സംരംഭകരെയും മുതിർന്ന ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പത്ത് വർഷത്തെ പുതിയ ദീർഘകാല റെസിഡൻസി പദ്ധതി അവതരിപ്പിച്ച് ഖത്തർ. 'ജുസൂർ' പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാവുന്ന ഈ വിസ, സ്പോൺസറുടെ ആവശ്യമില്ലാതെ ഖത്തറിൽ താമസിക്കാനും ജോലി ചെയ്യാനും അവസരമൊരുക്കുന്നു.
ദോഹ: സൗദി അറേബ്യയുടെയും യു.എ.ഇയുടെയും 'ഗോൾഡൻ വിസ' മാതൃകയിൽ, ലോകമ്പാടുമുള്ള പ്രൊഫഷണലുകളെയും സംരംഭകരെയും ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ഖത്തർ പുതിയ പത്ത് വർഷത്തെ ദീർഘകാല റെസിഡൻസി പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി ദോഹയിൽ നടന്ന 'വെബ് സമ്മിറ്റ് ഖത്തർ 2026'-ൽ പ്രഖ്യാപിച്ച ഈ പുതിയ പദ്ധതി, നിലവിലുള്ള ‘മുസ്തഖിൽ’ വിസയുടെ വിപുലീകരിച്ച രൂപമാണ്. സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ വിദേശികൾക്ക് ഖത്തറിൽ സ്വതന്ത്രമായി താമസിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്നതാണ് പുതിയ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ഖത്തറിലെ തൊഴിൽ വിപണിയെ കൂടുതൽ വൈവിധ്യവത്കരിക്കാനും എണ്ണയിതര വരുമാനം വർദ്ധിപ്പിക്കാനുമുള്ള 'ഖത്തർ വിഷൻ 2030'-ന്റെ ഭാഗമായി കൂടിയാണ് ഈ വിജ്ഞാപനം.
ഖത്തർ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ‘ജുസൂർ’(Jusour) എന്ന പ്ലാറ്റ്‌ഫോം വഴിയാണ് ഈ വിസയ്ക്കായുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്. പ്രധാനമായും രണ്ട് വിഭാഗത്തിലുള്ള ആളുകളെയാണ് ഈ 10 വർഷ വിസയ്ക്കായി പരിഗണിക്കുന്നത്. സംരംഭകരും (Entrepreneurs), മുതിർന്ന ഉദ്യോഗസ്ഥരും (Senior Executives). സംരംഭക വിഭാഗത്തിൽ നൂതനമായ ആശയങ്ങളുള്ള സ്റ്റാർട്ടപ്പ് സ്ഥാപകർക്ക് ഖത്തർ സയൻസ് & ടെക്നോളജി പാർക്ക്, ഖത്തർ ഡെവലപ്പ്മെന്റ് ബാങ്ക് തുടങ്ങിയ ഖത്തറിലെ ഏതെങ്കിലും അംഗീകൃത ബിസിനസ് ഇൻകുബേറ്ററുകളുടെ അംഗീകാരപത്രമുണ്ടെങ്കിൽ ഈ വിസയ്ക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് കഴിഞ്ഞ മൂന്ന് മാസമായി കുറഞ്ഞത് 36,500 ഖത്തർ റിയാലോ അതിന് തുല്യമൂല്യമുള്ള തുകയോ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം. ഖത്തറിന് പുറത്തുള്ളവർക്കും ഈ വിസയ്ക്കായി അപേക്ഷിക്കാവുന്നതാണ്. യു.എ.ഇ പോലുള്ള അയൽരാജ്യങ്ങളിൽ ബിസിനസ് ചെയ്യുന്ന മലയാളി സംരംഭകർക്കും ഈ പദ്ധതി വലിയ അവസരമാണ് തുറന്നുനൽകുന്നത്.
