പ്രവാസികള്‍ക്ക് ആറ് തൊഴില്‍ മേഖലകളില്‍ കൂടി യോഗ്യതാ പരീക്ഷ; രണ്ടാംഘട്ടത്തിന് തുടക്കം

By Web TeamFirst Published Sep 2, 2021, 10:34 PM IST
Highlights

എ.സി ടെക്നീഷ്യൻ, വെൽഡിങ്, കാർപെൻറർ, കാർ മെക്കാനിക്ക്, കാർ ഇലക്ട്രീഷ്യൻ, പെയിൻറർ എന്നീ ആറ് വിദഗ്ധ തൊഴിലുകൾ കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്. അവസാന ഘട്ട പരീക്ഷ അടുത്ത വർഷം ജനുവരിയിലാണ്. 

റിയാദ്: സൗദി അറേബ്യയിൽ ആറ് വിദഗ്ധ തൊഴിലുകളിൽ കൂടി വിദേശികൾക്ക് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി. നേരത്തെ ഈ പട്ടികയിൽ ഉൾപ്പെടുത്തിയ 205 വിദഗ്ധ തൊഴിലുകളിൽ ആദ്യഘട്ടമായി പരീക്ഷ ആരംഭിച്ചിരുന്നു. അതിൽ ആറ് തസ്തികകളെ കൂടി ഉൾപ്പെടുത്തിയാണ് ബുധനാഴ്ച രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്. 

500 മുതൽ 2999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളിലാണ് രണ്ടാം ഘട്ട പരീക്ഷ. വിദഗ്ധ തൊഴിലാളികൾക്ക് യോഗ്യതയും പ്രായോഗിക പരിജ്ഞാനവും ഉണ്ടോ എന്ന് പരിശോധിക്കാനാണ് പരീക്ഷ. എ.സി ടെക്നീഷ്യൻ, വെൽഡിങ്, കാർപെൻറർ, കാർ മെക്കാനിക്ക്, കാർ ഇലക്ട്രീഷ്യൻ, പെയിൻറർ എന്നീ ആറ് വിദഗ്ധ തൊഴിലുകൾ കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്. അവസാന ഘട്ട പരീക്ഷ അടുത്ത വർഷം ജനുവരിയിലാണ്. 

മൊത്തം 1099 വിദഗ്ധ ജോലികളിലാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. രണ്ട് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ആദ്യത്തേത് പുതുതായി വരുന്ന വിദഗ്ധ തൊഴിലാളികളെ അവരുടെ രാജ്യങ്ങളിൽ വെച്ച് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ച് സൗദിയിലെത്തുന്നതിന് മുമ്പ് പരീക്ഷക്ക് വിധേയമാക്കുക എന്നതാണ്. രണ്ടാമത്തേത് നിലവിൽ സൗദിയിലുള്ള വിദഗ്ധ ജോലിക്കാരെ രാജ്യത്തുള്ള പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളുടെ സഹകരണത്തോടെ പരീക്ഷക്ക് വിധേയമാക്കും. 

click me!