സാധിച്ചില്ല. എന്നാല്‍ സംയമനം കൈവിടാതെ തക്കസമയത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ എത്രയും വേഗം ആശുപത്രിയിലെത്തിച്ചു. അറ്റുപോയ കൈവിരല്‍ ഒരു ബോക്സിലാക്കി ഐസ് നിറച്ച് അതും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തൊട്ടടുത്തു തന്നെയുള്ള ജബല്‍ അലി ആസ്റ്റര്‍ ആശുപത്രിയിലായിരുന്നു ആദ്യം എത്തിയതെങ്കിലും പരിക്കിന്റെ ഗുരുതരാവസ്ഥ കാരണം അവിടെ നിന്ന് ഖുസൈസിലെ ആസ്റ്റര്‍ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കിയ കുഞ്ഞികൃഷ്ണന്റെ പെരുവിരല്‍ അവിടെ വെച്ചാണ് ഡോ. രാജ്‍കുമാര്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം തുന്നിച്ചേര്‍ത്തത്. ശസ്‍ത്രക്രിയ എട്ട് മണിക്കൂര്‍ നീണ്ടെങ്കിലും പൂര്‍ണ വിജയമായിരുന്നു.
കൈവിരല്‍ പൂര്‍ണമായി അറ്റുപോയതിനാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമായിരുന്നുവെന്ന് ഡോ. രാജ്‍കുമാര്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര ശസ്ത്രക്രിയ അല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. കൃത്യസമയത്ത് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചതാണ് ഏറ്റവും സഹായകമായത്. രക്തക്കുഴലുകളും നാഡികളും ടെന്‍ഡനുകളുമെല്ലാം മൈക്രോസ്‍കോപ്പിന്റെ സഹായത്തോടെ സൂക്ഷ്‍മമായി നിരീക്ഷിച്ച് തുന്നിച്ചേര്‍ക്കേണ്ടിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം കഴിഞ്ഞ് കുഞ്ഞികൃഷ്ണന്‍ ആശുപത്രി വിട്ടു. ഇനി ഫിസിയോതെറാപ്പി ചെയ്യണം.
അപകടങ്ങളിലും മറ്റും അറ്റുപോകുന്ന ശരീര ഭാഗങ്ങള്‍ ശുദ്ധമായ വെള്ളത്തില്‍ കഴുകി നനവും വൃത്തിയുമുള്ള തുണിയില്‍ പൊതിഞ്ഞ ശേഷം വെള്ളംകടക്കാത്ത പ്ലാസ്റ്റിക് കവറിലിട്ട് അതിന് മുകളില്‍ ഐസ് നിറച്ച് എത്രയും വേഗം രോഗിയോടൊപ്പം ആശുപത്രിയില്‍ എത്തിക്കണമെന്ന് ഡോ. രാജ്‍കുമാര്‍ രാമചന്ദ്രന്‍ പറഞ്ഞു. ആറ് മുതല്‍ എട്ട് മണിക്കൂറിനകം ശസ്‍ത്രക്രിയ നടത്തിയാല്‍ മികച്ച ഫലമുണ്ടാവും. കുഞ്ഞികൃഷ്ണന്റെ കാര്യത്തില്‍ വളരെ നേരത്തെ തന്നെ അദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