അപൂര്‍വരോഗം പിടിപെട്ട് ആറുമാസമായി യുഎഇയിലെ ആശുപത്രിയില്‍; മകളെ നാട്ടിലെത്തിക്കാന്‍ സഹായം തേടി അമ്മ

By Web TeamFirst Published Sep 18, 2019, 9:20 AM IST
Highlights

പനിയുടെയും ഛർദിയുടെയും രൂപത്തിലായിരുന്നു തുടക്കം പിന്നീടത് നിര്‍ത്താതെയുള്ള അപസ്മാരമായി. സന്ദര്‍ശകവിസയില്‍ ഭര്‍ത്താവിനൊപ്പം അമ്മയെകാണാന്‍ അബുദാബിയിലെത്തിയ നീതുവിനെ ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസെന്ന  അപൂര്‍വ രോഗത്തെ തുടര്‍ന്ന്  ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ട് ആറ് മാസം കഴിഞ്ഞു. 

അബുദാബി: അപൂര്‍വരോഗത്തെ തുടര്‍ന്ന് ആറുമാസത്തിലേറെയായി അബുദാബിയിലെ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് തിരുവനന്തപുരം സ്വദേശി നീതു. തുടര്‍ ചികിത്സയ്ക്കായി മകളെ നാട്ടിലെത്തിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ഗള്‍ഫില്‍ വീട്ടു വേലക്കാരിയായ  അമ്മ ബിന്ദു.

ഭര്‍ത്താവ് ഉപേക്ഷിച്ച ബിന്ദു യുഎഇയിലെ ശുചീകരണ സ്ഥാപനങ്ങളില്‍ ജോലിചെയ്താണ് രണ്ടുമക്കളെ പഠിപ്പിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ഇളയമകളെ വിവാഹം കഴിപ്പിച്ചയച്ചു. സന്ദര്‍ശകവിസയില്‍ ഭര്‍ത്താവിനൊപ്പം അമ്മയെകാണാന്‍ അബുദാബിയിലെത്തിയ നീതുവിനെ ഓട്ടോ ഇമ്യൂൺ എൻസഫലൈറ്റിസെന്ന  അപൂര്‍വ രോഗത്തെ തുടര്‍ന്ന്  ഖലീഫ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ട് ആറ് മാസം കഴിഞ്ഞു. പനിയുടെയും ഛർദിയുടെയും രൂപത്തിലായിരുന്നു തുടക്കം പിന്നീടത് നിര്‍ത്താതെയുള്ള അപസ്മാരമായി.

അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ അവസ്ഥയിലാണ് ഇപ്പോള്‍. ചിലപ്പോഴെങ്കിലും നേരിയ ബോധം തിരിച്ചുകിട്ടുമെങ്കിലും ആള്‍ക്കാരെ മനസ്സിലാവില്ല. സന്ദര്‍ശക വിസയിലെത്തിയ നീതുവിന് ഈ മാസം 26 വരെയേ യുഎഇയിൽ ചികിത്സയിൽ തുടരാൻ അനുമതിയുള്ളൂ. മകളെ നാട്ടിലെത്തിക്കാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ് ബിന്ദു. തിരുനന്തപുരം ശ്രീചിത്രയിലും എറണാകുളം അമൃതയിലും മാത്രമാണ് തുടര്‍ചികിത്സയ്ക്ക് സംവിധാനമുള്ളത്. ഇതിനായി ആശുപത്രികളെ സമീപിച്ചെങ്കിലും ഇതുവരെ അനുമതിലഭിച്ചിട്ടില്ല

വിമാനത്തില്‍ പ്രത്യേക സംവിധാനമൊരുക്കിയാല്‍മാത്രമേ നീതുവിനെ നാട്ടിലെത്തിക്കാനാവൂ. ഡോക്ടര്‍മാരടക്കം ഒന്‍പത് പേരെങ്കിലും രോഗിയെ അനുഗമിക്കേണ്ടിവരും. ഇതിനകം മൂന്നരക്കോടിയിലധികം രൂപയുടെ സജന്യ ചികിത്സ നല്‍കിയ യുഎ‍‍ഇ സര്‍ക്കാരിന് നന്ദി പറയുന്നതോടൊപ്പം  തുടർചികിത്സയ്ക്കായി പ്രവാസി മലയാളികളുടെ സഹായമെത്തുമെന്ന പ്രതീക്ഷയിലാണ് ബിന്ദു.
"

click me!