ഹൃദയം തകര്‍ന്ന് മരിക്കുന്ന പ്രവാസികള്‍ ...!

By Web TeamFirst Published Nov 15, 2019, 7:48 PM IST
Highlights

ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ അബുദാബിയില്‍ മാത്രം മരണത്തിന് കീഴടങ്ങിയ 182 ഇന്ത്യക്കാരില്‍ 131 പേര്‍ക്കും ഹൃദയാഘാതമുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി തന്നെ സ്ഥിരീകരിക്കുന്നു. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലെ കണക്ക് കൂടി പരിശോധിക്കുമ്പോള്‍ ആകെ മരിച്ചവരില്‍ പകുതിയിലേറെ പേരും ഹൃദയാഘാതം കൊണ്ടുതന്നെ മരണത്തിന് കീഴടങ്ങുന്നു.

ദുബായ്: ഹൃദയാഘാതം കാരണമായി മരിക്കുന്ന പ്രവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. പ്രായഭേദമന്യേ പ്രവാസികളില്‍ ഹൃദ്രോഗവും അതുകൊണ്ടുള്ള മരണവും വലിയ അളവില്‍ വര്‍ദ്ധിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ അബുദാബിയില്‍ മാത്രം മരണത്തിന് കീഴടങ്ങിയ 182 ഇന്ത്യക്കാരില്‍ 131 പേര്‍ക്കും ഹൃദയാഘാതമുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി തന്നെ സ്ഥിരീകരിക്കുന്നു. ദുബായ് ഉള്‍പ്പെടെയുള്ള മറ്റ് എമിറേറ്റുകളിലെ കണക്ക് കൂടി പരിശോധിക്കുമ്പോള്‍ ആകെ മരിച്ചവരില്‍ പകുതിയിലേറെ പേരും ഹൃദയാഘാതം കൊണ്ടുതന്നെ മരണത്തിന് കീഴടങ്ങുന്നു.

പ്രവാസികളില്‍ വര്‍ദ്ധിച്ചുവരുന്ന ഹൃദയാഘാതത്തെ കുറിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്റഫ് താമരശേരി കഴിഞ്ഞ ദിവസം ഫേസ്‍ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ് ശ്രദ്ധേയമാകുന്നതും ഈ സാഹചര്യത്തില്‍ തന്നെ. എത്രയെത്ര 'പ്രവാസികളാണ് ഹൃദയം തകര്‍ന്ന് മരിക്കുന്നത്' എന്ന തലക്കെട്ടോടെ അദ്ദേഹം എഴുതിയത് ഇങ്ങനെ.

എത്രയെത്ര പ്രവാസികളാണ് ഹൃദയം തകര്‍ന്ന് മരിക്കുന്നത്..! 
'ഇന്നലെ ബുധനാഴ്ച്ച 5 ഇന്ത്യക്കാരും 1 ബംഗളാദേശിയും ഒരു നേപ്പാളിയുമടക്കം ഏഴ് പേരുടെ മൃതദേഹമാണ് കയറ്റിവിട്ടത്. ഇന്ന് നാല് ഇന്ത്യക്കാരുടേത്. ഇതില്‍ അധികപേരും മരണപ്പെട്ടത് ഹൃദയാഘാതം മൂലമാണ്. പ്രവാസികളുടെ ആരോഗ്യപരമല്ലാത്ത ഭക്ഷണ ജീവിത ശൈലികളാണ് ഈ ദുരന്തത്തിന് കാരണമാകുന്നതെന്ന് കരുതുന്നു. നമ്മുടെ ശരീരത്തെയും മനസിനെയും ആരോഗ്യത്തോടെ കൊണ്ട് നടക്കേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തര്‍ക്കും അധികമായുണ്ട്. ഓരോ പ്രവാസിയേയും ഒരുപാട് കുടുംബങ്ങളുടെ അത്താണിയാണ്. ഈ വിഷയത്തില്‍ ആവശ്യമായ ബോധവത്ക്കരണത്തിന് ഇനിയും വൈകിക്കൂട എന്നാണ് എന്റെ പക്ഷം.

പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപ്പേരാണ് അഷ്റഫ് താമരശേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ അഭിപ്രായങ്ങള്‍ പങ്കുവെച്ചത്. ഭക്ഷണകാര്യത്തിലും വ്യായാമത്തോടും പുലര്‍ത്തുന്ന മനോഭാവവും ഉറക്കക്കുറവും മുതല്‍ കൂട്ടും കുടുംബവും നാടും വിട്ട് ജീവിക്കേണ്ടിവരുന്ന ഓരോ പ്രവാസിയുടെയും മനോവ്യഥകള്‍ വരെ അവരെ രോഗികളാക്കുന്നുവെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സര്‍ക്കാറുകളും പ്രവാസി സംഘനകളും സാമൂഹിക സന്നദ്ധപ്രവര്‍ത്തകരുമെല്ലാം ഇടപെട്ട് ഇക്കാര്യത്തില്‍ അടിയന്തര ബോധവത്കരണം ആരംഭിക്കേണ്ടതുണ്ടെന്നും നിരവധിപ്പേര്‍ അഭിപ്രായപ്പെട്ടു. കൃത്യസമയത്ത് ചികിത്സ തേടാത്തതും രോഗലക്ഷണങ്ങളെ അവഗണിക്കുന്നതും ഹൃദയാഘാത മരണങ്ങള്‍ വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങളാണ്.
 

click me!