ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച എണ്ണ ഉത്പാദനം പൂര്‍വസ്ഥിതിയിലായെന്ന് സൗദി

By Web TeamFirst Published Sep 18, 2019, 11:37 AM IST
Highlights

ഇത്രവലിയ ആക്രമണം നേരിടേണ്ടിവന്നിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ തങ്ങള്‍ ഉയിര്‍ത്തെഴുനേല്‍ക്കുകയാണെന്നാണ് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞത്. 

റിയാദ്: സൗദി അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തോടെ വെട്ടിക്കുറച്ച 50 ശതമാനം എണ്ണ ഉത്പാദനം പുനഃസ്ഥാപിച്ചതായി സൗദി ഊര്‍ജമന്ത്രി അറിയിച്ചു. പൂര്‍ണതോതിലുള്ള ഉത്പാദനം ഈ മാസം അവസാനത്തോടെ തന്നെ സാധ്യമാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇത്രവലിയ ആക്രമണം നേരിടേണ്ടിവന്നിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ തങ്ങള്‍ ഉയിര്‍ത്തെഴുനേല്‍ക്കുകയാണെന്നാണ് സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞത്. സെപ്തംബര്‍ അവസാനത്തോടെ എണ്ണ ഉത്പാദനം 11 മില്യന്‍ ബാലരായി വര്‍ദ്ധിപ്പിക്കാനാവും. അതേസമയം ആക്രമണത്തിന്റെ പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഇറാനില്‍ നിന്നാണ് ആക്രമണമുണ്ടായതെന്ന് അമേരിക്ക അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സൗദി അരാംകോയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില 14 ശതമാനം ഉയര്‍ന്നിരുന്നു. ഇതിന്ശേഷം സൗദിയുടെ ഔദ്യോഗിക പ്രതികരണം ലോകം കാത്തിരിക്കുകയായിരുന്നു. എണ്ണവിതരണം പൂര്‍വസ്ഥിതിയിലേക്കാവുകയാണെന്ന പ്രഖ്യാപനത്തോടെ വിലയില്‍ ആറ് ശതമാനത്തിന്റെ ഇടിവുണ്ടായി. 
 

click me!