സൗദി അറേബ്യയ്ക്ക് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്ത് അറബ് സഖ്യസേന

By Web TeamFirst Published Sep 3, 2021, 8:50 AM IST
Highlights

സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അപരിഷ്‌കൃതമാണെന്ന് അറബ് സഖ്യസേന പറഞ്ഞു.

റിയാദ്: സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടെത്തിയ ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ചയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തകര്‍ത്തത്. 

സാധാരണക്കാരെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ അപരിഷ്‌കൃതമാണെന്ന് അറബ് സഖ്യസേന പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണങ്ങളില്‍ നിന്ന് സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളെയും സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും സഖ്യസേന കൂട്ടിച്ചേര്‍ത്തു. സാധാരണക്കാരെ രക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്ന് സഖ്യസേന പ്രസ്താവനയിൽ വ്യക്തമാക്കി. സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വന്ന സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോൺ സൗദി സഖ്യസേന തകർത്തിരുന്നു. ഈ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച്‌ ആകെ എട്ട് പേര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.  അതിന് ശേഷം അബഹ വിമാനത്താവളത്തിന് നേരെ മറ്റൊരു ഡ്രോൺ ആക്രമണവും സൗദി സഖ്യസേന പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആക്രമണത്തിൽ ആർക്കും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിരുന്നില്ല. 24 മണിക്കൂറിനിടെ വിമാനത്താവളത്തിന് നേരെയുണ്ടായ രണ്ട് ആക്രമണങ്ങളിലൂടെ ഹൂതികള്‍ യുദ്ധക്കുറ്റത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!