യുഎഇ വിസയ്ക്കുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാം

By Web TeamFirst Published Mar 10, 2019, 2:54 PM IST
Highlights

പുതിയ സംവിധാനം നിലവില്‍ വന്നശേഷം 50 ലക്ഷം അപേക്ഷകള്‍ റെക്കോര്‍ഡ് വേഗത്തില്‍ ഇതിനോടകം തീര്‍പ്പാക്കി. ഒരു മിനിറ്റുപോലും വിസ കേന്ദ്രത്തില്‍ കാത്തിരിക്കേണ്ടി വരാതായതോടെ സര്‍വീസ് സെന്ററുകളിലെ തിരക്ക് 99 ശതമാനവും ഇല്ലാതായി. ജി ഡി ആര്‍ എഫ് എയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷകള്‍ നല്‍കാം. 

അബുദാബി: യുഎഇ വിസയ്ക്കായുള്ള അപേക്ഷകള്‍ 15 സെക്കന്റിനകം പൂര്‍ത്തിയാക്കാവുന്ന അത്യാധുനിക സംവിധാനം വിജയികരമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആര്‍.എഫ്.എ) അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എന്‍ട്രി പെര്‍മിറ്റ് 50 പ്ലസ് എന്ന സംവിധാനത്തിലൂടെ റെക്കോര്‍ഡ് വേഗതയില്‍ ഇലക്ട്രോണിക് വിസ അനുവദിക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. മനുഷ്യ ഇടപെടല്‍ പരമാവധി കുറച്ച് പരിശോധനകളെല്ലാം കംപ്യൂട്ടര്‍വത്കരിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

പുതിയ സംവിധാനം നിലവില്‍ വന്നശേഷം 50 ലക്ഷം അപേക്ഷകള്‍ റെക്കോര്‍ഡ് വേഗത്തില്‍ ഇതിനോടകം തീര്‍പ്പാക്കി. ഒരു മിനിറ്റുപോലും വിസ കേന്ദ്രത്തില്‍ കാത്തിരിക്കേണ്ടി വരാതായതോടെ സര്‍വീസ് സെന്ററുകളിലെ തിരക്ക് 99 ശതമാനവും ഇല്ലാതായി. ജി ഡി ആര്‍ എഫ് എയുടെ വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷകള്‍ നല്‍കാം. വിസ അനുവദിക്കുന്നതിന് മുന്‍പ് രേഖകള്‍ മനുഷ്യസഹായമില്ലാതെ തന്നെ പരിശോധിക്കപ്പെടും. ഇത് പൂര്‍ത്തിയായ ഉടന്‍ തന്നെ ഇലക്ട്രോണിക് വിസ അനുവദിക്കുകയും ചെയ്യും. കഴിഞ്ഞ ഒരു വര്‍ഷമായി പരീക്ഷിക്കുന്ന സംവിധാനം പൂര്‍ണ്ണ വിജയമാണെന്ന് ജി ഡി ആര്‍ എഫ് എ ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. മനുഷ്യരേക്കാള്‍ കൃത്യതയോടെ രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കുന്ന 50 പ്ലസ് സംവിധാനത്തിലൂടെ യുഎഇക്ക് 50 വര്‍ഷം മുന്നോട്ട് സഞ്ചരിക്കാനായെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഈ സംവിധാനത്തെ ബന്ധിപ്പിച്ചിട്ടുണ്ട്. ഇത് അപേക്ഷ ലഭിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട പരിശോധകള്‍ എളുപ്പമാക്കുന്നു. നേരത്തെ നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ എടുത്തിരുന്ന പരിശോധനാ സമയം ഇപ്പോള്‍ 15 സെക്കന്റായി കുറഞ്ഞു. പരിശോധനയ്ക്ക് പുറമെ സംശയകരമായ വ്യക്തികളെയും പൊലീസ് തെരയുന്നവരെയും കുറിച്ചുള്ള വിവരങ്ങളും പ്രത്യേകം ശേഖരിക്കുകയും അത് സുരക്ഷാ ഏജന്‍സികള്‍ക്ക് കൈമാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ഒരു തരത്തിലുമുള്ള സുരക്ഷാ ഭീഷണികള്‍ക്കും സ്ഥാനമില്ല. സന്ദര്‍ശക വിസകളും വിസ പുതുക്കലിനുള്ള അപേക്ഷകളുമൊക്കെ ഈ സംവിധാനത്തിലൂടെ നല്‍കാന്‍ സാധിക്കുമെന്ന് ജി ഡി ആര്‍ എഫ് എ  അറിയിച്ചിട്ടുണ്ട്.

click me!