രണ്ടാമത്തെ വിഭാഗമായ മുതിർന്ന ഉദ്യോഗസ്ഥർക്ക് കുറച്ചുകൂടി കടുത്ത യോഗ്യതാ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ചെയർമാൻ, സി.ഇ.ഒ, സി.എഫ്.ഒ, സി.ടി.ഒ തുടങ്ങിയ തസ്തികകളിൽ ഇരിക്കുന്നവർക്കും എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കും ഈ വിഭാഗത്തിൽ അപേക്ഷിക്കാം. സി-സ്യൂട്ട് തസ്തികയിലുള്ളവർക്ക് പ്രതിമാസം കുറഞ്ഞത് 50,000 റിയാലും, എക്സിക്യൂട്ടീവ് ഡയറക്ടർമാർക്ക് 80,000 റിയാലും ശമ്പളം ഉണ്ടായിരിക്കണം. കൂടാതെ, അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും നിലവിൽ ഖത്തറിൽ ജോലി ചെയ്യുന്നവരും ഖത്തർ ഐഡി ഉള്ളവരുമായിരിക്കണം. ഖത്തർ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളിലോ പ്രമുഖ ബാങ്കുകളിലോ ജോലി ചെയ്യുന്നവരോ ആയിരിക്കണം ഇവർ. കമ്പനി മുഖേനയാണ് നാമനിർദ്ദേശം ചെയ്യേണ്ടത്.
പ്രധാന ആനുകൂല്യങ്ങൾ
ഈ പത്ത് വർഷത്തെ റെസിഡൻസി വിസ സ്വന്തമാക്കുന്നവർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിരവധിയാണ്. പത്ത് വർഷത്തേക്ക് റെസിഡൻസി ലഭിക്കുന്നതോടൊപ്പം ഇത് പിന്നീട് പുതുക്കാവുന്നതുമാണ്. സ്പോൺസർഷിപ്പ് ഇല്ലാതെ താമസിക്കാമെന്നതാണ് പ്രധാന പ്രത്യേകത. ഇതിലൂടെ ഒരു തൊഴിലുടമയെ മാത്രം ആശ്രയിക്കാതെ ഖത്തറിൽ താമസിക്കാനും ഒപ്പം ബിസിനസ്സ് ചെയ്യാനും സാധിക്കും. തൊഴിൽ മാറിയാലും റെസിഡൻസി നിലനിൽക്കും. വിസ ഉടമയ്ക്ക് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ സാധിക്കും. തന്റെ പങ്കാളിയെയും മക്കളെയും മാതാപിതാക്കളെയും സ്പോൺസർ ചെയ്യുന്നത് കൂടാതെ, ഗാർഹിക തൊഴിലാളികളേയും സ്പോൺസർ ചെയ്യാനുള്ള അനുമതിയുമുണ്ട്. ഖത്തറിലെ ഏറ്റവും ആധുനികവും വികസിതവുമായ രണ്ട് പ്രധാന നഗരമേഖലകളായ പേൾ ഖത്തറിലും ലുസൈലിലും വസ്തുവകകൾ സ്വന്തമാക്കാനുള്ള അനുമതിയും ഈ വിസ വഴി ലഭിക്കും.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
ഈ വിസ ഏത് വിഭാഗത്തിലാണ് അപേക്ഷിക്കുന്നത് എന്നതിനെ ആശ്രയിച്ച് ആവശ്യമായ രേഖകളിൽ മാറ്റമുണ്ടാകാം.
അപേക്ഷകർ സ്വന്തം രാജ്യത്തോ നിലവിൽ താമസിക്കുന്ന രാജ്യത്ത് നിന്നോ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തവരാണെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി), ഖത്തറിലെ അംഗീകൃത മെഡിക്കൽ കമ്മീഷനിൽ നിന്നുള്ള മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് കോപ്പി, അറ്റസ്റ്റ് ചെയ്ത ഡിഗ്രി/പി.ജി തുടങ്ങിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ എന്നിവ പൊതുവായ രേഖകളിൽ ഹാജരാക്കണം.
