
ദുബായ്: കേരളത്തില്‍ ദിവസം തോറും സ്വര്‍ണവില കൂടുമ്പോള്‍ ഗള്‍ഫില്‍ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന വിലയിലായിരുന്നു ചൊവ്വാഴ്ച സ്വര്‍ണ വ്യാപാരം. ഗള്‍ഫിലെ ഉഷ്ണകാലത്ത് അവധിയില്‍ നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ തൽക്കാലം സ്വര്‍ണം വാങ്ങേണ്ടെന്ന നിലപാടിലാണ്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വര്‍ണവിപണിയില്‍ കാര്യമായ മന്ദത അനുഭവപ്പെടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.
22 ക്യാരറ്റിന് 163.50 ദിര്‍ഹമായിരുന്നു ചൊവ്വാഴ്ച ദുബായിലെ വില. 24 ക്യാരറ്റിന് 174 ദിര്‍ഹവും 21 ക്യാരറ്റിന് 156 ദിര്‍ഹവും വിലയുണ്ട്. കഴിഞ്ഞ നാല് ആഴ്ച കൊണ്ട് 10 ശതമാനം വില വര്‍ദ്ധിച്ചു. ഡോളറിന്റെ മൂല്യം ഇടിയുന്നതിന് പുറമെ അമേരിക്കയും ഇറാനും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ നടപടികള്‍ പ്രതീക്ഷിക്കുന്നതും ആഗോളതലത്തിലെ വില വര്‍ദ്ധനവിന് കാരണമായി പറയുന്നു. ദിവസം തോറും വില വര്‍ദ്ധിക്കുന്നതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തത്കാലത്തേക്ക് മാറ്റിവെയ്ക്കുകയോ അല്ലെങ്കില്‍ വിലയിലെ മാറ്റം നിരീക്ഷിക്കുകയോ ചെയ്യുകയാണെന്ന് ഗള്‍ഫിലെ വ്യാപാരികള്‍ പറയുന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞും വില വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയോ അല്ലെങ്കില്‍ സ്ഥിരമായി നില്‍ക്കുകയോ ചെയ്യുമെങ്കില്‍ തല്‍കാലം വില കുറയില്ലെന്ന ധാരണയില്‍ വിപണി വീണ്ടും സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതേസമയം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് വലിയ ആത്മവിശ്വാസവും വില വര്‍ദ്ധനവ് സമ്മാനിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam