ഒമാനില്‍ തൊഴില്‍ തട്ടിപ്പിനിരയായ ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ. തൊഴില്‍ വിസ നൽകാമെന്ന ഉറപ്പില്‍ ഏജന്‍സിക്ക് പണം നല്‍കിയ ഇവരെ ഒമാനിലെത്തിയപ്പോള്‍ വിസ നല്‍കാതെ പാസ്പോര്‍ട്ട് കൈവശപ്പെടുതതി ചൂഷണം ചെയ്യുകയായിരുന്നു.

മസ്കറ്റ്: തൊഴിൽ തട്ടിപ്പിലകപ്പെട്ട ഹേമന്ദിനും ജൈഫറിനും തുണയായി പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ. തൊഴിൽ വിസ നൽകാമെന്ന ഉറപ്പിൽ ഏജൻസിക്കു പണം നൽകി ഓമനിലെത്തിയ തിരുവനന്തപുരം സ്വദേശി ഹേമന്ദ്, കന്യാകുമാരി സ്വദേശി ജൈഫർ എന്നിവർക്കാണ് നാട്ടിൽ തിരിച്ചെത്തുവാനുള്ള സഹായം ഉറപ്പുവരുത്തിയത്‌.

വിസിറ്റ് വിസയിൽ ഒമാനിലെത്തിയ ഹേമന്ദിനും ജൈഫറിനും ജോലി ചെയ്യാനുള്ള വിസയോ മറ്റും നൽകാതെ പാസ്പോർട്ട് കൈവശപ്പെടുത്തി ചൂഷണം ചെയ്തുവരുന്ന സാഹചര്യത്തിലാണ് സഹായമഭ്യർത്ഥിച്ചുകൊണ്ട് ഒമാനിലെ പ്രവാസി ലീഗൽ സെൽ പ്രതിനിധിയായ ബാലകൃഷ്ണൻ വലിയാട്ടിനെ ഇവർ സമീപിച്ചത്. പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ അദ്ധ്യക്ഷയായ അഡ്വ. ജെസ്സി ജോസ്, ജാസ്സിം, സജീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഉടൻ തന്നെ ഈ വിഷയത്തിൽ ഇടപെടുകയും പാസ്സ്പോർട്ട് തിരികെ മേടിച്ചുകൊണ്ട് സുരക്ഷിതമായി നാട്ടിലെത്താനായുള്ള സഹായസഹകരണങ്ങൾ ഉറപ്പുവരുത്തുകയുമായിരുന്നു.

നിരവധി ചെറുപ്പക്കാരാണ് ഇത്തരത്തിൽ അനധികൃതമായ തൊഴിൽ തട്ടിപ്പിന് ഒമാനിൽ വിധേയരാവുന്നത് എന്നും വേണ്ടത്ര ശ്രദ്ധ സുരക്ഷിത കുടിയേറ്റവുമായി ബന്ധപെട്ടു ഉദ്യോഗാർത്ഥികൾ കാണിക്കുന്നില്ല എന്നും പ്രവാസി ലീഗൽ സെൽ ഒമാൻ ചാപ്റ്റർ കോർഡിനേറ്റർ രാജേഷ് കുമാർ പറഞ്ഞു. കേരളത്തിൽ വർദ്ധിച്ചു വരുന്ന വ്യാജ റിക്രൂട്മെന്റ് ഏജെൻസികളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി പ്രവാസി ലീഗൽ സെൽ മുൻപ് കേരള ഹൈക്കോടതിയെ സമീപിക്കുകയും ഈ വിഷയത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നല്കിയതുമാണ്.

തുടർന്ന്, നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക്ഫോഴ്സും ഉണ്ടാക്കിയിരുന്നു. വർദ്ധിച്ചു വരുന്ന വിദേശ തൊഴിൽ തട്ടിപ്പിന് തടയിടാനായി കൂടുതലായി ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത്‌ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.