കൊവിഡ് സർട്ടിഫിക്കറ്റിനും ട്രൂനാറ്റിനും ശേഷം പിപിഇ കിറ്റുമായി സർക്കാർ: പ്രവാസി പ്രശ്നം ഇവിടെ തീരുമോ ?

Published : Jun 24, 2020, 04:55 PM IST
കൊവിഡ് സർട്ടിഫിക്കറ്റിനും ട്രൂനാറ്റിനും ശേഷം പിപിഇ കിറ്റുമായി സർക്കാർ: പ്രവാസി പ്രശ്നം ഇവിടെ തീരുമോ ?

Synopsis

 ദുബായിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നയാൾക്ക് നാല് മണിക്കൂ‍ർ യാത്ര ചെയ്യണം എയർപോ‍ർട്ടിലെ മറ്റു നടപടികൾക്കായി ഒരു മണിക്കൂറിലേറെ സമയം വേറെയും വേണം. ഇത്രയും സമയമൊന്നും ഒരു സാധാരണ മനുഷ്യന് പിപിഇ കിറ്റ് ധരിക്കാനാവില്ല - റെജി താഴമൺ

തിരുവനന്തപുരം: ആദ്യം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, പിന്നെ ട്രൂനാറ്റ് ടെസ്റ്റ് ഒടുവിൽ പിപിഇ കിറ്റ്.... കൊവിഡ് മഹാമാരിയുടെ കാലത്ത് നാട്ടിലേക്ക് മടങ്ങാൻ കൊതിക്കുന്ന പ്രവാസികൾക്ക് മുന്നിൽ സംസ്ഥാന സർക്കാർവയ്ക്കുന്ന അധിക കടമ്പകളിൽ ഒടുവിലത്തേതാണ് പിപിഇ കിറ്റ് ധരിച്ചുള്ള യാത്ര. 

പ്രവാസികളുടെ മടക്കം മന്ദഗതിയിൽ തുടരുകയും പലഘട്ടത്തിലും പ്രതിസന്ധികളിലെത്തുകയും ചെയ്തു. ഈ കാലയളവിൽ ഇതുവരെ വിദേശത്ത് വച്ചു കൊവിഡ് ബാധിച്ചു മരണപ്പെട്ട മുന്നൂറിലേറെ പ്രവാസികളാണ്. പിപിഇ കിറ്റ് ധരിച്ച് ആർക്കും നാട്ടിലേക്ക് വിമാനം കയറാം എന്ന് സംസ്ഥാനസർക്കാർ പറയുമ്പോൾ ഇതോടെ തീരുമോ പ്രതിസന്ധി. അതോ ഇതു പുതിയ ഒരു തർക്ക വിഷയമായി മാറുമോ. വീട്ടിലേക്കുള്ള വഴിയിൽ പ്രവാസികൾ നേരിടുന്ന പ്രതിസന്ധിയുടെ വിവിധ വശങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസിൻ്റെ പ്രത്യേക സംവാദ പരിപാടിയിൽ ചർച്ചയായത്. 


 ഇപ്പോൾ കേരള സർക്കാർ ഏർപ്പെടുത്തിയ കിറ്റ് സംവിധാനം സ്വാഗതാർഹമാണ്. കേരള സർക്കാരിന്റെ ഈ തീരുമാനത്തിൽ പ്രവാസികൾ ഏറെ സന്തുഷ്ടരാണ്. വലിയ ആശ്വാസമാണ് പുതിയ നയം പ്രവാസികൾക്ക് നൽകുക. പിപിഇ കിറ്റുകൾ എല്ലാവർക്കും ലഭ്യമാകും. 750 രൂപ മുതൽ പിപിഇ കിറ്റുകൾ എല്ലായിടത്തും ലഭ്യമാണ്. വലിയ അളവിൽ ഓർഡർ നൽകിയാൽ തുച്ഛമായ വിലയ്ക്ക് പിപിഇ കിറ്റ് ലഭ്യമാക്കാം എന്ന് നിരവധി കമ്പനികൾ നമ്മളെ അറിയിച്ചിട്ടുണ്ട്. 

