കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷം ശമ്പളം നല്‍കുമെന്ന് ആസ്റ്റര്‍

By Web TeamFirst Published Jun 3, 2021, 8:04 PM IST
Highlights

സ്വന്തം ജീവനേക്കാള്‍ രോഗികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജീവനക്കാരാണ് കൊവിഡ് പോരാട്ടത്തിലെ യഥാര്‍ത്ഥ നായകരെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 

ദുബൈ: കൊവിഡ് പോരാട്ടത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് 10 വര്‍ഷത്തേക്ക് പ്രതിമാസം ശമ്പളം നല്‍കുമെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ അറിയിച്ചു. ബുധനാഴ്ചയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

ആസ്റ്ററിലെ സേവനത്തിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ ആശ്രിതര്‍ക്ക് അടുത്ത 10 വര്‍ഷത്തേക്ക് ജീവനക്കാരന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം നല്‍കുന്നതാണ് പദ്ധതി. ഇന്ത്യയിലെയും ജിസിസിയിലെയും എല്ലാ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്. സ്വന്തം ജീവനേക്കാള്‍ രോഗികള്‍ക്ക് മുന്‍ഗണന നല്‍കുന്ന ജീവനക്കാരാണ് കൊവിഡ് പോരാട്ടത്തിലെ യഥാര്‍ത്ഥ നായകരെന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. 
'കൊവിഡ് ബാധിച്ച ഭൂരിഭാഗം ജീവനക്കാരും രോഗമുക്തരായി. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഭാര്യമാര്‍, മക്കള്‍, പ്രായമായ മാതാപിതാക്കള്‍ എന്നിവരെ തനിച്ചാക്കി ഏതാനും ചില ജീവനക്കാരുടെ ജീവന്‍ കൊവിഡ് കവര്‍ന്നു. അവരുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോഴും അവരുടെ കുടുംബത്തിന് പിന്തുണ നല്‍കണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കാരണം മരണപ്പെട്ട പല ജീവനക്കാരും അവരുടെ കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സായിരുന്നു'- ഡോ ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു.

മിഡില്‍ ഈസ്റ്റിലും ഇന്ത്യയിലുമുള്‍പ്പെടെ ഏഴ് രാജ്യങ്ങളിലായി 28,000 കൊവിഡ് 19 രോഗികള്‍ക്ക് ആസ്റ്റര്‍ സേവനം നല്‍കിയിട്ടുണ്ട്. 1,662,726 പേരെ പരിശോധിക്കുകയും ചെയ്തു. 21,000 ജീവനക്കാര്‍ സേവനമനുഷ്ഠിക്കുന്ന 27 ആശുപത്രികള്‍, 115  ക്ലിനിക്കുകള്‍, 225 ഫാര്‍മസികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!