48 മണിക്കൂറിനിടെ സൗദി വ്യോമസേന തകര്‍ത്തത് ആറ് ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളും

By Web TeamFirst Published Jun 28, 2021, 12:42 PM IST
Highlights

ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമങ്ങളുണ്ടായത്. സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത മൂലം എല്ലാം ആക്രമണങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനായതായി അറബ് സഖ്യസേന അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ ഹൂതികളുടെ വ്യോമാക്രമണ ശ്രമമുണ്ടായത് 10 തവണ. സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആറ് ഡ്രോണുകളും നാല് ബാലിസ്റ്റിക് മിസൈലുകളും സൗദി വ്യോമസേന തകര്‍ത്തതായി ഔദ്യോഗിക ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ആക്രമണ ശ്രമങ്ങളുണ്ടായത്. സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമത മൂലം എല്ലാം ആക്രമണങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനായതായി അറബ് സഖ്യസേന അറിയിച്ചു. ശനിയാഴ്‍ച ഖമീസ് മുശൈത്തില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട മൂന്ന് ഡ്രോണുകള്‍ സേന തകര്‍ത്തിരുന്നു.

സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കേന്ദ്രങ്ങളെയും ബോധപൂര്‍വം ലക്ഷ്യമിട്ടാണ് യെമനില്‍ നിന്ന് ഹൂതികള്‍ ആക്രമണം നടത്തുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു. ഇത്തരത്തിലുള്ള ഏത് ഭീഷണികളെയും ചെറുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും സേന അറിയിച്ചു.

click me!