ഈ പ്രതിസന്ധിയുടെ തുടക്കും മുതൽ ലോക കേരള സഭ സംസ്ഥാന സർക്കാരുമായി നോർക്കയുമായി സമ്പ‍ർക്കം പുലർത്തുന്നുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ രണ്ട് തവണ മുഖ്യമന്ത്രി പ്രവാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകകേരളസഭയിലെ അം​ഗമായ ഞാനടക്കമുള്ളവർ തന്നെയാണ് പല രാജ്യങ്ങളിലും ചാ‍ർട്ടർ വിമാനങ്ങൾ ഒരുക്കുന്നത്. 

ഞാൻ കുവൈത്തിൽ നിന്നുള്ള ലോകകേരളസഭ പ്രതിനിധിയാണ്. ഇവിടെ കല എന്ന സംഘടനയുടെ ഭാ​ഗമായി മൂന്ന് വിമാനങ്ങൾ ‍‍‍ഞങ്ങൾ ചാ‍ർട്ടർ ചെയ്തു. ആളുകളെ തിരിച്ചെത്തിക്കുക എന്നത് മാത്രമല്ല. ലോകത്ത് പലയിടത്തും കുടുങ്ങിയവർക്ക് ഭക്ഷണവും മരുന്നും താമസവും അടക്കമുള്ള സൗകര്യങ്ങളും ഞങ്ങൾ എത്തിച്ചു കൊടുത്തു. 

കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ആദ്യം പറഞ്ഞു. പിന്നെ കൊവിഡ് രോ​ഗികളെ മാത്രം പ്രത്യേക വിമാനത്തിൽ കൊണ്ടു വരും. ഇങ്ങനെ നട്ടാൽമുളയ്ക്കാത്ത നുണകളാണ് സ‍ർക്കാ‍ർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞത്. ഇങ്ങനെ സർക്കാരിന്റെ പല വിധ നിലപാടുകൾ കാരണം വിദേശത്ത് വച്ചു മരണപ്പെട്ട പ്രവാസികളുടെ എണ്ണം മുന്നൂറായി. 

 വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടു വരാൻ ചാ‍ർട്ടേഡ് വിമാനങ്ങൾ സജ്ജീകരിക്കുന്ന കെഎംസിസി അടക്കമുള്ള സംഘടനകൾ ഇനി പിപിഇ കിറ്റുകൾ കൂടി ലഭ്യമാക്കേണ്ടി വരും എന്നു മാത്രം. പിപിഇ കിറ്റുകൾ ലഭ്യമാക്കാം. പക്ഷേ അതിന് കേരളസ‍ർക്കാരും നോ‍ർക്കയുമെല്ലാം കൂടി ഇനി സഹകരിക്കണം എന്നു മാത്രം. 

കൊവിഡ് നെ​ഗറ്റീവ് സ‍ർട്ടിഫിക്കറ്റോ, ട്രൂ നാറ്റ് ടെസ്റ്റോ ഇതെല്ലാം സംസ്ഥാന സ‍ർക്കാർ മുന്നോട്ട് വച്ച നി‍ർദേശങ്ങൾ മാത്രമാണ്. കേന്ദ്രസർക്കാരുമായി ആലോചിച്ച ശേഷം നി‍ർദേശം നടപ്പാക്കും എന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞത്. 

കോൺ​ഗ്രസിനും ബിജെപിക്കും എന്തും പറയാം. അമേരിക്കൻ ശൈലിയിൽ കൊവിഡിനെ നേരിടണം. മിറ്റി​ഗേഷൻ രീതി നടത്തണം എന്നൊക്കെയാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. കേന്ദ്രസർക്കാർ എന്താണ് പ്രവാസികൾക്കായി ചെയ്തത്. ഇതേ വരേയില്ലാത്ത പൊന്നും വില കൊടുത്താണ് പ്രവാസികൾ വന്ദേഭാരത് മിഷൻ വിമാനത്തിൽ തിരിച്ചു വരുന്നത്. 