സംരംഭക വിഭാഗത്തിൽ അപേക്ഷിക്കാൻ ഖത്തറിലെ അംഗീകൃത ബിസിനസ് ഇൻകുബേറ്ററുകളിൽ നിന്നുള്ള അംഗീകാര പത്രം (Endorsement Letter), കഴിഞ്ഞ മൂന്ന് മാസമായി അക്കൗണ്ടിൽ കുറഞ്ഞത് 36,500 റിയാൽ ബാലൻസ് ഉണ്ടെന്ന് കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് എന്നിവ വേണം.
മുതിർന്ന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാൻ ശമ്പളവും തസ്തികയും വ്യക്തമാക്കുന്ന ഖത്തർ തൊഴിൽ മന്ത്രാലയം അംഗീകരിച്ച എംപ്ലോയ്മെന്റ് കരാർ, സി-സ്യൂട്ട് തസ്തികയിൽ 50,000 റിയാലും, എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിൽ 80,000 റിയാലും ശമ്പളം ഉണ്ടെന്ന രേഖ, അഞ്ച് വർഷത്തെ സീനിയർ മാനേജ്‌മെന്റ് അനുഭവസമ്പത്ത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയും ഹാജരാക്കണം.
ഖത്തർ മാൻപവർ സൊല്യൂഷൻസ് കമ്പനിയുടെ ‘ജുസൂർ’ വെബ്സൈറ്റ് വഴിയാണ് ഈ പത്ത് വർഷ റെസിഡൻസിക്കായി അപേക്ഷിക്കേണ്ടത്. വിസയുടെ ഔദ്യോഗിക ഫീസ് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ജൂസൂർ പോർട്ടൽ വഴിയാണ് പ്രഖ്യാപിക്കുന്നത്. നിലവിലുള്ള റിപ്പോർട്ടുകൾ പ്രകാരം വിസയുടെ കാറ്റഗറി അനുസരിച്ച് അപേക്ഷാ സമയത്ത് ഒരു നിശ്ചിത തുക നൽകേണ്ടി വരും. പത്ത് വർഷത്തെ കാലാവധിയുള്ളതിനാൽ, സാധാരണ വിസകളേക്കാൾ ഉയർന്ന നിരക്കായിരിക്കും ഇതിന് ഈടാക്കുക. സാധാരണ ഖത്തർ ഐ.ഡി പുതുക്കുന്നതിനും മറ്റുമുള്ള ചാർജുകൾക്ക് പുറമെയാണിത്. കൂടാതെ, കുടുംബാംഗങ്ങളെ ചേർക്കുന്നതിന് ഓരോ വ്യക്തിക്കും പ്രത്യേക ഫീസുകൾ ബാധകമായിരിക്കും.
യു.എ.ഇ പ്രവാസികൾക്ക് ഇത് എങ്ങനെ ഗുണകരമാകും?
യു.എ.ഇയിൽ ഗോൾഡൻ വിസയുള്ളവർക്കോ അല്ലെങ്കിൽ അവിടെ സീനിയർ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കോ ഖത്തറിലേക്ക് മാറാൻ ഇത് വലിയ അവസരമാണ്. യു.എ.ഇയിലെ പല ബിസിനസ് ശൃംഖലകളും ഖത്തറിലേക്ക് കൂടി വ്യാപിക്കാൻ ആഗ്രഹിക്കുന്നവർക്ക്, സ്പോൺസർഷിപ്പ് ഇല്ലാതെ രണ്ട് രാജ്യങ്ങളിലും ബിസിനസ് നിയന്ത്രിക്കാൻ ഈ പത്ത് വർഷ വിസ സഹായകമാകും. യു.എ.ഇയിലെ 'ഗ്രീൻ വിസ' അല്ലെങ്കിൽ 'ഗോൾഡൻ വിസ' മാതൃകയിലുള്ള സ്വതന്ത്രമായ തൊഴിൽ രീതിയാണ് ഖത്തർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗൾഫ് മേഖലയിലാകെ ബിസിനസ് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് വലിയൊരു അവസരം കൂടിയാണ് തുറന്നിടുന്നത്.


