യുഎഇയില്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; നിബന്ധനകള്‍ ഇങ്ങനെ

By Web TeamFirst Published Sep 30, 2021, 3:23 PM IST
Highlights

ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനും സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ താമസിക്കാനും സാധിക്കുന്നതാണ് പുതിയ ദീര്‍ഘകാല സന്ദര്‍ശക വിസകള്‍. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ രാജ്യത്ത് കഴിയാം.

അബുദാബി: യുഎഇയില്‍ (UAE) അഞ്ച് വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്ക് (Multiple entry tourist visa) ഇപ്പോള്‍ അപേക്ഷ നല്‍കാം. എല്ലാ രാജ്യക്കാര്‍ക്കും ഇത്തരം വിസകള്‍ അനുവദിക്കുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചിട്ടുണ്ട്.

ഒന്നിലധികം തവണ രാജ്യത്ത് പ്രവേശിക്കാനും സ്വന്തം സ്‍പോണ്‍സര്‍ഷിപ്പില്‍ തന്നെ താമസിക്കാനും സാധിക്കുന്നതാണ് പുതിയ ദീര്‍ഘകാല സന്ദര്‍ശക വിസകള്‍. ഓരോ സന്ദര്‍ശനത്തിലും 90 ദിവസം വരെ രാജ്യത്ത് കഴിയാം. ആവശ്യമെങ്കില്‍ ഇത് 90 ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കുകയും ചെയ്യാം. 560 ദിര്‍ഹമാണ് വിസയ്‍ക്ക് അപേക്ഷിക്കാനായി നല്‍കേണ്ടത്. ഐ.സി.എ വെബ്‍സൈറ്റില്‍ നിന്ന് നേരിട്ട് വിസയ്‍ക്ക് അപേക്ഷിക്കാം. ആവശ്യമായ രേഖകളും നേരിട്ട് വെബ്‍സൈറ്റില്‍ അപ്‍ലോഡ് ചെയ്യുകയും ചെയ്യാം. ദുബൈയില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെഡിസന്‍സി ആന്റ് ഫോറിനേഴ്‍സ് അഫയേഴ്‍സാണ് അംഗീകാരം നല്‍കേണ്ടത്. 

വെബ്‍സൈറ്റില്‍ പ്രവേശിച്ച് പേരും സ്വന്തം രാജ്യത്തെ വിലാസവും അടക്കമുള്ള വിവരങ്ങളാണ് ആദ്യം നല്‍കേണ്ടത്. പിന്നീട് കളര്‍ ഫോട്ടോ, പാസ്‍പോര്‍ട്ട് കോപ്പി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ അപ്‍ലോഡ് ചെയ്യണം. കഴിഞ്ഞ ആറ് മാസത്തില്‍ 4000 ഡോളറോ അതിന് തുല്യമായ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സായി ഉണ്ടായിരിക്കണം. അപേക്ഷ വീണ്ടും പരിശോധിച്ച ശേഷം അപേക്ഷാ ഫീസ് അടയ്‍ക്കാം. വിസ ഇ-മെയിലായി ലഭിക്കും. 

click me!