ഞാൻ കേറുന്ന വിമാനത്തിൽ ഒരു കൊവിഡ് രോ​ഗിയുണ്ടെന്ന് അറിഞ്ഞാൽ കെഎംസിസി പ്രസിഡൻ്റോ റജി താഴമണോ കേറാൻ തയ്യാറാക്കുമോ. ഇവിടെ ഞങ്ങൾക്ക് ദുർവാശിയോ ദുഷ്ടലാക്കോ ഇല്ല. പക്ഷേ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണം എന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യം. 


ശ്രീ നൗഷാദ് എംഎൽഎ പറഞ്ഞത് രോ​ഗവ്യാപനം തടയുകയാണ് സ‍ർക്കാരിൻ്റെ ലക്ഷ്യം എന്നാണ്. രോ​ഗവ്യാപനം തടയാൻ പ്രവാസികളുടെ വരവ് തടയണം എന്നാണ് സർക്കാർ പറയുന്നത്. പ്രവാസികളുടെ വരവ് തടഞ്ഞ് രോ​ഗവ്യാപനവും തടഞ്ഞ് പിആ‍ർ വർക്ക് നടത്തി നൊബേൽ സമ്മാനം വാങ്ങാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.  മക്കളേ വാ ടീച്ചറമ്മ കാത്തിരിക്കുന്നു... എന്നെല്ലാമാണ് സ‍ർക്കാർ ആദ്യം പറഞ്ഞത്. എന്നിട്ട് നോ‍ർക്ക വഴി പ്രവാസികളെ മൊത്തം രജിസ്റ്റ‍ർ ചെയ്യിപ്പിച്ചു. കേന്ദ്രം പ്രവാസികളെയാരേയും തിരികെ കൊണ്ടു വരില്ലെന്നാണ് നിങ്ങൾ കരുതിയത്. 

സിപിഎം ഇങ്ങനെ കൊട്ടിഘോഷിക്കുമ്പോൾ ഫസൽ ​ഗഫൂ‍ർ അടക്കമുള്ള അടങ്ങിയ വിദ​ഗ്ദ്ധ സമിതി ശുപാ‍ർശ ചെയ്തത് പ്രവാസികളെ ലോക്ക് ഡൗൺ പിൻവലിച്ച ശേഷമേ തിരികെ കൊണ്ടു വരാവൂ എന്നാണ് പറഞ്ഞത്. എന്നാൽ അതിനെ തള്ളി പ്രവാസികളെ മുഴുവൻ കൊണ്ടു വരണം എന്ന നിലപാടാണ് അന്നു നിങ്ങൾ സ്വീകരിച്ചത്.കേന്ദ്രം കൈവിട്ട പ്രവാസികളെ പിണറായി തിരികെ കൊണ്ടു വരുന്നു എന്നാണ് പറഞ്ഞത്. 

അവസാനം കേന്ദ്രം പ്രവാസികളെ മടക്കി കൊണ്ടു വരാൻ തയ്യാറായപ്പോൾ നിങ്ങൾ എന്തു ചെയ്തു. നിങ്ങൾ അതിന് പാരവച്ചു. അപ്പോഴാണ് വിമാനം കേറുന്നതിന് 48 മണിക്കൂ‍ർ മുൻപ് കൊവിഡ് ടെസ്റ്റ് വേണമെന്ന് നിങ്ങൾ പറഞ്ഞത്. അതു കഴിഞ്ഞ് ട്രൂനാറ്റ് ടെസ്റ്റ് വേണമെന്ന നിബന്ധന കൊണ്ടു വന്നു. ഇതിനൊക്കെയുള്ള അധികാരം ആരാണ് നിങ്ങൾക്ക് തന്നത്. ദുബായിലും സൗദിയിലും എന്തു ടെസ്റ്റ് നടത്തണമെന്ന് നിങ്ങളാണോ തീരുമാനിക്കുക. 


