മലപ്പുറത്തു നിന്ന് ആഫ്രിക്കയിലേക്കുള്ള അരുണിമയുടെ സൈക്കിള്‍ യാത്ര യുഎഇയില്‍

By Jojy JamesFirst Published Jan 17, 2023, 9:50 PM IST
Highlights

മലപ്പുറത്ത് നിന്ന് മുംബൈയിലെത്തിയ അരുണിമ, പാക്കിസ്ഥാന്‍ വീസ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനമാര്‍ഗം മസ്കത്തിലെത്തി. മസ്കത്തില്‍ നിന്ന് പത്ത് ദിവസം കൊണ്ടാണ് യുഇയിലെത്തിയത്. ഇനി സൗദിയിലേക്കാണ് പോകേണ്ടത്. സൗദി വീസ ലഭിക്കാത്തതിനാല്‍ അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ. സൗദിയില്‍ നിന്ന് ജോര്‍ദാന്‍ ഈജിപ്ത് വഴി ആഫ്രിക്കയിലേക്ക് പ്രവേശിക്കും.

മലയാളിയുടെ ചില പൊതുബോധങ്ങളെ പിറകിലേക്ക് ചവിട്ടിയാണ് അരുണിമയുടെ സൈക്കിൾ മുന്നോട്ട് പോകുന്നത്. ഒരു പെണ്‍കുട്ടിക്ക് ഒറ്റക്ക് ചെയ്യാനാകാത്തതായി ഒന്നുമില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനാണ് ഈ യാത്ര. നിശ്ചയദാര്‍ഡ്യമുണ്ടെങ്കില്‍ എന്തും നേടാമെന്ന് കൂടി പറഞ്ഞ് വയ്ക്കുകയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ അരുണിമ. 

അമ്പത് ദിവസം മുമ്പ് മലപ്പുറത്ത് നിന്നാണ് ട്രാവല്‍ വ്ലോഗറായ അരുണിമ തന്റെ സ്വപ്നയാത്ര തുടങ്ങിയത് രണ്ടുവര്‍ഷം കൊണ്ട് 22 രാജ്യങ്ങൾ പിന്നീടാനാണ് അരുണിമയുടെ ലക്ഷ്യം. ഇരുപത്തി അയ്യായിരത്തിലധികം കിലോമീറ്റര്‍ ഈ സമയം കൊണ്ട് അരുണിമ ചവിട്ടിതീര്‍ക്കും. പക്ഷേ ഇതൊന്നുമല്ല ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്. അരുണിമയുടെ യാത്രാലക്ഷ്യമാണ്. മലയാളിക്ക് അത്രപരിചിതമല്ലാത്ത ആഫ്രിക്കന്‍ നാടുകളിലേക്കാണ് അരുണിമ സൈക്കിൾ ചവിട്ടുന്നത്. ഈ യാത്രയില്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലെ പകുതിയോളം രാജ്യങ്ങളിലൂടെ അരുണിമ കടന്നു പോകും. എന്തു കൊണ്ട് ആഫ്രിക്ക എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അരുണിയ്ക്കുണ്ട്. ആരും എത്തിപ്പെടാത്ത സ്ഥലങ്ങളില്‍ എത്താനാണ് താത്പര്യമെന്ന് അരുണിമ പറയുന്നു.

മലപ്പുറത്ത് നിന്ന് മുംബൈയിലെത്തിയ അരുണിമ, പാക്കിസ്ഥാന്‍ വീസ ലഭിക്കാത്തതിനെ തുടര്‍ന്ന് വിമാനമാര്‍ഗം മസ്കത്തിലെത്തി. മസ്കത്തില്‍ നിന്ന് പത്ത് ദിവസം കൊണ്ടാണ് യുഇയിലെത്തിയത്. ഇനി സൗദിയിലേക്കാണ് പോകേണ്ടത്. സൗദി വീസ ലഭിക്കാത്തതിനാല്‍ അതിനുള്ള ശ്രമങ്ങളിലാണ് ഇപ്പോൾ. സൗദിയില്‍ നിന്ന് ജോര്‍ദാന്‍ ഈജിപ്ത് വഴി ആഫ്രിക്കയിലേക്ക് പ്രവേശിക്കും.

യാത്ര അരുണിമയെ സംബന്ധിച്ച് പുതിയ കാര്യമല്ല. പ്ലസ് ടുവിന് പഠിക്കുന്പോൾ വണ്ടിക്കൂലി പോലുമില്ലാതെ ഇരുപത്തിരണ്ട് ദിവസം ദക്ഷിണേന്ത്യ മുഴുവന്‍ കറങ്ങിയാണ് അരുണിമ യാത്രയുടെ ലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ലിഫ്റ്റ് ചോദിച്ചും, പരിചക്കാരുടെ വീടുകളില്‍ താമസിച്ചുമൊക്കെ അരുണിമ ഒട്ടേറെ ലോകരാജ്യങ്ങളിലൂടെ ഇതിനകം കടന്നു പോയി. ഇന്ത്യയില്‍ അരുണിമ പോകാത്ത ഇടങ്ങളില്ല. വെറും യാത്രക്കൊപ്പം പോകുന്ന നാടുകളെ ആഴത്തില്‍ മനസിലാക്കാനും ശ്രമിക്കുന്നു.

ഇതാദ്യമായാണ് സൈക്കിളില്‍ ഇത്രയും വലിയൊരു യാത്ര അരുണിമ നടത്തുന്നത്. ചെറിയ സ്‍പോണ്‍സര്‍ഷിപ്പുകളും യു ട്യൂബ് വീഡിയോകളില്‍ നിന്ന് ലഭിക്കുന്ന വരുമാനമവുമാണ് യാത്രയെ മുന്നോട്ട് കൊണ്ട് പോകുന്നത്. നാട്ടിലെ പരിചയക്കാരന്‍ നല്‍കിയ പഴയ സൈക്കിളിലാണ് യാത്ര. യാത്രക്കിടയില്‍ ഒട്ടേറെ വെല്ലുവിളികളെയും പ്രതിസന്ധികളെയും അരുണിമ അഭിമുഖീകരിച്ചു. നിശ്ചയദാര്‍ഡ്യവും വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള മനഃക്കരുത്തുമുണ്ടെങ്കില്‍ യാത്ര ചെയ്യാന്‍ സ്ത്രീകൾ ആശങ്കപ്പെടേണ്ടെന്ന് അരുണിമ പറയുന്നു. ആ സന്ദേശം തന്നെയാണ് അരുണിമ യാത്രയിലൂടെ മുന്നോട്ട് വയ്ക്കുന്നതും.

വീഡിയോ കാണാം...


Read also: ഇവിടെ കുടിക്കാന്‍ മാത്രമല്ല കാപ്പി; രുചിയും മണവും നിറഞ്ഞ 'കാപ്പി ചിത്രങ്ങള്‍' കൂടി കാണാം

click me!