ഇറാനും ഹൂതി വിമതരും അയൽരാജ്യങ്ങളുമായുള്ള നല്ലബന്ധം തകർക്കുന്നു; വിമര്‍ശനവുമായി അറബ് ലീഗ്

By Web TeamFirst Published Jun 3, 2019, 1:23 AM IST
Highlights

യു എ ഇ തീരത്ത്‌ എണ്ണക്കപ്പലുകൾക്കുനേരെ നടന്ന ആക്രമണവും ഇറാന്റെ പിന്തുണയോടെ ഹൂതികൾ സൗദിയിൽ എണ്ണപൈപ്പിനുനേരെ നടത്തിയ ആക്രമണവും ചർച്ചചെയ്യാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അഭ്യർഥന പ്രകാരം അടിയന്തര ഉച്ചകോടി ചേർന്നത്

റിയാദ്: അയൽരാജ്യങ്ങളുമായുള്ള നല്ലബന്ധം തകർക്കുന്ന നിലപാടാണ് ഇറാനും ഹൂതി വിമതരും സ്വീകരിക്കുന്നതെന്ന് അടിയന്തര ഉച്ചകോടിപ്രമേയത്തിൽ അറബ് ലീഗ്. രാജ്യസുരക്ഷ തകർക്കാനായി ഇറാൻ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാൻ ഉച്ചകോടിയില്‍ ധാരണയായി. ഗൾഫ് മേഖലയിലെ മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്ന ഇറാൻ ഭരണകൂടത്തെയും ഇറാന്റെ പാവകളായി പ്രവർത്തിക്കുന്ന ഹൂതി വിമതരെയും ഉച്ചകോടി അപലപിച്ചു.

യു എ ഇ തീരത്ത്‌ എണ്ണക്കപ്പലുകൾക്കുനേരെ നടന്ന ആക്രമണവും ഇറാന്റെ പിന്തുണയോടെ ഹൂതികൾ സൗദിയിൽ എണ്ണപൈപ്പിനുനേരെ നടത്തിയ ആക്രമണവും ചർച്ചചെയ്യാനാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അഭ്യർഥന പ്രകാരം അടിയന്തര ഉച്ചകോടി ചേർന്നത്. മേഖലയിൽ സമാധാനമുണ്ടാക്കാനാണ് അറബ് നേതാക്കൾ ശ്രമിക്കുന്നതെന്നും ഇതിനായി നല്ല അയൽപക്കബന്ധമാണാവശ്യമെന്നും ഉച്ചകോടി വ്യക്തമാക്കുന്നു. മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതിരിക്കണം. എന്നാൽ, ഇറാന്‍റെ പ്രവൃത്തികള്‍ വിപരീതമാണ്. മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും ഇറാന്‍ ഭീഷണി സൃഷ്ടിക്കുന്നതായും അറബ് ലീഗ് പ്രമേയത്തിലൂടെ പറഞ്ഞു.

മറ്റുരാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാതെ നല്ലബന്ധം സ്ഥാപിക്കുന്നതിലൂടെയാണ് ഇറാനുമായുള്ള ബന്ധം നിലനിൽക്കുക. രാജ്യസുരക്ഷ തകർക്കാനായി ഒളിഞ്ഞും തെളിഞ്ഞും ഇറാൻ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാൻ അറബ് രാജ്യങ്ങൾ ഒരുമിച്ചുനിൽക്കാൻ ഉച്ചകോടിയിൽ തീരുമാനമായി. ഇതിനായി അറബ് രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തമാക്കും.സൗദിക്കെതിരേ നിരന്തരമായി ഹൂതികൾ നടത്തുന്ന റോക്കറ്റാക്രമണം അറബ് ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങൾക്കുള്ളിൽനിന്നുകൊണ്ട് സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണ നല്‍കാനും ഉച്ചകോടിയില്‍ അറബ് രാജ്യങ്ങള്‍ തീരുമാനിച്ചു. മക്കയില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗൈത് പ്രമേയം അവതരിപ്പിച്ചു

click me!