കൊവിഡ് ലോകമെങ്ങുമുള്ള എല്ലാ രാജ്യങ്ങളേയും ബാധിച്ചിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളിൽ എല്ലാ മനുഷ്യരും സ്വന്തം വീട്ടിൽ മടങ്ങിയെത്താനാവും ആ​ഗ്രഹിക്കുക. എന്നാൽ 24-ാം തീയതി ലോക്ക് ഡൗൺ പ്രഖ്യാപിക്കും മുൻപ് തന്നെ ഇക്കാര്യത്തിൽ കേന്ദ്രവും സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ ധാരണയിൽ എത്തണമായിരുന്നു. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇങ്ങോട്ടാരും വരേണ്ടെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. കേരളത്തിൻ്റെ എല്ലാ വികസനത്തിനും താങ്ങും തുണയുമായി നിന്നത് ലക്ഷക്കണക്കായ മലയാളി പ്രവാസികളുടെ സഹായം കൊണ്ടാണ്. നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചെത്താനുള്ള അവരുടെ അവകാശത്തെ എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ തടയുന്നത്.

പിപിഇ കിറ്റ് പ്രവാസികൾക്ക് നി‍ർബന്ധമാക്കിയതോടെ പ്രശ്നം തീരുകയല്ല രൂക്ഷമാകുകയാണ്. പ്രവാസികളുടെ വരവ് തടയാൻ മുഖ്യമന്ത്രി ഒരോ ദിവസവും ഒരോ തടസം പറയുകയാണ്. ആദ്യം കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞു ലോകത്തെവിടെയും അങ്ങനൊയൊരു സംവിധാനമില്ല. പിന്നെ ട്രൂനാറ്റ് ടെസ്റ്റ് നടത്താം എന്നു പറഞ്ഞു. ലോകത്തൊരു രാജ്യത്തും ഈ ടെസ്റ്റില്ല. ഇന്ത്യയിൽ ക്ഷയരോ​ഗികൾക്ക് പരിശോധന നടത്തുന്ന മെഷിനാണ് ട്രൂനാറ്റ്. 

കൊവിഡ് ടെസ്റ്റ് വേണമെന്ന് പറഞ്ഞപ്പോൾ ആണ് ഞാൻ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ പ്രവാസികളെ ഇങ്ങനെയെങ്കിലും സ്വീകരിക്കാൻ കേരള സർക്കാർ തയ്യാറായത്. മുഖ്യമന്ത്രി എന്തോ അഭിമാനപ്രശ്നമായി ഇതു കാണുന്നു. ലോകത്തൊരു രാജ്യവും സ്വന്തം പൗരൻമാ‍ർക്ക് തിരിച്ചുവരാൻ കൊവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടില്ല.  ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഈ രീതിയില്ല. 

ഇപ്പോൾ പിപിഇ കിറ്റ് ധരിച്ചാൽ മതിയെന്നാണ് പറയുന്നത്. പിപിഇ കിറ്റ് ഇട്ടു കഴിഞ്ഞാൽ വലിയ ചൂടാണ്.പരിചയമില്ലാത്ത ഒരാൾക്ക് പിപിഇ കിറ്റ് ധരിച്ച് നിൽക്കാനാവില്ല. ദുബായിൽ നിന്നും തിരുവനന്തപുരത്തേക്ക് വരുന്നയാൾക്ക് നാല് മണിക്കൂ‍ർ യാത്ര ചെയ്യണം എയർപോ‍ർട്ടിലെ മറ്റു നടപടികൾക്കായി ഒരു മണിക്കൂറിലേറെ സമയം വേറെയും വേണം. ഇത്രയും സമയമൊന്നും ഒരു സാധാരണ മനുഷ്യന് പിപിഇ കിറ്റ് ധരിക്കാനാവില്ല. ചെറിയ കുട്ടികൾക്കായുള്ള പിപിഇ കിറ്റ് ലോകത്തെവിടെയും ഇല്ല. ​ഗ‍ർഭിണികൾ, മറ്റു അസുഖങ്ങൾ ഉള്ളവർ എന്നിവർക്ക് അനുയോജ്യമായ പിപിഇ കിറ്റുകളും ഇതുവരെ കണ്ടെത്തിയിട്ടില്ല. 

 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