സൗദിയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം

By Web TeamFirst Published Jul 26, 2019, 11:00 AM IST
Highlights

ഖമീസ് മുശൈത്തിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. യമനിലെ സനായില്‍ നിന്നാണ് സ്ഫോടക വസ്തുക്കളുമായി ഡ്രോണുകള്‍ സൗദി അതിര്‍ത്തികടന്നെത്തിയതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. 

റിയാദ്: സൗദി അറേബ്യയിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. എന്നാല്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് മുന്‍പ് വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് അറബ് സഖ്യസേന ഡ്രോണ്‍ തകര്‍ത്തതായി സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു.

ഖമീസ് മുശൈത്തിലെ ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്. യമനിലെ സനായില്‍ നിന്നാണ് സ്ഫോടക വസ്തുക്കളുമായി ഡ്രോണുകള്‍ സൗദി അതിര്‍ത്തികടന്നെത്തിയതെന്ന് അറബ് സഖ്യസേനാ വക്താവ് കേണല്‍ തുര്‍കി അല്‍ മാലികി പറഞ്ഞു. അതേസമയം സൗദിയിലെ കിങ് ഖാലിദ് എയര്‍‍ബേസില്‍ ആക്രമണം നടത്തിയെന്ന ഹൂതികളുടെ അവകാശവാദം തെറ്റാണെന്നും സൗദി അറിയിച്ചു. ഹൂതികളുടെ നിരാശയില്‍ നിന്നാണ് ഇത്തരം അവകാശവാദങ്ങളുണ്ടാകുന്നതെന്ന് തുര്‍കി അല്‍ മാലികി പറഞ്ഞു.

ജനവാസ മേഖലകളും സാധരണക്കാരെയും ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ അറബ് സഖ്യസേന ശക്തമായി പ്രതികരിക്കുമെന്നും സൗദി അറിയിച്ചു. ഈയാഴ്ച തന്നെ സൗദിയിലെ അസിറില്‍ മറ്റൊരു ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തിരുന്നു.

click me!