
ദുബായ്: ദുബായില്‍ ഇന്ത്യന്‍ ദമ്പതികളുടെ കൊലപാതകത്തിന് പിന്നാലെ ജനങ്ങള്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശവുമായി പൊലീസും സുരക്ഷാ വിദഗ്ധരും. വീടുകളിലെ സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തണം. ഗുജറാത്ത് സ്വദേശികളാ ഹിരണ്‍ ആദിയ, ഭാര്യ വിധി ആദിയ എന്നിവരാണ് അറേബ്യന്‍ റാന്‍ചസ് മിറാഡറിലെ വസതിയില്‍ ഈ മാസം 18ന് കൊല്ലപ്പെട്ടത്.
മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിയെ 24 മണിക്കൂറിനകം തന്നെ പൊലീസ് പിടികൂടുകയും ചെയ്തു. കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ ചെന്നിരുന്ന ഏഷ്യാക്കാരനാണ് കൊലപാതകം നടത്തിയത്. ദമ്പതികള്‍ക്കൊപ്പം 18ഉം 13ഉം വയസായ രണ്ട് മക്കളും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു.
വീട്ടിലുള്ള എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് മതിലിലൂടെ കയറി ബാല്‍ക്കണി വഴിയാണ് പ്രതി അകത്ത് പ്രവേശിച്ചത്. ദമ്പതികള്‍ കിടന്നുറങ്ങിയിരുന്ന മുറിയില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കവെ ഹിരണ്‍ ആദിയ ശബ്ദം കേട്ട് ഉണര്‍ന്നു. ഇയാള്‍ ബഹളം വെച്ചതോടെ പ്രതി, കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഹിരണിനെ കുത്തി ബഹളം കേട്ട് ഉണര്‍ന്ന ഭാര്യ വിധിയേയും ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. ശബ്ദം പുറത്തുകേള്‍ക്കാതിരിക്കാന്‍ പലതവണ കുത്തിയാണ് പ്രതി ഇരുവരുടെയും മരണം ഉറപ്പാക്കിയത്.
നിലിവിളി കേട്ട് ഉറക്കമുണര്‍ന്ന 18കാരിയായ മകള്‍ മാതാപിതാക്കളുടെ മുറിയില്‍ ചെന്നുനോക്കിയപ്പോഴാണ് ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. ബഹളം വെച്ചതോടെ ഇയാള്‍ കുട്ടിയെയും കുത്തിയെങ്കിലും സാരമായ പരിക്കുകളുണ്ടായില്ല. ഇതിനിടെ ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപെട്ടു. കുട്ടിയാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ്, കുത്താനുപയോഗിച്ച കത്തി വീടിന് 1000 മീറ്റര്‍ അകലെ നിന്ന് കണ്ടെടുത്തു. വ്യാപക തെരച്ചില്‍ നടത്തിയ പൊലീസ് സംഘം 24 മണിക്കൂറിനകം പ്രതിയെ പിടികൂടി.
വീടുകളുടെ വാതിലുകള്‍ എപ്പോഴും അടച്ചിടുകയും സുരക്ഷിതമാക്കുകയും വേണമെന്ന് ദുബായ് പൊലീസ് ക്രിമിനല്‍ റിസര്‍ച്ച് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ കേണല്‍ ആദില്‍ അല്‍ ജൂകര്‍ പറഞ്ഞു. സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതും നല്ലതാണ്. വീട്ടില്‍ വരുന്ന അപരിചിതരുടെ ശ്രദ്ധയില്‍ പെടുന്ന തരത്തില്‍ പണമോ മറ്റ് വിലകൂടിയ വസ്തുക്കളോ സൂക്ഷിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദീര്‍ഘകാലം വീടുകള്‍ അടച്ചിടുന്നവര്‍ക്കായി ദുബായ് പൊലീസിന്റെ പ്രത്യേക സുരക്ഷാ സേവനം ലഭ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam