സൗദി അറേബ്യ ലക്ഷ്യമിട്ട് ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ച് അറബ് സഖ്യസേന

By Web TeamFirst Published Oct 29, 2020, 11:24 AM IST
Highlights

ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അറബ് സഖ്യസേന അറിയിച്ചു. ജിസാന്‍, നജ്റാന്‍, ഖമീസ് മുശൈത്ത് എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം. 

റിയാദ്: സൗദി അറേബ്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഹൂതികള്‍ അയച്ച ആറ് ആളില്ലാ വിമാനങ്ങള്‍ അറബ് സഖ്യസേന തകര്‍ത്തു. ബുധനാഴ്‍ചയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ആക്രമണ ശ്രമമുണ്ടായത്. ബുധനാഴ്‍ച തന്നെ സൗദിക്ക് നേരെ ഹൂതികളുടെ മിസൈലാക്രമണവുമുണ്ടായി. എന്നാല്‍ അവയും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പ്രതിരോധിക്കാനായതായി അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു.

ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും അറബ് സഖ്യസേന അറിയിച്ചു. ജിസാന്‍, നജ്റാന്‍, ഖമീസ് മുശൈത്ത് എന്നിവിടങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഹൂതികളുടെ ബാലിസ്റ്റിക് മിസൈലാക്രമണം. അന്താരാഷ്‍ട്ര നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഹൂതികള്‍ ആക്രമണം തുടരുന്നതെന്ന് അല്‍ മാലികി പറഞ്ഞു.

സൗദി അറേബ്യക്കെതിരായ ആക്രമണം യുഎഇ അപലപിച്ചു. കാര്യങ്ങള്‍ ഗുരുതരമായ സ്ഥിതിയിലേക്കാണ് നീങ്ങുന്നതെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്‍ട്ര  സഹകരണ മന്ത്രാലയം അഭിപ്രായപ്പെട്ടു. സൗദി അറേബ്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും സൗദിയിലെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷക്കായി സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പിന്തുണ പ്രഖ്യാപിക്കുന്നതായും യുഎഇ അറിയിച്ചു. സംഭവത്തെ ഗള്‍ഫ് സഹകരണ കൗണ്‍സിലും അപലപിച്ചു.

click me!